ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ആഴ്‌സണല്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍ കലാശിച്ചപ്പോള്‍ മറ്റൊരു മത്സരത്തില്‍ കരുത്തരായ ചെല്‍സിയെ ഞെട്ടിച്ച് വോള്‍വ്‌സിന് മിന്നുന്ന ജയം. യുണൈറ്റഡ്- ആഴ്‌സണല്‍ മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
യുണൈറ്റഡ് മൈതാനമായ ഓള്‍ഡ് ട്രഫോഡില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലാണ് ആദ്യം ഗോള്‍ നേടിയത്. ഇരുപത്തിയാറാം മിനുട്ടില്‍ മുസ്തഫിയാണ് അഴ്‌സണലിനെ മുന്നിലെത്തിച്ചത്. തൊട്ടുപിന്നാലെ മുപ്പതാം മിനുട്ടില്‍ ആന്റണി മാര്‍ഷ്യലിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. രണ്ടാം പകുതിയില്‍ അറുപത്തിയെട്ടാം മിനുട്ടില്‍ മാര്‍ക്കോസ് റോജോയുടെ ഓണ്‍ഗോളിലൂടെ വീണ്ടും ആഴ്‌സണല്‍ മുന്നിലെത്തിയെങ്കിലും തൊട്ടടുത്ത മിനുട്ടില്‍ ജെസെ ലിംഗാര്‍ഡിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. ലീഗില്‍ 15 മത്സരങ്ങളില്‍ നിന്നായി 31 പോയിന്റുള്ള ആഴ്‌സണല്‍ അഞ്ചാമതും 23 പോയിന്റോടെ യുണൈറ്റഡ് എട്ടാമതുമാണ്.
മത്സരത്തില്‍ 71 ശതമാനവും പന്ത് കൈവശം വച്ചെങ്കിലും ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് വോള്‍വ്‌സ് പരാജയപ്പെടുത്തുകയായിരുന്നു. റൂബന്‍ ലോഫ്റ്റസ് ചീക്കിലൂടെ 18-ാം മിനുട്ടില്‍ ചെല്‍സിയാണ് ആദ്യം ഗോള്‍ നേടിയത്. പീന്നീട് രണ്ടാം പകുതിയില്‍ കിട്ടിയ രണ്ട് അവസരങ്ങളും ഗോളാക്കിയ വോള്‍വ്‌സ് ജയം പിടിച്ചെടുത്തു. 59, 63 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. 31 പോയിന്റുള്ള ചെല്‍സി ലീഗിള്‍ നാലാമതാണ്.
മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ ബേണ്‍ലിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പിച്ചു. 54-ാം മിനുട്ടില്‍ ജാക്ക് കോര്‍ക്കിന്റെ ഗോളിലൂടെ ബേണ്‍ലിയാണ് ആദ്യം മുന്നിലെത്തിയത്. 62-ാം മിനുട്ടില്‍ ജെയിംസ് മില്‍നര്‍ നേടിയ ഗോളിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി. 69-ാം മിനുട്ടില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോ ലീഡുയര്‍ത്തി. ഇഞ്ചുറിടൈം ഗോളിള്‍ ഷെര്‍ദാന്‍ ഷാഖിരി പട്ടിക പൂര്‍ത്തിയാക്കി. 39 പോയിന്റുമായി ലീഗില്‍ രണ്ടാമതാണ് ലിവര്‍പൂള്‍. അതേസമയം സതാംപ്റ്റണെ ഒന്നിനെതിരെ മൂന്ന് ഗോളിന് ടോട്ടനം തോല്‍പിച്ചു. ഒന്‍പതാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ആണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 51-ാം മിനുട്ടില്‍ ലൂക്കാസ് മൗറയും 55-ാം മിനുട്ടില്‍ സണ്‍ ഹ്യു മിന്നും ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ചാര്‍ളി ഓസ്റ്റിന്‍ ആണ് സതാംപ്റ്റണിന്റെ ആശ്വാസ ഗോള്‍ നേടി കൊടുത്തത്.
Leave a Comment