X
    Categories: കായികം

’21 വര്‍ഷത്തെ കരിയറിന് വിരാമം കുറിക്കുന്നു’; ഫോര്‍ലാന്‍ ബൂട്ടഴിച്ചു

21 വര്‍ഷത്തെ കരിയറില്‍ 582 മത്സരങ്ങളില്‍ നിന്ന് 221 ഗോളും 74 അസിസ്റ്റും സ്വന്തമാക്കി.

ഉറുഗ്വെയ് താരം ഡീഗോ ഫോര്‍ലാന്‍ പ്രൊഫഷനല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 21 വര്‍ഷം നീണ്ട ഫുട്ബോള്‍ കരിയറിനാണ് ഫോര്‍ലാന്‍ വിരാമമിട്ടത്. 2010 ലോകകപ്പില്‍ ഉറുഗ്വെയെ സെമി ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയിരുന്നു. 2015 -ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച താരം പിന്നീട് ക്ലബ്ബ് തലത്തില്‍ തുടര്‍ന്നു.

ട്വിറ്ററിലൂടെയായിരുന്നു ഫോര്‍ലാന്റെ വിരമിക്കല്‍ പ്രഖ്യാപനം.’പ്രൊഫഷണല്‍ ഫുട്ബോളര്‍ എന്ന നിലയില്‍ എന്റെ 21 വര്‍ഷത്തെ കരിയറിന് ഞാന്‍ വിരാമം കുറിക്കുന്നു. വൈകാരികമായ നിമിഷങ്ങളും മനോഹരമായ ഓര്‍മ്മകളുമുള്ള ഒരു സ്റ്റേജിന് തിരശ്ശീല വീഴുകയാണ്. ഇനി പുതിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. എന്റെ വഴിയില്‍ എനിക്ക് കൂട്ടായ, എന്നോടൊപ്പം നിന്ന ഓരോരുത്തര്‍ക്കും നന്ദി’ ഫോര്‍ലാന്‍ ട്വീറ്റില്‍ പറയുന്നു.

സ്പെയിനില്‍ അത്ലറ്റിക്കോ മാഡ്രിഡിനും പ്രീമിയില്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും വേണ്ടി കളിച്ച ഫോര്‍ലാന്‍ എഫ്എ കപ്പും യൂറോപ്പാ ലീഗും സ്വന്തമാക്കിയിട്ടുണ്ട്. ഇന്റര്‍മിലാനും വിയ്യാറലിനും വേണ്ടി 40 കാരനായ ഫോര്‍ലാന്‍ കളിച്ചിരുന്നു. 2011ല്‍ കോപ്പ അമേരിക്ക നേടിയ ടീമിലും ഫോര്‍ലാന്‍ അംഗമാണ്. 2016ല്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അവസാനമായി കളിച്ചത് ഹോങ് കോങ് ക്ലബ്ബ് കിച്ചീക്ക് വേണ്ടിയാണ്. 21 വര്‍ഷത്തെ കരിയറില്‍ 582 മത്സരങ്ങളില്‍ നിന്ന് 221 ഗോളും 74 അസിസ്റ്റും സ്വന്തമാക്കി.