ലോകകപ്പിന് ശേഷം ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള തയാറെടുപ്പിലാണ്. ഏകദിന, ടി20 ടീം പ്രഖ്യാപനം യുവതാരങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ പതിനാലംഗ ടീം പ്രഖ്യാപനത്തില്‍ കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ് ഇടം നേടിയില്ല. മൂന്ന് ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്താണ് ഇടം നേടിയത്. കസിന്‍ സഹോദരങ്ങളായ രാഹുല്‍ ചാഹറും ദീപക് ചാഹറും ട്വന്റി 20 ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ 19കാരനായ രാഹുലിന്റെ അരങ്ങേറ്റ ടൂര്‍ണമെന്റാകും വെസ്റ്റിന്‍ഡീസിലേത്. ട്വന്റി 20 ടീമിനൊപ്പം ഏകദിന ടീമിലും ഇടംപിടിച്ച ഡല്‍ഹി പേസ് ബൗളറായ നവ്ദീപ് സെയ്നിയാണ് ടീമിലെ മറ്റൊരു പുതുമുഖം.
കേരളത്തെ സംബന്ധിച്ച് ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം വന്‍ പ്രതീക്ഷകളുമായാണ് സഞ്ജു എത്തിയത്. കേരള ക്രിക്കറ്റ് ടീമിലും ഇന്ത്യന്‍ പ്രീമിയിര്‍ ലീഗിലും മികവ് കാണിച്ച സഞ്ജുവിന് ദേശീയ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ലോകകപ്പിലും നാലാം നമ്പരിലെ താരമായി സഞ്ജുവിന്റെ പേര് ഉണ്ടായെങ്കിലും അവസാനം ടീമില്‍ ഇടം കണ്ടെത്താനായില്ല. ധോണിക്ക് ശേഷം ഇപ്പോള്‍ ഋഷഭ് പന്തിന് പുറമെ ആന്ധ്രാ സ്വദേശി ശിഖര്‍ ഭരതും സഞ്ജുവിന്റെ ദേശീയ ടീമിലേക്കുള്ള പ്രവേശനത്തിന് തടസമാകുന്നു.
നിലവില്‍ ഋഷഭ് പന്താണ് വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറെങ്കിലും വിന്‍ഡീസ് പര്യടനത്തിനു ശേഷം മറ്റൊരു വിക്കറ്റ് കീപ്പറെ പരിഗണിക്കുകയാണെങ്കില്‍ ഭരതിനു മുഖ്യപരിഗണന ലഭിക്കുമെന്നാണു വിവരം.
സഞ്ജുവിന് തിരിച്ച് വരാന്‍ കഴിയുമോ?
സഞ്ജു സാംസണ് ദേശീയ ക്രിക്കറ്റ് ടീമിലേക്കുള്ള ദൂരം അത്ര അകലെ അല്ലെന്നാണ് മുന്‍ കേരള ക്രിക്കറ്റ് പരിശീലകന്‍ പി ബാലചന്ദ്രന്‍ പറയുന്നത്. ക്രിക്കറ്റിലെ എല്ലാ തരത്തിലുള്ള ഷോട്ടുകളും അനായാസം കളിക്കുന്ന താരമാണ് സഞ്ജു. പലപ്പോഴും അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്. പേസിനെയും സ്പിന്നിനെയും അനായാസം നേരിടാന്‍ കഴിയുന്ന താരമാണ് സഞ്ജു. ഇതിഹാസങ്ങളുടെ വരെ പ്രശംസക്കിടയായിട്ടുണ്ട് താരം. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഒരു പുതുമുഖമായി കാണേണ്ടതില്ല. അനായാസം തന്നെ ദേശീയ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിന് കഴിയും. രഞ്ജിയിലും മറ്റ് ഏകദിന മത്സരങ്ങളിലും തിളങ്ങുകയാണ് ഇതിന് ആദ്യം വേണ്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ആന്ധ്രയുടെ ശിഖര്‍ ഭരത് ശ്രദ്ധിക്കപ്പെട്ടത് അങ്ങനെയാണ്. ഋഷഭ് പന്തോ ഭരതോ ആരുമാകട്ടെ സഞ്ജുവെന്ന ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയല്ല. വിക്കറ്റ് കീപ്പിംഗില്‍ മികവ് പുലര്‍ത്തുക, ബാറ്റിംഗില്‍ സ്ഥിരത കൈവരിക്കുക ഇതാണ് സഞ്ജു ചെയ്യേണ്ടത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലുള്‍പ്പെടെ ഇന്ത്യയുടെ മറ്റ് ഏകദിന പരമ്പരകളിലും സഞ്ജുവിന് ഇടം നേടാന്‍ കഴിയുമെന്നും മുന്‍ കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ പറഞ്ഞു.
സഞ്ജുവിന് ബാറ്റ്‌സ്മാനായി തന്നെ ദേശീയ ടീമില്‍ ഇടം ലഭിക്കാം
ദേശീയ ടീമില്‍ ഋഷഭ് പന്ത് സ്ഥിരം സാന്നിധ്യമായാലും ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജു വി സാംസണ് ഇടം ലഭിച്ചേക്കാം. മികച്ച രഞ്ജി സീസണ്‍ എത്തിയാല്‍ സഞ്ജുവിന് ബാറ്റ്‌സ്മാനെന്ന നിലയില്‍ തന്നെ ടീമില്‍ ഇടം നേടാന്‍ കഴിയും. മികച്ച ഫീല്‍ഡിംഗ് തന്നെയാണ് സഞ്ജുവിന്റേത്. ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ കാത്ത് അവസരങ്ങള്‍ ഏറെയുണ്ട്. ഐപിഎല്ലില്‍ അടക്കം വിക്കറ്റ് കീപ്പറല്ലാതെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം താരം ടീമില്‍ ഇടം നേടിയിട്ടുണ്ട്. ടി20 യില്‍ സെഞ്ച്വറി നേടയിട്ടുള്ള താരമാണ് സഞ്ജു. സഞ്ജുവിലെ പ്രതിഭയെ കണ്ടെത്താന്‍ ഈ പ്രകടനങ്ങള്‍ തന്നെ ധാരാളം. ഫസ്റ്റ് ക്ലാസില്‍ മികച്ച സ്‌കോറുകള്‍ നേടിയിട്ടുണ്ട് സഞ്ജു. എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ വരുന്നതാണ് താരത്തിന് വെല്ലുവിളിയാകുന്നത്. മുന്‍ കേരള ടീം ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ പറഞ്ഞു.
പതിനേഴാം വയസ്സില്‍ കേരളത്തില്‍ വേണ്ടി രഞ്ജിട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച് കേരളത്തെ ഏറ്റവും ചെറിയ പ്രായത്തില്‍ ഫസ്റ്റ് ക്ലാസില്‍ പ്രതിനിധീകരിച്ചു എന്ന റെക്കോര്‍ഡ് നേട്ടത്തോടെയാണ് സഞ്ജു അരങ്ങേറിയത്. രാജസ്ഥാനിലൂടെയാണ് സഞ്ജു ഐപിഎല്ലില്‍ എത്തിയത്. പിന്നീട് ഐപിഎല്‍ സീസണുകളില്‍ താരം മികച്ച സ്‌കോറുകള്‍ നേടിയിരുന്നു. ഐപിഎല്ലിലെ ഏറ്റവും ”യങ്ങസ്റ്റ് ഹാഫ്-സെഞ്ചൂറിയന്‍” നേട്ടം. ആരാധകരും ക്രിക്കറ്റിലെ പ്രമുഖ പണ്ഡിതരും സഞ്ജുവിന്റെ പ്രതിഭയെ വാഴ്ത്തിയതിന് കയ്യും കണക്കും ഇല്ലായിരുന്നു. ഒന്നു മുതല്‍ ഏഴ് വരെ പൊസിഷനുകളില്‍ എവിടെയും കളിക്കാന്‍ അനായാസം കഴിവുള്ള ബാറ്റ്‌സ്മാന്‍ ഇന്ത്യയില്‍ മറ്റൊന്നില്ല എന്ന് തന്നെ പറയാം. കുറച്ചെങ്കിലും അത് ചെയ്യാന്‍ പറ്റും എന്ന് ഉറപ്പുള്ള ഒരു ബാറ്റ്‌സ്മാന്‍ പന്ത് ആണ് പക്ഷേ ഒരേ ശൈലിയില്‍ കളിക്കുന്നതിനേക്കാള്‍ പ്രതിഭയുടെ ആഴം കൊണ്ട് സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായി സമീപിക്കാന്‍ കഴിവുള്ള ഫ്‌ളക്‌സിബിലിറ്റിയുള്ള സഞ്ജു ആ കാര്യത്തില്‍ മൈലുകള്‍ മുമ്പിലാണ്.
read more:കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാര്‍ എന്തുകൊണ്ട് വീണു? 10 കാരണങ്ങള്‍
Leave a Comment