മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചയായിരിക്കെ വിഷയത്തില്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നിലപാട് വ്യക്തമാക്കുകയാണ്. എം.എസ് ധോണി തന്നെയാണ് ഇപ്പോഴും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറുമെന്നാണ് എം.എസ്.കെ പ്രസാദ് പറയുന്നത്.
ധോണിയെ ടീമില്‍ ഉള്‍ക്കൊള്ളിക്കുന്നതിനായി സെലക്ടര്‍മാര്‍ ടീമിന്റെ മധ്യനിരയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തോ എന്ന ചോദ്യത്തിന്റെ എംഎസ്‌കെ പ്രസാദിന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു. ”നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്നും ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറും ഫിനിഷറും ധോണിയാണെന്ന് എനിക്ക് ഉറപ്പായും പറയാന്‍ സാധിക്കും. മറ്റ് യുവതാരങ്ങളെല്ലാം വളര്‍ന്നുവരുന്നതേയുള്ളൂ. ഇക്കഴിഞ്ഞ ലോകകപ്പില്‍ ബാറ്റ്സ്മാനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ടീമിന്റെ വലിയ കരുത്ത് എം.എസ് ആയിരുന്നു. ടീമുമായി തന്റെ അനുഭവസമ്പത്ത് പങ്കുവെയ്ക്കുന്നതിനൊപ്പം ഫീല്‍ഡില്‍ തീരുമാനമെടുക്കുന്നതിലും അദ്ദേഹം സഹായിച്ചിരുന്നു”, എം.എസ്.കെ പ്രസാദ് പറഞ്ഞു.
ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 45.50 റണ്‍സ് ശരാശരിയില്‍ 273 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. എന്നാല്‍ പല മത്സരങ്ങളിലും മധ്യനിരയില്‍ അദ്ദേഹത്തിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ ആറിന് 92 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 208 വരെയെത്തിച്ചത് ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന സഖ്യമായിരുന്നു. 72 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ധോണി റണ്ണൗട്ടായതാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായത്.
Leave a Comment