X

20 വര്‍ഷത്തിനിടെ ഇതാദ്യം; ഇന്നലെ ഓവലില്‍ സംഭവിച്ചത്

ഇന്ത്യന്‍ സ്‌കോറിനെ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയെ 36 റണ്‍സിനാണ് കോഹ്‌ലിപ്പട പരാജയപ്പെടുത്തിയത്.

ലോകകപ്പില്‍ രണ്ടാം മത്സരത്തില്‍ ഇന്നലെ ഇന്ത്യ ഓസിസുമായി ഏറ്റുമുട്ടാനിറങ്ങിയപ്പോള്‍ വിജയത്തിന്റെ കണക്കുകളില്‍ ഓസ്‌ട്രേലിയ ആയിരുന്നു മുന്നില്‍. ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യയുമായി ഏറ്റുമുട്ടിയ 11 മത്സരങ്ങളിലും എട്ടു തവണയും കങ്കാരുക്കള്‍ക്കായിരുന്നു വിജയം. എന്നാല്‍ ഇന്നലെ ഓസീസിനെതിരെ തകര്‍പ്പന്‍ വിജയം നേടിയ ഇന്ത്യയുടെ നീലപ്പട ഓസീസിന്റെ അഭിമാന നേട്ടങ്ങളെ തകര്‍ത്തെറിയുകയായിരുന്നു.

1999ലെ ഇംഗ്ലണ്ട് ലോകകപ്പിനുശേഷം ഇതാദ്യമായാണ് റണ്‍സ് പിന്തുടരുമ്പോള്‍ ഓസ്‌ട്രേലിയ തോല്‍ക്കുന്നത്. ഇന്ത്യന്‍ സ്‌കോറിനെ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയെ 36 റണ്‍സിനാണ് കോഹ്‌ലിപ്പട പരാജയപ്പെടുത്തിയത്. 20 വര്‍ഷത്തിനിടെ കളിച്ച നാലു ലോകകപ്പുകളിലും റണ്‍സ് പിന്തുടരുമ്പോള്‍ ഓസീസ് ജയിച്ച ചരിത്രമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. ഇക്കാലയളവില്‍ റണ്‍സ് ചേസ് ചെയ്യുമ്പോള്‍ 19 വിജയങ്ങള്‍ നേടിയ ഓസീസിന്റെ റെക്കോര്‍ഡാണ് ഇന്ത്യക്കെതിരായ തോല്‍വിയോടെ തകര്‍ന്നത്.

1999 ലോകകപ്പില്‍ ലീഡ്‌സില്‍ പാക്കിസ്ഥാനെതിരെ ആയിരുന്നു ഇതിന് മുമ്പ് റണ്‍സ് ചേസ് ചെയ്ത് ഓസീസ് തോല്‍വി വഴങ്ങിയത്.

ലോകകപ്പില്‍ ഏറ്റവും കൂടതല്‍ റണ്‍സ് പിറന്ന അഞ്ചാമത്തെ മത്സരമെന്ന റെക്കോര്‍ഡും ഇന്നത്തെ മത്സരം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 352 റണ്‍സടിച്ചപ്പോള്‍ ഓസീസ് 316 റണ്‍സടിച്ചു.

ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ നാലാം ജയമാണിത്. 1983, 1987, 2011ലോകകപ്പുകളിലാണ് ഇന്ത്യ ഇതിന് മുമ്പ് ഓസ്‌ട്രേലിയയെ കീഴടക്കിയിട്ടുള്ളത്.

ഇന്നിംഗ്‌സ് തുടക്കം മുതല്‍ ബുംറയും ഭുവനേശ്വരും അടങ്ങുന്ന ഇന്ത്യന്‍ പേസ് നിരയെ ഓസീസ് ശ്രദ്ധപൂര്‍വ്വം കളിച്ച് തുടങ്ങിയെങ്കിലും 61 റണ്‍സില്‍ നില്‍ക്കെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്(36) നെ നഷ്ടപ്പെട്ടു. റണ്ണൗട്ടിലൂടെയായിരുന്നു താരം പുറത്തായത്. പിന്നീട് ഇന്നിംഗ്‌സ് സ്‌കോര്‍ 133 ല്‍ നില്‍ക്കെ സൂപ്പര്‍ ബാറ്റസ്മാന്‍ വാര്‍ണറെ ചാഹല്‍ പുറത്താക്കി. ശേഷം 202 ന് മൂന്ന്, 238 ന് നാല് എന്നിങ്ങനെ ലക്ഷ്യം പിന്‍തുടര്‍ന്ന ഓസീസിന് പൊടുന്നനെ വിക്കറ്റുകള്‍ നഷ്ടമായി. ഭുവനേശ്വര്‍ കുമാര്‍, ബുംറ, ചാഹല്‍ എന്നിവരാണ് ഓസീസിനെ എറിഞ്ഞ് വീഴ്ത്തിയത്. ഓസീസ് നിരയില്‍ 70 പന്തുകളില്‍ നിന്ന് 69 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് മികച്ച സ്‌കോറര്‍. ഓസീസിനായി ഡേവിഡ് വാര്‍ണര്‍ (56), ഉസ്മാന്‍ ഖവാജ (42), മാക്‌സ്‌വെല്‍ (28), അലക്‌സ് കറെ(55), എന്നിവര്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടും ബുംറ മൂന്നും വിക്കറ്റുകള്‍ നേടി.

നേരത്തെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ(127) കരുത്തില്‍ മികച്ച സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. 95 പന്തില്‍ 13 ബൗണ്ടറി സഹിതം ധവാന്‍ എട്ടാം ഏകദിന സെഞ്ചുറി കുറിച്ചപ്പോള്‍ 57 റണ്‍സ്സെടുത്ത് രോഹിതും തിളങ്ങി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും സ്ഥാപിച്ചാണ് ധവാന്‍ പുറത്തായത്.

70 പന്തില്‍ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 57 റണ്‍സെടുത്ത രോഹിത്തിനെ നേഥന്‍ കൂള്‍ട്ടര്‍നൈലാണ് പുറത്താക്കിയത്. 27 പന്തുകളില്‍ 48 റണ്‍സെടുത്ത് ഹാര്‍ദ്ദീഖ് പാണ്ഡ്യയും 14 പന്തുകളില്‍ നിന്ന് 27 റണ്‍സെടുത്ത് ധോണിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. ക്യപ്റ്റന്‍ വിരാട് കോഹ്ലി 77 പന്തുകളില്‍ നിന്ന് 82 റണ്‍സെടുത്ത് മിന്നും പ്രകടനം കാഴ്ചവെച്ചു.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസിസിന് വേണ്ടി സ്റ്റോനിസ് രണ്ട് വിക്കറ്റും കോള്‍ട്ടര്‍ നൈല്‍, സ്റ്റാര്‍ക്ക്, കുമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് ഇന്ത്യ നേടിയത്. സ്‌കോര്‍ ഇന്ത്യ 50 ഓവറില്‍ 352 ന് അഞ്ച്, ഓസ്‌ട്രേലിയ 50 ഓവറില്‍ 316 ന് പുറത്ത്

Read More: അവസാന പന്തില്‍ ഓസിസിന്റെ തോല്‍വി പൂര്‍ണം; മുന്‍ ചാമ്പ്യന്‍മാരെ വിറപ്പിച്ച് കോഹ്‌ലിപ്പടയ്ക്ക് 36 റണ്‍സിന്റെ വിജയം

This post was last modified on June 10, 2019 8:32 am

Related Post
Leave a Comment