X

‘അവരുടെ ആര്‍ത്തി ജയിച്ചു. ജനാധിപത്യവും, സത്യസന്ധതയും, ജനങ്ങളും കര്‍ണാടകയില്‍ പരാജയപ്പെട്ടു’:രാഹുല്‍ ഗാന്ധി

നിയമസഭയില്‍ വിശ്വാസ വോട്ടില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്വത്തിലുള്ള കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യ സര്‍ക്കാരിന് 99 വോട്ടുമാത്രമാണ് കിട്ടിയത്.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിമതര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംഭവത്തില്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത് ‘ആര്‍ത്തിയും സ്ഥാപിത താല്‍പര്യവും വിജയിച്ചു’ എന്നാണ്. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് –

‘ആദ്യം മുതല്‍ തന്നെ കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിനെ നിക്ഷിപ്ത താല്‍പ്പര്യകാര്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്നു. അകത്തു നിന്നും പുറത്തുനിന്നും, സഖ്യത്തെ അവര്‍ക്ക് അധികാരത്തിലേക്കുള്ള പാതയിലെ ഒരു ഭീഷണിയായും തടസ്സമായിട്ടുമാണ് കണ്ടത്.

അവരുടെ ആര്‍ത്തി ജയിച്ചു.

ജനാധിപത്യവും, സത്യസന്ധതയും, ജനങ്ങളും കര്‍ണാടകയില്‍ പരാജയപ്പെട്ടു’

 

നിയമസഭയില്‍ വിശ്വാസ വോട്ടില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്വത്തിലുള്ള കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് 99 വോട്ടുമാത്രമാണ് കിട്ടിയത്. ബിജെപിക്ക് 105 വോട്ട് കിട്ടിയത്. 204 എംഎല്‍എമാരാണ് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തത്.

14 മാസത്തെ ഭരണത്തിന് ശേഷമാണ് കര്‍ണാടകയുടെ 24ാമത് മുഖ്യമന്ത്രിയായ എച്ച്ഡി കുമാരസ്വാമി രാജി വയ്ക്കുന്നത്. 2006ല്‍ ബിജെപി പിന്തുണയോടെ അധികാരമേറ്റപ്പോളും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെ ജെഡിഎസ് നേതാവായ കുമാരസ്വാമിക്ക് രാജി വയ്ക്കേണ്ടി വന്നിരുന്നു.

വിശ്വാസ വോട്ടുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കുമാരസ്വാമി രാജി വയ്ക്കാന്‍ തീരുമാനിക്കുന്നത്. ഇന്നലെ തന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന രാജിക്കത്ത് വ്യാജമാണ് എന്ന് നിയമസഭയില്‍ കുമാര സ്വാമി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ പതനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ല എന്ന് കുമാരസ്വാമി പറഞ്ഞു. ബിജെപി സര്‍ക്കാരിനെ വീഴ്ത്താനായി നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച കുമാരസ്വാമി ഇത്രയും കാലം താന്‍ വിശ്വസ്തതയോടെയാണ് പ്രവര്‍ത്തിച്ചത് എന്ന് പറഞ്ഞു.

16 വിമത എംഎല്‍എമാര്‍ രാജി വയ്ക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഒരു വിമത എംഎല്‍എ തിരിച്ച് സഖ്യ പാളയത്തിലെത്തിയെങ്കിലും ബാക്കി 15 പേരും നിലപാടില്‍ ഉറച്ചുനിന്നു. സ്വതന്ത്രര്‍ ബിജെപിക്ക് പിന്തുണ നല്‍കുകയും ചെയ്തു. നിലവില്‍ ബിജെപിക്ക് 107 അംഗങ്ങളും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് 102 അംഗങ്ങളുമാണ് സഭയിലുള്ളത്. വിശ്വാസവോട്ട് നടന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജി. സര്‍ക്കാര്‍ വീഴുന്നത് തടയാനുള്ള കോണ്‍ഗ്രസ് – ജെഡിഎസ് നേതാക്കളുടെ അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. വിശ്വാസ വോട്ടിന് ഒരു ദിവസം കൂടി നീട്ടിത്തരണം എന്ന് കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

READ: കര്‍ണാടകയിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാര്‍ എന്തുകൊണ്ട് വീണു? 10 കാരണങ്ങള്‍

This post was last modified on July 24, 2019 7:18 am