X
    Categories: കായികം

‘മഹാഭാരതത്തിനായല്ല ധോണി ഇംഗ്ലണ്ടിലേക്ക് പോയത്’; ഇന്ത്യന്‍ മാധ്യമങ്ങളെ സിറിയയിലേക്ക് അയക്കണമെന്ന് പാക് മന്ത്രി

സൗത്ത് ആഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 40ാം ഓവറില്‍ ഫെലുക്വാവോയെ സ്റ്റംപ് ചെയ്ത ദൃശ്യങ്ങള്‍ റിപ്ലേകളില്‍ കാണിച്ചപ്പോഴാണ് ധോണിയുടെ ഗ്ലൗസിലെ ചിഹ്നം ആരാധകര്‍ ശ്രദ്ധിക്കുന്നത്.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ എംഎസ് ധോണി ഇന്ത്യന്‍ കരസേനയുടെ ബലിദാന്‍ ചിഹ്നം ആലേഖനം ചെയ്ത് ഗ്ലൗസ് ധരിച്ചിറങ്ങിയത് വിവാദമായിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലടക്കം ധോണിയുടെ ദേശ സ്‌നേഹം ചൂണ്ടി കാണിച്ച് നിരവധി പേര്‍ താരത്തിന് കൈയ്യടിച്ചിരുന്നു. ഇതിന് ശേഷം സംഭവത്തില്‍ ഐസിസി ഇടപെടലും ഉണ്ടായി. ധോണിയുടെ ഗ്ലൗസില്‍ നിന്ന് ബലിദാന്‍ ചിഹ്നം നീക്കം ചെയ്യണമെന്നാണ് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടത്. ക്രിക്കറ്റ് മത്സരങ്ങളുടെ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ധോണിയുടെ പ്രവൃത്തിയെന്നാണ് ഐസിസി പറഞ്ഞത്.

എന്നാല്‍ വിഷയത്തില്‍ ധോണിയെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ മന്ത്രി രംഗത്ത് വന്നിരിക്കുകയാണ്. ലോകകപ്പ് കളിക്കാനാണ് ധോണി ഇംഗ്ലണ്ടിലേക്ക് പോയത്, അല്ലാതെ മഹാഭാരതത്തിന് വേണ്ടിയല്ലെന്നാണ് പാകിസ്ഥാന്‍ ശാസ്ത്ര സാങ്കേതിക കാര്യ മന്ത്രി ഫവാദ് ചൗധരി പ്രതികരിച്ചത്. ധോണിയുടെ പ്രവൃത്തിയെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെയും ഫവാദ് ചൗധരി വിമര്‍ശിക്കുന്നു. യുദ്ധത്തോടാണ് ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് താത്പര്യം. അവരെ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലോക്കോ അയക്കണം എന്നും ഫവാദ് പറഞ്ഞു.

ലോകകപ്പില്‍ പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ ചിഹ്നമുള്ള ഗ്ലൗസ് ധരിച്ച് ധോണി ഇറങ്ങിയ സംഭവത്തില്‍ ധോണിയുടെ ഗ്ലൗസിലെ ചിഹ്നങ്ങള്‍ മതവും, കച്ചവടം ലക്ഷ്യം വെച്ചുള്ള പരസ്യവുമായും ബന്ധമില്ലെന്നാണ് ബിസിസിഐയുടെ വിശദീകരണം. ധോണിയുടെ ഗ്ലൗസിലെ ചിഹ്നങ്ങള്‍ മാറ്റണം എന്ന ഐസിസിയുടെ നിര്‍ദേശം പിന്‍വലിക്കണം എന്നും, തുടര്‍ന്നും ഈ ചിഹ്നം ഉള്‍പ്പെടുന്ന ഗ്ലൗസ് ധരിക്കാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് ബിസിസിഐ ഐസിസിക്ക് കത്ത് നല്‍കിയതായി രാജീവ് ശുക്ല വ്യക്തമാക്കി.

സൗത്ത് ആഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 40ാം ഓവറില്‍ ഫെലുക്വാവോയെ സ്റ്റംപ് ചെയ്ത ദൃശ്യങ്ങള്‍ റിപ്ലേകളില്‍ കാണിച്ചപ്പോഴാണ് ധോണിയുടെ ഗ്ലൗസിലെ ചിഹ്നം ആരാധകര്‍ ശ്രദ്ധിക്കുന്നത്. മത്സരത്തില്‍ ധോണിയുടെ ഗ്ലൗസിന്റെ ചിത്രം സമൂഹമാധ്യമങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകര്‍ അത് ഏറ്റെടുക്കുകയായിരുന്നു. ധോണിയുടെ രാഷ്ട്രത്തോടും സൈന്യത്തോടുമുള്ള സ്‌നേഹമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ 2011ല്‍ ധോണിയെ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചിരുന്നു. അദ്ദേഹം ഒരു ചെറിയ കാലയളവില്‍ പാരാ റെജിമെന്റില്‍ പരിശീലനവും നേടിയിരുന്നു.

Related Post
Leave a Comment