X
    Categories: കായികം

ലയണല്‍ മെസിക്കൊപ്പം പന്ത് തട്ടാന്‍ കൊതിച്ച എമിലിയാനോ സലാ; ആരാധകരുടെ മനസ് കീഴടക്കിയ താരത്തെ കുറിച്ച്

ഏറ്റവും ഒടുവില്‍ കാര്‍ഡിഫിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 15 മില്യണിനാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് എത്തിയത്.

വിമാനപകടത്തില്‍ കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരത്തിന്റെ ഓര്‍മ്മകള്‍ ആരാധകരുടെ മനസില്‍ നിന്ന് വിട്ട് മാറിയിട്ടില്ല.. താരത്തെ കണ്ടെത്താനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെടുകയാണ്. താരത്തിന് അനുശോചനം അറിയിച്ചും പൊതു ചടങ്ങുകളില്‍ താരത്തെ ഓര്‍ത്തും ആരാധകര്‍ രംഗത്തു വരികയാണ്. കഴിഞ്ഞ ദിവസം സലായുടെ മുന്‍ ക്ലബായ നാന്റസും താരത്തിന് ആദരവ് അര്‍പ്പിച്ചു.
ഫ്രഞ്ച് ലീഗില്‍ സെയ്ന്റ് എറ്റീനെതിരായ മത്സരത്തിലാണ് സലാക്ക് ആദരവര്‍പ്പിച്ച ടീമിന്റെ വികാര പ്രകടനം. സലായുടെ പേര് മുന്നിലുമെഴുതിയ ജേഴ്‌സി അണിഞ്ഞായിരുന്നു നാന്റസ് കളിക്കാനിറങ്ങിയത്. വാം അപ്പ് സമയത്ത് താരത്തിന്റെ ചിത്രമുള്ള ജേഴ്‌സിയാണ് കളിക്കാര്‍ അണിഞ്ഞത്. മത്സരം തുടങ്ങി പത്താം മിനിറ്റില്‍ താരത്തോടുള്ള ആദരസൂചകമായി കളി നിര്‍ത്തിവെച്ചു. സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ സലായുടെ ചിത്രം തെളിച്ചു. ഗാലറികളും സലാ എന്ന പേര് ഉറക്കെ ഉരുവിട്ടു. നാന്റസില്‍നിന്ന് ഇംഗ്ലീഷ് ക്ലബ് കാര്‍ഡിഫിലേക്ക് മാറിയ താരം പുതിയ ക്ലബില്‍ ചേരാന്‍ പോകുന്ന വഴിയാണ് വിമാനാപകടം സംഭവിച്ചത്.

1990 ഒക്ടോബറില്‍ അര്‍ജന്റീനയിലെ സാന്റ ഫെയില്‍ ഇറ്റാലിയന്‍ കുടുംബത്തില്‍ ജനിച്ച സലാ ഫുട്‌ബോളിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. 20 ാം വയസ്സിലാണ് സലാ പ്രഫഷണല്‍ ഫുട്ബോള്‍ ആരംഭിച്ചത്. ഫ്രഞ്ച് ക്ലബ് ബോര്‍ഡിയക്സിലാണ് സലായുടെ തുടക്കം. ബോര്‍ഡിയാക്സില്‍ തിളങ്ങാന്‍ കഴിയാതെ ആയതോടെ മൂന്ന് വര്‍ഷം ഒര്‍ലിയണ്‍സിലും നിയോര്‍ട്ടിലും കാഇനിലും വായ്പാടിസ്ഥാനത്തില്‍ എത്തി. മൂന്ന് ക്ലബുകള്‍ക്കായി 83 മത്സരങ്ങളില്‍ നിന്ന് 47 ഗോളുകള്‍ നേടിയ താരത്തെ 2015ല്‍ ഫ്രഞ്ച് ക്ലബ് നാന്റെസ് വാങ്ങി. ഒരു മില്യണിനാണ് നാന്റെസ് സലായെ വാങ്ങിയത്. ആദ്യ സീസണില്‍ ഡിസംബറില്‍ അയാക്സിയോക്കെതിരെ ഗോളടിച്ച് എമിലിയാനോ നാന്റെസ് കരിയര്‍ ആരംഭിച്ചു.
2016ല്‍ പ്രീമിയര്‍ ക്ലബായ വുള്‍വ്സ് താരത്തിന് 3 മില്യണ്‍ ഓഫര്‍ നല്‍കിയെങ്കിലും വില്‍ക്കാന്‍ നാന്റെസ് തയ്യാറായില്ല. നാന്റെസിന്റെ ബൂട്ടുകളില്‍ ക്ലബിന്റെ പ്രതീക്ഷകള്‍ വലുതായിരുന്നു. ലീഗ് വണ്ണില്‍ ടൗലൗസിനെതിരെ ഹാട്രിക്ക് തികച്ച സല 2006 ന് ശേഷം ക്ലബിനായി ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമായി. മൂന്ന് വര്‍ഷം നീണ്ട നാന്റെസ് യാത്രയില്‍ 120 മത്സരങ്ങളില്‍ നിന്നായി 42 ഗോളുകളാണ് താരം നേടിയത്. ക്ലബിന്റെ ഫസ്റ്റ് ചോയ്സ് സ്ട്രൈക്കറായ സല ടീമിന്റെ മിക്ക ജയത്തിലും നിര്‍ണായക സാന്നിധ്യമായി.

അര്‍ജന്റീനന്‍ ഇതിഹാസം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയാണ് സലായുടെ ഇഷ്ടതാരം. ഇംഗ്ലീഷ് സ്ട്രൈക്കര്‍ ജാമി വാര്‍ഡിയുടെ കളി കൗണ്ടര്‍ അറ്റാക്ക് സ്റ്റൈല്‍ ഇഷ്ടപ്പെടുന്ന മുന്നേറ്റതാരമായാണ് സല അറിയപ്പെട്ടത്. ക്ലബുകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും ദേശീയ ടീമിന്റെ താരമാകാന്‍ സലായ്ക്കായില്ല. മെസിയ്ക്കൊപ്പം പന്തുതട്ടണമെന്നത് സലയുടെ വലിയ മോഹമായിരുന്നു. 8 വര്‍ഷം നീണ്ട ക്ലബ് ജീവിതത്തില്‍ 236 മത്സരങ്ങള്‍ കളിച്ച സല 95 തവണയാണ് എതിര്‍ ടീമിന്റെ വലകുലുക്കിയത്. ഏറ്റവും ഒടുവില്‍ കാര്‍ഡിഫിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയായ 15 മില്യണിനാണ് താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് എത്തിയത്. 2019 ജനുവരി 19ന് കാര്‍ഡിഫുമായി സൈന്‍ ചെയ്ത താരം തിരിച്ച് നാന്റെസിലേക്ക് പോയി. 21ന് ക്ലബിനോട് വിട പറഞ്ഞ് കാര്‍ഡിഫിലേക്ക് തിരിച്ചതിന് ശേഷം താരത്തിനെകുറിച്ച് പിന്നെ വിവരങ്ങളൊന്നുമില്ല.
ഇംഗ്ലീഷ് ചാനല്‍ മുറിച്ച് കടക്കുന്നതിനിടെ അപകടം സംഭവിച്ചെന്ന് വിവരം ലഭിച്ചെങ്കിലും താരത്തെയോ താരം സഞ്ചരിച്ച വിമാനത്തെയോ കണ്ടെത്താനായിട്ടില്ല. താരത്തെ കണ്ടെത്തുന്നതിനായി ബന്ധുക്കള്‍ സ്വന്തമായി തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.