X
    Categories: കായികം

‘മികച്ച രീതിയിലാണ് ഇംഗ്ലീഷ് ബോളര്‍മാര്‍ പന്തെറിഞ്ഞത്’; ധോണിക്ക് പിന്തുണയുമായി കോഹ്‌ലി

ഇംഗ്ലണ്ടിനെതിരെ ആറാമനായി ക്രീസിലെത്തിയ ധോണി 31 പന്തില്‍ 42 റണ്‍സാണ് സ്വന്തമാക്കിയത്.

ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് 31 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യന്‍ തോല്‍വിയില്‍ എല്ലാവരും ധോണിയെ പഴിചാരുമ്പോള്‍ താരത്തിന് പിന്തുണയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എത്തിയിരിക്കുകയാണ്.  ഏത് സാഹചര്യത്തില്‍ നിന്നും ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ധോണിയുടെ ഫിനിഷിങ് മികവ് ഇപ്പോള്‍ ഉണ്ടാകുന്നില്ലെന്നതാണ് പരാതി. ഇന്നിംഗ്‌സ് തുടക്കത്തില്‍ സ്‌കോറിംഗ് വേഗം കുറയുന്നത് മറ്റ് താരങ്ങള്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുന്നുവെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം. സീനിയര്‍ താരമായ ധോണിയില്‍ നിന്ന് ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് ഇംഗ്ലണ്ടിനെതിരായ ധോണിയുടെ പ്രകടനം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറുകളിലെ നിര്‍ണായക ഘട്ടത്തില്‍ ജയം എത്തിപ്പിടിക്കാവുന്ന സാഹചര്യത്തിലും സാവധാനം ബാറ്റ് വീശിയതാണ് ധോണിയെ ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. സാഹചര്യത്തിന്റെ പ്രശ്‌നമാണെന്നാണ് കോഹ്‌ലി പറയുന്നത്. എം.എസ്.ധോണി പരമാവധി ശ്രമിച്ചെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ബൗണ്ടറികള്‍ കണ്ടെത്താന്‍ എം.എസ്.ധോണി പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ അത് ലക്ഷ്യം കണ്ടില്ല. മികച്ച രീതിയിലാണ് ഇംഗ്ലീഷ് ബോളര്‍മാര്‍ പന്തെറിഞ്ഞത്. അവസാനം വരെ ബാറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് നേരിട്ടു. തോല്‍വിയില്‍ നിന്നും കാര്യങ്ങള്‍ പഠിച്ച് അടുത്ത് മത്സരത്തില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കും.” വിരാട് കോഹ്‌ലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ ആറാമനായി ക്രീസിലെത്തിയ ധോണി 31 പന്തില്‍ 42 റണ്‍സാണ് സ്വന്തമാക്കിയത്. ഇന്ത്യക്ക് ജയിക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ട് കൂടി അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ സാധിക്കാതെ പോയതാണ് ഇന്ത്യന്‍ തോല്‍വിക്ക് കാരണമായത്. ഇംഗ്ലണ്ടിനെതിരെ 31 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

This post was last modified on July 1, 2019 3:13 pm