X
    Categories: കായികം

ഐപിഎലില്‍ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗ്; ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്തയുടെ ബൗളര്‍മാരെ ധവാന്‍ തലങ്ങും വിലങ്ങും പായിച്ചു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് തകര്‍പ്പന്‍ ജയം. ശിഖര്‍ ധവാനും റിഷഭ് പന്തും
തിളങ്ങിയ മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഡല്‍ഹി ജയം. 179 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ ഡല്‍ഹി സ്വന്തമാക്കി. പന്ത് 46 റണ്‍സെടുത്തപ്പോള്‍ ധവാന്‍(63 പന്തില്‍ 97) പുറത്താകാതെ നിന്നു.

ഡല്‍ഹിക്ക് പൃഥ്വി ഷായും ധവാനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. മൂന്നു ഓവറില്‍ 32 റണ്‍സില്‍ നില്‍ക്കെ ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്ത പൃഥ്വി ഷായാണ് പുറത്തായത്. പിറകെയെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ആറ് റണ്‍സെടുത്ത അയ്യര്‍ റസലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ ഒരു വശത്ത് നിലയുറപ്പിച്ച ധവാന്‍ ഡല്‍ഹിക്ക് വിജയം അനായാസമാക്കി. ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്തയുടെ ബൗളര്‍മാരെ ധവാന്‍ തലങ്ങും വിലങ്ങും പായിച്ചു. പുറത്താകാതെ 63 പന്തില്‍ 97 റണ്‍സെടുത്ത ധവാന്റെ ഈ ഇന്നിങ്‌സാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത്.
തന്റെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്  ശിഖര്‍ നേടിയത്. 95 റണ്‍സായിരുന്നു ഇതിനു മുമ്പുള്ള മികച്ച സ്‌കോര്‍.

അയ്യര്‍ക്ക് പിന്നാലെയെത്തിയ റിഷഭ് പന്ത് മറുവശത്ത് ധവാന് വേണ്ട എല്ലാ പിന്തുണയും നല്‍കി. പക്ഷെ, 30 പന്തില്‍ 46 റണ്‍സെടുത്ത് നില്‍ക്കെ പതിനേഴാം ഓവറില്‍ റാണക്ക് വിക്കറ്റ് സമ്മാനിച്ച് പന്തും മടങ്ങി. ആറ് പന്തില്‍ പുറത്താകാതെ 14 റണ്‍സെടുത്ത കോളിന്‍ ഇന്‍ഗ്രാം ചൗളയെ സിക്‌സര്‍ പറത്തി കളി ഫിനിഷ് ചെയ്തു. പുറത്താകാതിരുന്നിട്ടും ധവാന് സെഞ്ച്വറി നേടാനാകാഞ്ഞത് വിജയത്തിനിടയിലും ഡല്‍ഹി ആരാധകര്‍ക്ക് നിരാശ പടര്‍ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. 65 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആന്ദ്രേ റസ്സല്‍ 21 പന്തില്‍ 45 റണ്‍സ് നേടി പുറത്തായി. ഡല്‍ഹിക്കായി കഗിസോ റബാദ, കീമോ പോള്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

This post was last modified on April 13, 2019 6:57 am