X
    Categories: കായികം

കേരളത്തിന് ബാറ്റിംഗ് കരുത്തേകാന്‍ ഇനി റോബിന്‍ ഉത്തപ്പയും

മുന്‍നിര ബാറ്റ്‌സ്മാനായി തന്നെയാകും ഉത്തപ്പ ഇറങ്ങുന്നത്.

ആഭ്യന്തര ക്രിക്കറ്റിലെ പുതിയ സീസണില്‍ കേരളത്തിന് ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ കരുത്തേകും. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ തിമ്മപ്പയ്യ ട്രോഫി ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് ഹിമാചല്‍ പ്രദേശിനെതിരേ കേരളത്തിന് വേണ്ടി ഉത്തപ്പ ഇറങ്ങും.
ഇന്ത്യയ്ക്കുവേണ്ടി 59 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഉത്തപ്പ ഈ സീസണിലാണ് കേരളവുമായി കരാറില്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തിനൊപ്പമുണ്ടായിരുന്ന മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയെ ടീമില്‍ നിലനിര്‍ത്തി. തമിഴ്‌നാട് ബാറ്റ്‌സ്മാന്‍ അരുണ്‍ കാര്‍ത്തിക്കിനെ ഒഴിവാക്കി. കഴിഞ്ഞ രണ്ടുസീസണുകളില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തിച്ച അന്താരാഷ്ട്ര പരിശീലകന്‍ ഡേവ് വാട്‌മോര്‍ ഇക്കുറിയും ഒപ്പമുണ്ട്. സഹപരിശീലകരായി സോണി ചെറുവത്തൂരും കെ. രാജഗോപാലും ഒപ്പമുണ്ട്. കര്‍ണാടകക്കാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയെ കേരളത്തിലെത്തിക്കാന്‍ കഴിഞ്ഞ സീസണില്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. മുന്‍നിര ബാറ്റ്‌സ്മാനായി തന്നെയാകും ഉത്തപ്പ ഇറങ്ങുന്നത്. രാഹുല്‍ പി – രോഹന്‍ കുന്നുമ്മല്‍ സഖ്യമാണ് കഴിഞ്ഞ മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്തത്. തിമ്മപ്പയ്യ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യം ബംഗാളിനോട് അഞ്ചുവിക്കറ്റിന് ജയിച്ചപ്പോള്‍ കര്‍ണാടകത്തോട് വലിയ മാര്‍ജിനില്‍ തോറ്റു. ഈ സമയം ഉത്തപ്പ ടീമിനൊപ്പമുണ്ടായിരുന്നില്ല. ഹിമാചലിനെതിരേ ജയിച്ചാലും നോക്കൗട്ടിലെത്താന്‍ സാധ്യത കുറവാണ്.

പുതിയ സീസണിലെ ദേശീയ മത്സരങ്ങള്‍ സെപ്റ്റംബറില്‍ തുടങ്ങും. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് വിജയ് ഹസാരെ ട്രോഫിക്കുവേണ്ടിയുള്ള ഏകദിന മത്സരങ്ങളാണ് ആദ്യം. ഇത് സെപ്റ്റംബര്‍ 24-ന് തുടങ്ങും. സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ് നവംബര്‍ എട്ടിനും രഞ്ജിട്രോഫി ഡിസംബര്‍ ഒമ്പതിനും തുടങ്ങും.