ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രണ്ടു തവണ ലോകകപ്പ് ഉയര്‍ത്താന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള താരങ്ങള്‍ കുറവായിരിക്കും. എന്നാല്‍ കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ഗൗതം ഗംഭീറിന്റെ നേട്ടത്തില്‍ ഇതുള്‍പ്പെടും. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യ ജേതാക്കളായപ്പോള്‍ ടീമിനൊപ്പം ഈ ഡല്‍ഹിക്കാരനും ഉണ്ടായിരുന്നു. രണ്ടു ലോക കിരീടങ്ങള്‍ കൂടാതെ ഐസിസിയുടെ ടെസ്റ്റ് പ്ലെയര്‍ പുരസ്‌കാരവും സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു.
ഒരു കാലത്ത് മൂന്നു ഫോര്‍മാറ്റിലും ടീം ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു ഗംഭീർ . വിരേന്ദര്‍ സേവാഗിനൊപ്പം ചേര്‍ന്നുള്ള ഗംഭീറിന്റെ വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ആരാധകര്‍ ഒരു കാലത്തും മറക്കില്ല. ഇന്ത്യന്‍ ടീമിലെ എംഎസ് ധോണി സുവര്‍ണ കാലഘട്ടത്തില്‍ ആക്രമണോത്സുക ബാറ്റിങിനുടമയായ ഗംഭീറിന്റെ സേവനം വിലമതിച്ചതായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും 40നു മുകളില്‍ ബാറ്റിങ് ശരാശരി ഉണ്ടായിരുന്ന താരം ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലുമെല്ലാം സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്നു. ടീമിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ മികവ് പുറത്തെടുത്ത് വിജയം സമ്മാനിക്കുന്ന ചുരുക്കം താരങ്ങളിലൊരായിരുന്നു ഗംഭീറും.
2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരേ ഗംഭീറായിരുന്നു ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പിന്റെ ഫൈനലിലും ഗംഭീര്‍ കസറി. ശ്രീലങ്കയ്ക്കെതിരായ ഫൈനലില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രണ്ടു വിക്കറ്റ് നഷ്ടമായിരുന്നു. എന്നാല്‍ 97 റണ്‍സ് നേടി ഗംഭീര്‍ ടീമിനെ കരകയറ്റുകയായിരുന്നു. പക്ഷെ പെരുമാറ്റ ദൂഷ്യം താരത്തിനേടുള്ള മതിപ്പ് കുറയുന്നതി കാരണമായി.
ക്രിക്കറ്റ് പ്രേമികള്‍ക്ക് ഗംഭീര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത്, വിരേന്ദര്‍ സേവാഗിനൊപ്പം ചേര്‍ന്നുള്ള വെടിക്കെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടുകളായിരുന്നു. ഒരു കാലത്ത് വലിയ ശതമാനം പേരെ ക്രിക്കറ്റ് ആരാധകര്‍ ആക്കുന്നതില്‍ ഇരുവരുടെയും പ്രകടനം കൊണ്ട് കഴിഞ്ഞു. ഒരേ ശൈലിയില്‍ കളിക്കുന്ന ഇരുവരും ബൗളര്‍മരെ ആക്രമിച്ച് സമ്മര്‍ദത്തിലാക്കുമായിരുന്നു.
2009ലെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ പ്രകടനമാണ് ഗംഭീറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നത്. കിവീസിനെതിരേ രണ്ടാം ടെസ്റ്റില്‍ ഫോളോ ഓണിനെ തുടര്‍ന്നു ബാറ്റിങിനിറങ്ങിയ ഇന്ത്യയെ തോല്‍വിയില്‍ നിന്നും കരകയറ്റിയത് ഗംഭീറായിരുന്നു. 632 മിനിറ്റ് ക്രീസില്‍ നിന്ന അദ്ദേഹം 137 റണ്‍സാണ് അടിച്ചെടുത്തത്. വിവിഎസ് ലക്ഷ്മണും സെഞ്ച്വറിയുമായി ഗംഭീറിന് പിന്തുണയേകി.അടുത്ത ടെസ്റ്റില്‍ രണ്ടാമിന്നിങ്സില്‍ 167 റണ്‍സെടുത്ത ഗംഭീറിന്റെ മികവില്‍ ഇന്ത്യ അവിസ്മരണീയ ജയവും സ്വന്തമാക്കി. ന്യൂസിലാന്‍ഡില്‍ ഇന്ത്യയുടെ കന്നി ടെസ്റ്റ് പരമ്പര നേട്ടം കൂടിയായിരുന്നുഇത്.
58 ടെസ്റ്റിലും 147 ഏകദിനത്തിലും 37 ടി-20യിലും ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയ ഗംഭീര്‍ 10324 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 4154 റണ്‍സും ഏകദിനത്തില്‍ 5238 റണ്‍സും ടി-20 യില്‍ 932 റണ്‍സും നേടിയിട്ടുണ്ട്. 2003 ല്‍ ബംഗ്ലാദേശിനെതിരെയാണ് ഗംഭീറിന്റെ അരങ്ങേറ്റം. 2016 ല്‍ രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലാണ് ഗംഭീര്‍ അവസാനമായി ഇന്ത്യന്‍ ജഴ്സിയണിഞ്ഞത്. 2012 ലും 2014 ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത നായകന്‍ കൂടിയാണ് ഗംഭീര്‍.
Leave a Comment