സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ കെ എല്‍ രാഹുലിനും ഹര്‍ദ്ദിക് പാണ്ഡ്യക്കും ബിസിസിഐ ഓംബുഡ്‌സ്മാന്‍ പിഴ ശിക്ഷ വിധിച്ചു. 20 ലക്ഷം രൂപയാണ് പിഴ. ടെലിവിഷന്‍ ചാറ്റ് ഷോ ആയ കോഫി വിത്ത് കരണിലെ പരാമര്‍ശങ്ങളാണ് ഇരുവര്‍ക്കും വിനയായത്. ജോലിക്കിടെ മരിച്ച 10 അര്‍ധസൈനിക കോണ്‍സ്റ്റബിള്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ഓരോ ലക്ഷം രൂപ വീതവും കാഴ്ച പരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനായി ബിസിസിഐ രൂപീകരിച്ച ഫണ്ടിലേക്ക് 10 ലക്ഷം രൂപ വീതവും നല്‍കാനാണ് നിര്‍ദ്ദേശം. നാലാഴ്ചക്കകം പിഴ അടച്ചില്ലെങ്കില്‍ മാച്ച് ഫീയില്‍ നിന്ന് തുക ഈടാക്കാനും നിര്‍ദേശമുണ്ട്. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവരും മാപ്പു പറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ അച്ചടക്ക നടപടികളിലേക്ക് കടക്കേണ്ടെന്നും ഓംബുഡ്‌സ്മാന്‍ വ്യക്തമാക്കി.
അനേകം സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദിക് കോഫി വിത്ത് കരണില്‍ പറഞ്ഞത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഹാര്‍ദിക് പറഞ്ഞു.
പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി. തന്റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് കെ എല്‍ രാഹുല്‍ പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്.
Leave a Comment