ഇംഗ്ലണ്ടിനെതിരായ പരമ്പര തോല്‍വിയില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. സമീപ കാലത്ത് ഇന്ത്യക്ക് ലഭിച്ച മികച്ച ടീമാണ് ഇംഗ്ലണ്ടില്‍ തോല്‍വി ഏറ്റുവാങ്ങിയത്. ‘കഴിഞ്ഞ മൂന്നു വര്‍ഷത്തെ ടീമിന്റെ പ്രകടനമെടുത്തു നോക്കൂ ഒന്‍പതു വിജയങ്ങളാണ് നേടിയത്. മൂന്നു പരമ്പരകളും നേടി. ഇത്ര ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇതുപോലെ വിജയങ്ങള്‍ നേടിയ മറ്റൊരു ഇന്ത്യന്‍ ടീമിനെ താന്‍ ഇരുപതു വര്‍ഷത്തിനിടെ കണ്ടിട്ടില്ല – രവി ശാസ്ത്രി പറയുന്നു. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിന് ഏല്‍ക്കേണ്ടി വന്ന പരാജയത്തെ തുടര്‍ന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി അടക്കമുള്ള താരങ്ങള്‍ ടീമിന്റെ തോല്‍വിയില്‍ രവി ശാസ്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ശാസ്ത്രിയുടെ പ്രതികരണം. അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രവി ശാസ്ത്രി ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചത്.
സച്ചിന്‍, ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെ തുടങ്ങിയ ഇതിഹാസതുല്യരായ താരങ്ങള്‍ മുന്‍ ടീമുകളില്‍ ഉണ്ടായിരുന്നുവെന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ക്കു പോലും വിദേശത്ത് അധികം പരമ്പരകളൊന്നും ജയിക്കാനായിട്ടില്ലെന്നും ശാസ്ത്രി പറയുന്നു. വിദേശത്ത് ടെസ്റ്റ് മത്സരം ജയിക്കാന്‍ ടീം അംഗങ്ങള്‍ മാനസികമായി കുറച്ചുകൂടി കരുത്താര്‍ജ്ജിക്കണമെന്നും വിദേശത്ത് പരാജയപ്പെട്ട മത്സരങ്ങളെല്ലാം തന്നെ അവസാനം വരെ പൊരുതിയതിനു ശേഷം കീഴടങ്ങിയവയാണെന്നും ശാസ്ത്രി ന്യായീകരിച്ചു.
ടീം ഇന്ത്യ തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കൂടാതെ ഈ പരമ്പര വേണമെങ്കില്‍ ഇന്ത്യയ്ക്ക് 3-1 വിജയിക്കാവുന്നതായിരുന്നെന്നും അല്ലെങ്കില്‍ 2-2 എങ്കിലും ആക്കാമായിരുന്നെന്നും ടീമിന് അക്കാര്യം അറിയമായിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു.
This post was last modified on September 6, 2018 9:03 pm
Leave a Comment