ഐസിസി ലോക വനിതാ ട്വന്റി-20 ലോകകപ്പിന് ഇന്നു വെസ്റ്റ് ഇന്‍ഡീസില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യ കരുത്തരായ ന്യൂസിലാന്‍ഡിനെ നേരിടും. മികച്ച യുവനിരയുമായാണ് ഇത്തവണ ഇന്ത്യ ഇറങ്ങുന്നത്. സമ്മര്‍ദമില്ലാതെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ വനിതകള്‍ക്ക്
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.
മൂന്നു വട്ടം ലോക ട്വന്റി-20 കിരീടം നേടിയിട്ടുള്ള ഓസ്‌ട്രേലിയ നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, എഷ്യകപ്പില്‍ ഇന്ത്യയെ അട്ടിമറിച്ച ബംഗ്ലാദേശ് എന്നി ടീമുകളാണ് ഇന്ത്യയ്ക്ക് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക. സന്നാഹ മത്സരങ്ങളില്‍ വീന്‍ഡീസിന്റെയും ഓസട്രേലിയയെയും പരാജയപ്പെടുത്തിയ ഇന്ത്യ ഏറെ ആത്മവിശ്വാസത്തിലാണ്.
ലോക വനിതാ ട്വന്റി-20യില്‍ 2010, 12, 14 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്നു തവണയാണ് ഓസീസ് കിരീടമുയര്‍ത്തിയത്. 2009ലെ പ്രഥമ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടായിരുന്നു ജേതാക്കള്‍. 2016-ല്‍ അവസാനമായി ഇന്ത്യയാണ് ടൂര്‍ണമെന്റിന് വേദിയായത്. അന്നു ഓസീസിനെ എട്ടു വിക്കറ്റിന് തകര്‍ത്തായിരുന്നു വിന്‍ഡീസ് കന്നിക്കിരീടം ചൂടിയത്.
ഇന്നു രാത്രി 8.30ന് ന്യൂസിലാന്‍ഡുമായാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഗ്രൂപ്പ് ബിയില്‍ കരുത്തരായ ഓസ്ട്രേലിയ, ചിരവൈരികളായ പാകിസ്താന്‍, അയര്‍ലാന്‍ഡ് എന്നിവരാണ് ഇന്ത്യയുടെ മറ്റു എതിരാളികള്‍. ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന, മിതാലി രാജ്, ജെമയ്യ റോഡ്രിഗസ്, വേദ കൃഷ്ണമൂര്‍ത്തി, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ, പൂനം യാദവ്, രാധ യാദവ്, അനൂജ പാട്ടീല്‍, എക്ത ബിഷ്ത്ത്, ദയാലന്‍ ഹേമലത, മാന്‍സി ജോഷി, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി. എന്നിവരടങ്ങുന്നതാണ് ഇന്ത്യന്‍ നിര.
അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് രാജ്യങ്ങളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇംഗ്ലണ്ടിനൊപ്പം ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളാണുള്ളത്.
ആദ്യദിനമായ ഇന്ന് മൂന്നു മല്‍സരങ്ങളുണ്ട്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള കളി കൂടാതെ ഗ്രൂപ്പ് ബിയില്‍ തന്നെ രാത്രി 1.30ന് ഓസ്ട്രേലിയ പാകിസ്താനെ നേരിടും. മൂന്നാമത്തെ മല്‍സരം ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 5.30നാണ്. ഗ്രൂപ്പ് എയില്‍ വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശും തമ്മിലാണ് ആദ്യ ദിനത്തിലെ അവസാന മല്‍സരം. കുട്ടി ക്രിക്കറ്റിന്റെ സിംഹാസനം തേടിയ 10 രാജ്യങ്ങളാണ് ലോകകപ്പില്‍ അണിനിരക്കുന്നത്. 23 മല്‍സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. വനിതാ ട്വന്റി20 ലോകകപ്പിന്റെ ആറാമത്തെ എഡിഷന്‍ കൂടിയാണ് ഇന്നു ആരംഭിക്കാനിരിക്കുന്നത്. നവംബര്‍ 24നാണ് കിരീടവിജയികളെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം.
Leave a Comment