പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസീസ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഈ ലോകകപ്പില്‍ തിരിച്ചെത്തിയ ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനും ഇംഗ്ലണ്ടില്‍ ആരാധകരില്‍ നിന്ന് മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. വാര്‍ണറെയും സ്മിത്തിനെയും കൂവിയാണ് ഇംഗ്ലീഷ് കാണികള്‍ വരവേറ്റത്. ഓവലില്‍ ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിലും കാണികളില്‍ നിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നു.
ഓസ്ട്രേലിയന്‍ മുന്‍ നായകനായ സ്റ്റീവ് സ്മിത്ത് ബൗണ്ടറിക്കരികില്‍ എത്തിയപ്പോള്‍ കൂവിയാണ് ആരാധകരില്‍ ഒരു വിഭാഗം വരവേറ്റത്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി കാണികളെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. കാണികള്‍ക്ക് നേരെ തിരിഞ്ഞ് നിശബ്ദമാകാന്‍ പറഞ്ഞ കിംഗ് കോലി താരങ്ങളെ കയ്യടിച്ച് പ്രേത്സാഹിപ്പിക്കാനും ആവശ്യപ്പെട്ടു.
ഇന്ത്യന്‍ നായകന്റെ പ്രവൃത്തി ക്രിക്കറ്റിന് മാന്യത നല്‍കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. കോഹ് ലിയുടെ പ്രവൃത്തിയെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. കായികലേഖകനായ സാം ലാന്‍സ്ബെര്‍ഗറാണ് കോലിയുടെ മാന്യമായ പെരുമാറ്റം പുറംലോകത്തെ അറിയിച്ചത്.
Leave a Comment