X

നാലാം ഐപിഎല്‍ കിരീട നേട്ടം ആഘോഷമാക്കി മുംബൈ ഇന്ത്യന്‍സ്; ആരാധകര്‍ക്കൊപ്പം നഗരം ചുറ്റി താരങ്ങള്‍

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പോരാട്ടവീര്യം തകര്‍ത്ത് അവസാന പന്തിലായിരുന്നു മുംബൈ വിജയം പിടിച്ചെടുത്തത്.

പന്ത്രണ്ടാം സീസണ്‍ ഐപിഎല്‍ കിരീടത്തോടെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നാലാം ഐപിഎല്‍ കിരീടമാണ് സ്വന്തമാക്കിയത്. മത്സരശേഷം ടീം അംഗങ്ങള്‍ മുംബൈ നഗരത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്.

ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ചാമ്പ്യന്മാരായത്. അപ്രതീക്ഷിത ജയത്തിന് ശേഷം തിങ്കളാഴ്ച രാത്രിയോടെയാണ് ടീം തുറന്ന ബസില്‍ ആഹ്ലാദ പ്രകടനങ്ങളോടെ ആരാധകര്‍ക്ക് ഒപ്പം നഗരം ചുറ്റിയിയത്. ഫ്രാഞ്ചൈസി ഉടമ മുകേഷ് അംബാനിയുടെ വീടായ ആന്റിലയില്‍ ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും സ്വീകരണമൊരുക്കിയിരുന്നു. ഇതിനുശേഷമാണ് തുറന്ന ബസ്സില്‍ കളിക്കാര്‍ ആഘോഷപൂര്‍വം നീങ്ങിയത്. നഗരത്തിലെ വിവിധ വഴികളിലൂടെ നീങ്ങിയ ബസ് നരിമാന്‍ പോയന്റിലെ ടീം അംഗങ്ങളുടെ ഹോട്ടലിന് മുന്നില്‍ സ്വീകരണപരിപാടികള്‍ അവസാനിപ്പിച്ചു. ടീം അംഗങ്ങളുടെയും ആരാധകരുടെയും ആഹ്ലാദ പ്രകടനങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി വൈറലാകുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പോരാട്ടവീര്യം തകര്‍ത്ത് അവസാന പന്തിലായിരുന്നു മുംബൈ വിജയം പിടിച്ചെടുത്തത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍ വേണമെന്നിരിക്കെ ശാര്‍ദുല്‍ താക്കൂറിനെ പുറത്താക്കി ലസിത് മലിംഗ മുംബൈയെ ചാമ്പ്യന്മാരാക്കി. മുംബൈ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ ചെന്നൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

This post was last modified on May 14, 2019 1:07 pm