X
    Categories: കായികം

ന്യൂസിലാന്‍ഡ് – ഇന്ത്യ മത്സരം നടന്നത് എവിടെയാണ് ? ആരാധകരെ കണ്ട് ഞെട്ടി ന്യൂസിലാന്‍ഡ് താരം

കളി കാണാനെത്തിയ ഇന്ത്യന്‍ ആരാധകരുടെ ആവേശത്തെയും മുന്‍ ന്യൂസിലാന്‍ഡ് താരം പ്രകീര്‍ത്തിച്ചു.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ടി20 മത്സരത്തിലെ ഇന്ത്യന്‍ ആരാധകരെ കുറിച്ചാണ് ന്യൂസിലാന്‍ഡ് ക്യാമ്പില്‍ ചര്‍ച്ച നടക്കുന്നത്. ക്രിക്കറ്റ് മത്സരം ഇന്ത്യയില്‍ നടക്കുന്ന പോലെയാണ് ഗാലറിയിലേക്ക് നോക്കിയ ന്യൂസിലാന്‍ഡ് താരങ്ങള്‍ക്ക് തോന്നിയത്. അത്രയധികം ഇന്ത്യന്‍ ആരാധകരാണ് അവിടെ എത്തിയത്. തനിക്ക് തോന്നിയ ഇക്കാര്യം മുന്‍ ന്യൂസിലാന്‍ഡ് താരം നാഥന്‍ മക്കല്ലം തുറന്നു പറയുകയും ചെയ്തു. ന്യൂസിലാന്റിലെ ഏദന്‍ പാര്‍ക്കില്‍ നടന്ന മത്സരം കാണാന്‍ എത്തിയ ഇന്ത്യന്‍ കാണികളെ കണ്ടാണ് മക്കല്ലം മത്സരം ഇന്ത്യയില്‍ നടക്കുന്നത് പോലെ തോന്നിയതെന്ന് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞത്. ഇന്ത്യയെ പിന്തുണക്കാനായി ആയിരക്കണക്കില്‍ ഇന്ത്യന്‍ ആരാധകരാണ് ഏദന്‍ പാര്‍ക്കില്‍ എത്തിയത്.

കളി കാണാനെത്തിയ ഇന്ത്യന്‍ ആരാധകരുടെ ആവേശത്തെയും മുന്‍ ന്യൂസിലാന്‍ഡ് താരം പ്രകീര്‍ത്തിച്ചു. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസാണും ഏദന്‍ പാര്‍ക്കില്‍ എത്തിയ ആരാധകരെ പ്രകീര്‍ത്തിച്ചിരുന്നു. ഗാലറിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ബാനറുകളും പോസ്റ്ററുകളും ഇന്ത്യയെ പിന്തുണച്ച് കൊണ്ടുള്ളതായിരുന്നു. കളി കാണാനെത്തിയ ഇന്ത്യന്‍ ആരാധകരെ ഇന്ത്യന്‍ ടീം നിരാശപെടുത്തുകയും ചെയ്തില്ല. മത്സരത്തില്‍ രോഹിത് ശര്‍മയുടെയും റിഷഭ് പന്തിന്റെയും മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 7 വിക്കറ്റിന് മത്സരം ജയിച്ചിരുന്നു. ആദ്യ ടി20 മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ ഇതോടെ പരമ്ബര സമനിലയിലാക്കി. ഈ സീരിസിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഞായറാഴ്ച നടക്കും