X
    Categories: കായികം

കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ അംലയെ ബുംറ അനുവദിച്ചില്ല; ആറ് റണ്‍സില്‍ പുറത്തായി താരം

കരിയറിലെ 173-ാം ഏകദിന ഇന്നിംഗ്സില്‍ ആറ് റണ്‍സില്‍ പുറത്തായതോടെ നേട്ടത്തിലേക്ക് അംലയുടെ അകലം 71 റണ്‍സായി കുറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയ്ക്ക് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ഇന്ത്യന്‍ നായകന്‍ കോഹ് ലിയുടെ പേരിലുള്ള റെക്കോര്‍ഡ് തകര്‍ക്കുക എന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം നടക്കുമ്പോള്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാല്‍ പേസ് എക്സ്പ്രസ് ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ പന്തില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മ്മ പിടിച്ച് അംല പുറത്തായതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു. ഒന്‍പത് പന്തില്‍ ആറ് റണ്‍സാണ് അംലയ്ക്ക് എടുക്കാനായത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികച്ച താരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. 183 മത്സരത്തില്‍ 175 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി എണ്ണായിരം ക്ലബിലെത്തിയത്. ഈ റെക്കോര്‍ഡ് കോലിയുടെ മുന്നില്‍ വെച്ച് തകര്‍ക്കാനാണ് അംല ഇന്ന് ബാറ്റിംഗിന് ഇറങ്ങിയത്. മത്സരത്തിനിറങ്ങുമ്പോള്‍ 8000 തികയ്ക്കാന്‍ 77 റണ്‍സ് കൂടിയായിരുന്നു അംലയ്ക്ക് വേണ്ടിയിരുന്നത്. 175 ഏകദിനങ്ങളിലെ 172 ഇന്നിംഗ്സുകളില്‍ നിന്നാണ് അംല 7923 റണ്‍സ് നേടിയത്. കരിയറിലെ 173-ാം ഏകദിന ഇന്നിംഗ്സില്‍ ആറ് റണ്‍സില്‍ പുറത്തായതോടെ നേട്ടത്തിലേക്ക് അംലയുടെ അകലം 71 റണ്‍സായി കുറഞ്ഞു.