X

നിപ: യുവാവുമായി അടുത്തിഴപഴകിയ 52 പേർക്കും രോഗലക്ഷണങ്ങളില്ല, ഉറവിടം കണ്ടെത്താൻ പരിശോധന തുടരുന്നു

നിപയില്‍ ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും.

എറണാകുളത്ത് വിദ്യാർത്ഥിക്ക് നിപ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗലക്ഷണങ്ങള്‍ സംശയിച്ച് ഐസൊലോഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന പതിനൊന്ന് പേരില്‍ ആര്‍ക്കും നിപയിലെന്നും സ്ഥിരീകരിച്ചു. ഇവരില്‍ നാല് പേരെ ഡിസ്ചാര്‍ജ് ചെയ്തു. നിപ ബാധിച്ച വിദ്യാ‍‍ർത്ഥിയുമായി അടുത്തിടപഴകിയ 52 പേർക്കും രോഗലക്ഷണങ്ങളില്ലെന്നും സ്ഥിരീകരണമുണ്ട്. വരും ദിവസങ്ങളിലും ഇവര്‍ നിരീക്ഷണത്തില്‍ തുടരും. രോഗം സ്ഥിരീകരിച്ച യുവാവടക്കം ഏഴുപേരാണ് നിലവിൽ ഐസൊലേഷൻ വാര്‍ഡിലുള്ളത്.

യുവാവുമായി ബന്ധപ്പെട്ട 329 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇന്നലെ രാവിലെ കളമശേരിയിലെ ഐസൊലേഷൻ വാർഡിൽ നിപ ലക്ഷണങ്ങളോടെ പ്രവേശിക്കപ്പെട്ട ആൾക്കും രോഗബാധ ഇല്ലെന്ന് വ്യക്തമായി. കളമശേരിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളെ ഡിസ്ചാർജ് ചെയ്തു.

നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെആരോഗ്യനില മെച്ചപ്പെട്ടു. എന്നാൽ തുടര്‍പരിശോധനയ്ക്കയച്ച മൂന്ന് സാംപിളുകളില്‍ ഒന്നില്‍ രോഗബാധ നിലനില്‍ക്കുന്നതായി കണ്ടെത്തി. ഇതോടെ രോഗബാധയില്‍ നിന്നും പുർണമായി മുക്തനായിട്ടില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.

അതിനിടെ വൈറസ് ഭീതി ഒഴിഞ്ഞെങ്കിലും കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും തുടരുന്നു. നിപയ്ക്കെതിരെ അതീവജാഗ്രതയില്‍ തന്നെയാണ് ആരോഗ്യവകുപ്പ്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളാണ് പുനെ എന്‍ഐവിയില്‍ നിന്നുള്ള സംഘങ്ങളുടെ നേതൃത്വത്തില്‍ തൊടുപുഴയിലും പറവൂരിലും നടക്കുന്നത്. വവ്വാലുകളില്‍ നിന്നും പന്നികളില്‍ നിന്നുമാണ് പരിശോധന യ്ക്കായ് സാംപിളുകള്‍ ശേഖരിക്കുന്നത്.

അതേസമയം, നിപയില്‍ ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും. വവ്വാലുകളില്‍ നിന്നുള്ള വൈറസ് വ്യാപനം പഠിക്കാന്‍ കൂടുതല്‍ ഗവേഷണം വേണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഠന ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും നിപ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു

ബിജെപിയുടെ ‘ജയ് ശ്രീരാ’മിനെ നേരിടാന്‍ മമതയുടെ ‘ജയ് ഹിന്ദ് ബാഹിനി’; സംഘര്‍ഷ ഭൂമിയായി ബംഗാള്‍

 

This post was last modified on June 10, 2019 8:13 am