X
    Categories: കായികം

ഇന്ത്യയുടെ ദ്യുതി ചന്ദിന് ചരിത്രനേട്ടം; ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണം

ഈ ഇനത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ അജ്ല ഡെല്‍ പോന്റെയ്ക്കാണ് വെള്ളി

ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദിന് 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം. 11.32 സെക്കന്റില്‍ ഓടിയെത്തിയാണ് ദ്യുതി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ദ്യുതി സ്വന്തമാക്കി.

‘ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാന്‍ പഠിക്കുന്ന KIIT യൂണിവേഴ്സിറ്റിക്കും സ്ഥാപകന്‍ പ്രൊഫസര്‍ സമന്റാജിക്കും മെഡല്‍ ഞാന്‍ സമര്‍പ്പിക്കുന്നു.പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്കും, ഒഡീഷയിലെ ജനങ്ങള്‍ക്കും, എല്ലാവിധ പിന്തുണയും തന്ന മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനും.’ ദ്യുതി ചന്ദ് പറഞ്ഞു.

ഈ ഇനത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ അജ്ല ഡെല്‍ പോന്റെയ്ക്കാണ് വെള്ളി. 11.33 സെക്കന്റ് ആണ് സ്വിസ് താരത്തിന്റെ സമയം. ഹീറ്റ്സില്‍ 11.58 സെക്കന്റെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ സെമിയില്‍ 11.41 സെക്കന്റ്സ് ആയി ഇന്ത്യന്‍ താരം സമയം മെച്ചപ്പെടുത്തി. ഫൈനലില്‍ 11.32 സെക്കന്റില്‍ ഓടിയെത്തി ദ്യുതി സ്വര്‍ണവും നേടി. 2019 ഏപ്രിലില്‍ ദോഹയില്‍ നേടിയ 11.26 സെക്കന്റാണ് ദ്യുതിയുടെ ഈ സീസണിലെ മികച്ച സമയം. ഏറ്റവും മികച്ച വ്യക്തിഗത സമയം 11.24 സെക്കന്റാണ്. രണ്ടു തവണ ഏഷ്യന്‍ ചാമ്പ്യന്‍ ആയ ദ്യുതിയുടെ പേരിലാണ് 100 മീറ്ററിലെ ദേശീയ റെക്കോഡ്.

Related Post
Leave a Comment