X

കലാശ പോരിന് മണിക്കൂറുകള്‍ മാത്രം; ചരിത്രം പറയുന്ന ലോഡ്‌സിനെ അറിയാം

ഇതുവരെ മൂന്നു ലോകകപ്പ് ഫൈനലുകള്‍ക്ക് വേദിയായിട്ടുണ്ട് ഈ മൈതാനം.

1983 ല്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ് ലോകകിരീടം ഏറ്റുവാങ്ങിയ മൈതാനി. ലോഡ്‌സിനെ പറ്റി പറയാന്‍ ഏറെയുണ്ട്. ലോകത്തെ ഏറ്റവും പഴയ സ്‌പോര്‍ട്‌സ് മ്യൂസിയം സ്ഥിതി ചെയ്യുന്നതും ലോഡ്‌സിലാണ്. ക്രിക്കറ്റിന്റെയും പോരാളികളുടെയും കഥകള്‍ ഇവിടുത്തെ ചുമരുകള്‍ പറയും. ലോഡ്‌സിലെ പോരാളികളുടെ പേരുകളാണ് ലോങ്ങ് റൂമിന്റെ ചുമരുകളെ അലങ്കരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിനും വര്‍ത്തമാനത്തിനും ഒപ്പം തല ഉയര്‍ത്തി നില്‍ക്കുന്ന മൈതാനം. ക്രിക്കറ്റിന്റെ വിശുദ്ധ മൈതാനം.

ഇതുവരെ മൂന്നു ലോകകപ്പ് ഫൈനലുകള്‍ക്ക്  വേദിയായിട്ടുണ്ട് ഈ മൈതാനം. ക്രിക്കറ്റ് നെഞ്ചേറ്റിയ തോമസ് ലോര്‍ഡ് എന്ന ഇംഗ്ലീഷുകാരനാണ് മൈതാനത്തിന്റെ പിതാവ്. ആദ്യം ഇവിടെ എത്തുന്നവര്‍ക്ക് ഇതൊരു കൊട്ടാരമോ എന്ന് തോന്നിയാല്‍  തെറ്റു പറയാന്‍ കഴിയില്ല. സ്‌റ്റേഡിയത്തിന്റെ നിര്‍മിതി ഒരു പഴയ കൊട്ടാരത്തിന്റെ മാതൃകയില്‍ തന്നെ. എന്നാല്‍ കൊട്ടാരത്തിന്റെ നടുമുറ്റം ഓത്തിരിയേറെ പേരാട്ടങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. പ്രത്യേക ബാല്‍ക്കണികള്‍. എംസിസിയിലെ അംഗങ്ങള്‍ക്ക് കളികാണാനായി കെട്ടിട സമുച്ചയം. ഇവിടെ ഇരുന്നാല്‍ മൈതാനത്തിന്റെ സൗന്ദര്യം കണ്‍നിറയെ കാണാം.

ഈ ചരിത്ര മൈതാനത്ത് ആദ്യ പേരാട്ടം നടന്നത് 1814 ലാണ്. ഹെട്‌ഫോഡ് ഷെയറും മര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബും തമ്മിലായിരുന്നു. ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിന്റെ ആവേശ ചരിത്രം, ഈ മണ്ണില്‍ നിന്ന് തുടങ്ങുന്നു. എന്നാല്‍ ആദ്യ ഏകദിന മത്സരത്തിനായി 1972 വരെ കാത്തിരിക്കേണ്ടി വന്നു. ഏകദിന ക്രിക്കറ്റില്‍ 30 സെഞ്ചുറികളാണ് ലോര്‍ഡ്സില്‍ ഇതുവരെ പിറന്നത്. ആദ്യ ഏകദിന സെഞ്ചുറി എന്ന ചരിത്ര നേട്ടം കുറിച്ചത് 1975ല്‍ ഡെന്നിസ് അമിസ് എന്ന ഇംഗ്ലീഷ് താരം. ഇന്ന് മറ്റൊരു ചരിത്രത്തിന് ഇവിടെ കളം ഒരുങ്ങുമ്പോള്‍ കിരീടം ആര് കൈപിടിയിലൊതുക്കും ലോകം ഉറ്റുനോക്കുന്നു ക്രിക്കറ്റിന്റെ വിശുദ്ധ മൈതാനത്തിലേക്ക്.

നെടുകണ്ടം കസ്റ്റഡി മരണം, കൂടുതല്‍ റിപ്പോര്‍ടുകള്‍ വായിക്കാം: ‘ആത്മവീര്യ’മുണര്‍ത്തുന്ന കൊലപാതകങ്ങള്‍