വനിതാ ക്രിക്കറ്റ് ടീം പരിശീലകന് രമേശ് പവാര്‍ തനിക്കെതിരെ ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി മിതാലി രാജ്. ഏറ്റവും സങ്കടകരമെന്നാണ്, വിഷയത്തില്‍ മിതാലി ട്വീറ്റ് ചെയ്തത്. വിരമിക്കുമെന്നടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞ് മിതാലി തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ചാണ് രമേശ് പവാര്‍ ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കിയത്
‘എനിക്കെതിരെ വന്ന അധിക്ഷേപങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണ്. കളിയോടുള്ള എന്റെ സമര്‍പ്പണവും 20 വര്‍ഷം ഈ കളിക്കായി നീക്കിവച്ചതിനെയും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്. എന്റെ കഠിനാധ്വാനം, വിയര്‍പ്പ്, ദേശഭക്തി എല്ലാം ചോദ്യം ചെയ്യപ്പെടുന്നു. എന്റെ പ്രതിഭ പോലും ചോദ്യം ചെയ്യപ്പെടുന്നു.ജീവിതത്തിലെ ഏറ്റവും ഇരുട്ട് നിറഞ്ഞ ദിവസമാണിത്. ഇതെല്ലാം നേരിടാന്‍ ദൈവം ശക്തി തരട്ടേ’, എന്നാണ് മിതാലി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ട്വന്റി 20 ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്നാണ് രമേശ് പവാര്‍ ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തന്നോട് അകലം പാലിച്ച മിതാലിയുമായി ടീമില്‍ ഒത്തുപോവുക പ്രയാസമായിരുന്നു. കളിക്കാര്‍ പരിശീലകരെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാന്‍ ആകില്ലെന്നും രമേശ് പവാര്‍ ബിസിസിഐക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
രമേശ് പവാര്‍, കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എഡുല്‍ജി എന്നിവര്‍ക്കെതിരെ നേരത്തെ മിതാലി ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു. രമേഷ് പവാര്‍ തന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ ശക്തമായ ആരോപണങ്ങളാണ് ഇരുവര്‍ക്കുമെതിരെ മിതാലി ആരോപിച്ചത്.