വിംബിള്‍ഡണ്‍ മല്‍സരത്തിലേക്ക് യോഗ്യത കിട്ടിയതിന് ശേഷം കോറി ഗഫിന് കോച്ചിന്റെ ഒരു മെസേജ് ലഭിച്ചു. വിനസ് വില്യംസ് എന്നു മാത്രമായിരുന്നു അതില്‍. സന്നാഹ മല്‍സരങ്ങളില്‍ അവര്‍ തന്നെ പങ്കാളിയാക്കിയോ എന്നായിരുന്നു ഗഫിന്റെ മറുചോദ്യം. അല്ല, ആദ്യ എതിരാളിയാണവര്‍ എന്നറിഞ്ഞതോടെ ചരിത്രത്തിലേക്കാണ് താന്‍ സര്‍വ് ചെയ്യുകയെന്ന് ആ 15 കാരി തിരിച്ചറിഞ്ഞു. ചരിത്രത്തിലേക്ക് തന്നെയായിരുന്നു കഴിഞ്ഞ ദിവസം അവര്‍ സര്‍വ് ചെയ്തത്. തന്റെ ആരാധ്യ താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ചരിത്രത്തില്‍ അവര്‍ അടയാളപ്പെടുത്തി. സ്‌കോര്‍ 6-4, 6-4.
വിംബിള്‍ഡണില്‍ പുതിയ സംവിധാനം നിലവില്‍വന്നതിന് ശേഷം കളിക്കാന്‍ യോഗ്യത കിട്ടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയാണ് കൊക്കോ എന്നു വിളിപ്പേരുള്ള കോറി ഗഫ്.
‘അതി മനോഹരമായാണ് അവര്‍ കളിച്ചത്. എനിക്ക് നല്ല കളി കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ മല്‍സരങ്ങള്‍ വിരുദ്ധ ധ്രുവങ്ങളിലായിരുന്നു’ മല്‍സരത്തിന് ശേഷം വീനസ് വില്യംസ് പറഞ്ഞു. കോറി ഗഫ് ജനിക്കുന്നതിന് മുമ്പ് തന്നെ നാല് ഗ്രാന്റ് സ്ലാം നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് വീനസ് വില്യംസ്.
‘എനിക്ക് എന്തു പറയണമെന്നറിയില്ല. നേരത്തെ മല്‍സരങ്ങളില്‍ തോല്‍ക്കുമ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ എന്റെ മാനസികവാസ്ഥ എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല. മുന്നോട്ടുപോകുകയെന്നാണ് വില്യംസ് മല്‍സര ശേഷം പറഞ്ഞത്. ഇനി എന്റെ ലക്ഷ്യം വിബിംള്‍ഡണ്‍ കീരീടമാണ്’ മത്സരശേഷം കോറി ഗഫ് പറഞ്ഞു. എന്നോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കരുത്, ഞാന്‍ പോകട്ടെ, കരഞ്ഞു പോകുമെന്ന് തോന്നുന്നു’
വില്യംസ് സഹോദരിമാരുടെ പ്രകടനവും നേട്ടവുമാണ് തന്നെ ടെന്നിസിലെത്തിച്ചതെന്ന് പറയുന്ന ഗഫ് ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ കഴിഞ്ഞ വര്‍ഷം കരസ്ഥമാക്കിയിരുന്നു. അതിന് മുമ്പ് 13 -ാം വയസ്സില്‍ യുഎസ് ജൂനിയര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയുമായിരുന്നു ഇവര്‍. 14 -ാം വയസ്സില്‍ ഗഫ് ഫ്രെഞ്ച് ഓപണ്‍ നേടി.
റോജര്‍ ഫെഡററുടെ മാനേജ്‌മെന്റ് കമ്പനി ടീം 8 മായി ഇതിനകം തന്നെ ഇവര്‍ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. നല്ലത് പോലെ പരിശ്രമിക്കുന്ന കളിക്കാരിയാണവര്‍ എന്നായിരുന്നു റോജര്‍ ഫെഡറര്‍ ഗുവാഫിനെക്കുറിച്ച് പറഞ്ഞത്.
ചെറിയ പ്രായത്തില്‍തന്നെ വില്യംസ് സഹോദരിമാരുമായി താരതമ്യം ചെയ്യപ്പെട്ടിരുന്ന കളിക്കാരിയായിരുന്നു ഗഫ്. 1997 ല്‍ മല്‍സരിക്കാന്‍ തുടങ്ങിയതിന് ശേഷം ഇത് രണ്ടാം തവണയാണ് വീനസ് വില്യംസ് ആദ്യ റൗണ്ടില്‍തന്നെ പുറത്താകുന്നത്.
തന്നെക്കാള്‍ 15 വയസ്സ് കൂടുതലുള്ള സ്ലോവാക്യയുടെ മഗ്ദലീന റയ്ബാറിക്കോവയാണ് രണ്ടാം റൗഡില്‍ ഗഫിന്റെ എതിരാളി.
അമേരിക്കയിലെ അറ്റ്ലാന്‍റ സ്വദേശിയായ ഗഫ് ഏഴാം വയസ്സില്‍ ടെന്നീസില്‍ മികച്ച പരിശീലനം നേടിയെടുക്കുന്നതിന് വേണ്ടി ഫ്ലോറിഡയിലേക്ക് താമസം മാറ്റുകയായിരുന്നു. വില്യംസ് സഹോദരിമാര്‍ ടെന്നീസ് പരിശീലനം നേടിയ ഫ്ലോറിഡ അക്കാദമിയില്‍ നിന്നാണ് ഗഫും പരിശീലനം നേടിയത്.
ജോര്‍ജ്ജിയ സ്റ്റേറ്റ് സര്‍വകലാശാല ബാസ്ക്കറ്റ് ബോള്‍ കളിക്കാരനായ പിതാവ് കോറിയാണ് ഗഫിന്റെ കോച്ച്. അമ്മ കാന്‍ഡി ജിംനാസ്റ്റിക്ക് താരവും ഫ്ലോറിഡ സര്‍വ്വകലാശാലയിലെ അത്ലറ്റിക്സ് താരവുമാണ്.
This post was last modified on July 2, 2019 1:24 pm
Leave a Comment