X
    Categories: കായികം

ധോണിയുടെ വിരമിക്കല്‍; താരത്തിന്റെ മാതാപിതാക്കളുടെ പ്രതികരണം ഇങ്ങനെ

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ധോണി ഉണ്ടാകില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി വിരമിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ  ധോണിയുടെ വിമരിക്കല്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. ലോകകപ്പോടെ ധോണി വിരമിക്കുമെന്നായിരുന്നു ഏറ്റവും കൂടുതല്‍ പ്രചരിച്ച വാര്‍ത്തകളിലൊന്ന്. അതേസമയം ഈ വാര്‍ത്തകളെല്ലാം ധോണി നിഷേധിക്കുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ധോണി ഉണ്ടാകില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും കൊഴുക്കുകയാണ്. എന്നാല്‍ ധോണി കളി മതിയാക്കുന്നതിനോട് താരത്തിന്റെ മാതാപിതാക്കള്‍ പറയുന്നത് മറ്റൊന്നാണ്. ധോണിയെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച പരിശീലകന്‍ കേശവ് ബാനര്‍ജിയാണ് താരത്തിന്റെ മാതാപിതാക്കള്‍ വിരമിക്കലിനെ കുറിച്ച് പറഞ്ഞത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്രയും കാലം കളിച്ചു നടന്നില്ലേ… ഇനി കളി മതിയാക്കൂ… റാഞ്ചിയിലെ വീട്ടില്‍ ഞങ്ങള്‍ക്കൊപ്പം ഇനി കഴിയൂ… എന്നാണ് താരത്തിന്റെ മാതാപിതാക്കള്‍ പറയുന്നതെന്ന് കേശവ് വെളിപ്പെടുത്തി. എങ്ങനെ പറന്നു വരുന്ന പന്തും കൈപ്പിടിയിലൊതുക്കാനുള്ള ധോണിയുടെ കഴിവ് ശ്രദ്ധയില്‍പ്പെട്ട കേശവാണ് താരത്തെ ഗോള്‍കീപ്പര്‍ എന്ന റോളില്‍ നിന്ന് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തത്.

”ഞാന്‍ കഴിഞ്ഞ ദിവസം ധോണിയുടെ വീട്ടില്‍ പോയിരുന്നു. അവന്റെ മാതാപിതാക്കളോട് കുറച്ച് നേരം സംസാരിച്ചു. അവര്‍ പറയുന്നത്, ധോണി കളി മതിയാക്കണം എന്നാണ്. പക്ഷേ ഞാന്‍ പറഞ്ഞു, ധോണി ഒരു വര്‍ഷം കൂടിയെങ്കിലും കളിക്കണമെന്ന്. ട്വന്റി 20 ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കുന്നതാകും ധോണിക്ക് നല്ലതെന്നും ഞാന്‍ കരുതുന്നു. പക്ഷേ അവര്‍ പറയുന്നത്, ഇത്രയും വലിയ വീട് ആര് നോക്കും എന്നാണ്. പക്ഷേ ഞാന്‍ പറഞ്ഞു, ഇത്രയും കാലം നിങ്ങള്‍ നോക്കിയില്ലേ, ഒരു വര്‍ഷം കൂടി കാത്തിരിക്കൂ.” – കേശവ് പറഞ്ഞു.

This post was last modified on July 18, 2019 11:18 am

Related Post
Leave a Comment