ഓസിസിനെതിരെയുള്ള ഏകദിന പരമ്പരയിലെ പരാജയത്തില്‍ ഇന്ത്യ ഭയക്കേണ്ടതില്ലെന്ന് യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ലോകകപ്പ് ജേതാക്കളാകുവാന്‍ ഇന്ത്യക്ക് കഴിയുമന്നാണ് താരം പറയുന്നത്. ഇന്ത്യയും കിരീട ഫേവറിറ്റുകളില്‍ തന്നെയാണ്. പക്ഷെ ഇന്ത്യ രണ്ടു ടീമുകളെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ആതിഥേയരായ ഇംഗ്ലണ്ടും ചിരവൈരികളായ പാകിസ്താനുമാണ് ഇന്ത്യക്കു ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുകയെന്നും രണ്ട് ടീമുകളിലും മികവുള്ള താരങ്ങളുണ്ടെന്നും കുല്‍ദീപ് ചൂണ്ടിക്കാട്ടി.
ലോകകിരീടം ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള ശേഷി ഇപ്പോഴത്തെ ടീമിനുണ്ട്. ഇന്ത്യ മാത്രമല്ല ടൂര്‍ണമെന്റിലെ മറ്റു ടീമുകളും ശക്തരാണ്. മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ശക്തമായ ബാറ്റിങ് ലൈനപ്പുള്ളവരാണ് ഇംഗ്ലണ്ട്. മാത്രമല്ല അവര്‍ സ്വന്തം നാട്ടില്‍ തന്നെയാണ് കളിക്കുന്നത്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ പാകിസ്താനും ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനുള്ള സാധ്യത കൂടുതലാണെന്നും കുല്‍ദീപ് വിലയിരുത്തി. ഇന്ത്യയെക്കൂടാതെ ഇംഗ്ലണ്ടും പാകിസ്താനുമാണ് ലോകകപ്പിലെ ശ്രദ്ധിക്കേണ്ട ടീമുകളെന്നും താരം പറഞ്ഞു.
വിജയത്തോടെ ഏകദിന ലോകകപ്പിനു തയ്യാറെടുക്കുകയെന്ന ഇന്ത്യയുടെ മോഹം ഓസ്ട്രേലിയ അവസാനിപ്പിച്ചിരുന്നു. ഓസീസിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് വിരാട് കോലിയും സംഘവും ഏറ്റുവാങ്ങിയത്. രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ 0-2നും അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-3നുമാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്.
Leave a Comment