X

PREVIEW: ഹോം ഗ്രൗണ്ടില്‍ ജയിച്ചു തുടങ്ങാന്‍ മഞ്ഞപ്പട ഇന്ന് മുംബൈക്കെതിരെ

മുന്‍ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ദൗര്‍ബല്യമായിരുന്ന മധ്യനിരയിലും ഇത്തവണ മികച്ച താരങ്ങളുണ്ട്. സെമിലെന്‍ ദുംഗല്‍ - ഹാളിചരണ്‍ നര്‍സാരി കൂട്ടുകെട്ടിനൊപ്പം മലയാളി താരം സഹല്‍ അബ്ദുസമദ് കൂടിയെത്തുന്നതോടെ മധ്യനിര കരുത്താര്‍ജിക്കുന്നു.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍ മുംബൈ സിറ്റിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ടീമിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നു എന്നതു മാത്രമല്ല സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ അവരുടെ നാട്ടില്‍ തോല്‍പിച്ച ആത്മവിശ്വാസവും ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. രണ്ടുതവണ ഐഎസ്എല്‍ ഫൈനലില്‍ തങ്ങളെ തോല്‍പിച്ച കൊല്‍ക്കത്തയ്ക്ക് എതിരായ പ്രകടനം ടീമിനും ആരാധകര്‍ക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. മറുവശത്ത് മുംബൈ സിറ്റി എഫ്‌സിയാകട്ടെ ആദ്യ മത്സരത്തില്‍ ജംഷെഡ്പൂരിനോട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റാണ് എവേ മത്സരത്തിന് എത്തുന്നത്.

ആദ്യ മത്സരഫലങ്ങള്‍ നല്‍കിയ ആത്മവിശ്വാസവും നിരാശയും മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ഇരുടീമുകളുടെയും പരിശീലകന്‍മാരുടെയും ശരീരഭാഷയിലും വാക്കുകളിലും നിഴലിട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച പ്രകടനത്തിനാണ് ടീം തയ്യാറെടുക്കുന്നതെന്നാണ് വ്യക്തമാക്കിയത്. മറുഭാഗത്ത് മുംബൈ കോച്ച് ജോര്‍ജ് കോസ്റ്റ ആദ്യ മത്സരത്തില്‍ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ നഷ്ടപ്പെട്ട നിരാശയാണ് പങ്കുവെച്ചത്. അത് തിരിച്ചുപിടിക്കുക എന്നതാണ് കൊച്ചിയില്‍ തങ്ങളുടെ ലക്ഷ്യം എന്ന് പറയുമ്പോള്‍ തന്നെ കോസ്റ്റ, ബ്ലാസ്റ്റേഴ്‌സിനെ അവരുടെ തട്ടകത്തില്‍ നേരിടുന്നതിന്റെ സമ്മര്‍ദ്ദം ടീമിനുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.

വമ്പന്‍താരങ്ങളെ ഒഴിവാക്കി മികച്ച യുവതാരങ്ങളെ കളത്തിലെത്തിച്ച ഡേവിഡ് ജെയിംസിന്റെ തന്ത്രം ഫലംകണ്ടെന്നാണ് ആദ്യ മത്സരത്തിലെ പ്രകടനം വ്യക്തമാക്കുന്നത്. കൂടുതല്‍ മലയാളി താരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നുതന്നെ മികച്ച കളിക്കാരെ കണ്ടെത്താനായതും ടീമിന് ഗുണകരമായി. മുന്‍നിരയിലെ വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശക്തി. സ്ലൊവേനിയന്‍ താരം മതേജ് പോപ്ലാറ്റ്‌നികും സെര്‍ബിയന്‍ താരം സ്ലാവിസ സ്റ്റോയ്‌നോവിക്കും ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടി വരവറിയിച്ചു കഴിഞ്ഞു. 4-4-2 ശൈലിയില്‍ ഇവരെ മുന്‍നിര്‍ത്തിയുള്ള ആക്രമണം തന്നെയാകും മുംബൈയ്‌ക്കെതിരെയും ഡേവിഡ് ജെയിംസ് പരീക്ഷിക്കുക.

മുന്‍ സീസണുകളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ദൗര്‍ബല്യമായിരുന്ന മധ്യനിരയിലും ഇത്തവണ മികച്ച താരങ്ങളുണ്ട്. സെമിലെന്‍ ദുംഗല്‍ – ഹാളിചരണ്‍ നര്‍സാരി കൂട്ടുകെട്ടിനൊപ്പം മലയാളി താരം സഹല്‍ അബ്ദുസമദ് കൂടിയെത്തുന്നതോടെ മധ്യനിര കരുത്താര്‍ജിക്കുന്നു. മതേജിനും സ്ലാവിസയ്ക്കും പന്തെത്തിക്കുന്നതില്‍ ഇവര്‍ മിടുക്കു കാട്ടുന്നു. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍ നയിക്കുന്ന പ്രതിരോധ നിര ഇത്തവണയും മോശമല്ല. മുഹമ്മദ് റാക്കിപ്, നെമാഞ്ച പെസിറച്ച്, സിറിള്‍ കാലി തുടങ്ങിയവരടങ്ങുന്ന പ്രതിരോധ നിര ഏത് ആക്രമണത്തെയും ചെറുക്കാന്‍ പോന്നവരാണ്.

അണ്ടര്‍-17 ലോകകപ്പ് താരം ധീരജ് സിങ്ങാവട്ടെ ബാറിനു കീഴില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഉജ്ജ്വല സേവുകളുമായി കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ തന്നെ ഈ പതിനെട്ടുകാരന്‍ തന്റെ ഫോം തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പോലെ മലയാളി താരം സി.കെ.വിനീത് പകരക്കാരനായാകും ടീമിലിറങ്ങാന്‍ സാധ്യത. ഇത്തവണ ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറിയ മറ്റൊരു ഇന്ത്യന്‍ ദേശീയ ടീമംഗമായ അനസ് എടത്തൊടികയ്ക്ക് വിലക്കു മൂലം ഈ മത്സരത്തിലും ഇറങ്ങാനാവില്ല.

കൊച്ചിയില്‍ ആദ്യ ജയം തേടിയിറങ്ങുന്ന മുംബൈക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പ്രതിരോധത്തിലെ പാളിച്ചകളാണ് അവരെ പ്രധാനമായും അലട്ടുന്നത്. ദേവീന്ദര്‍ സിങ്ങ് ഉള്‍പ്പെടെയുള്ളവരുടെ പരിക്കും അവരെ അലട്ടുന്നുണ്ട്. ജംഷെഡ്പൂരിനെതിരായ ആദ്യ മത്സരത്തില്‍ അവസരങ്ങള്‍ പാഴാക്കിയ മുന്‍നിരയുടെ പ്രകടനത്തില്‍ താന്‍ അതൃപ്തനാണെന്ന് കോച്ച് തുറന്നു പറഞ്ഞുകഴിഞ്ഞു. അതേസമയം റാഫല്‍ ബാറ്റോസ്, മോദു സോഗു, മുഹമ്മദ് റഫീഖ് തുടങ്ങിയ കഴിവുറ്റ താരങ്ങള്‍ ഉള്‍പ്പെടുന്ന മുംബൈക്ക് തിരിച്ചുവരാനുള്ള കഴിവും കരുത്തുമുണ്ട്. ഒറ്റ മത്സരത്തിലെ പ്രകടനം കൊണ്ട്, അതും സീസണിലെ ആദ്യ മത്സരത്തിലെ, ഒരു ടീമിനെയും അളക്കാനാവില്ലെന്ന കാര്യം ഇന്നിറങ്ങുമ്പോള്‍ ഡേവിഡ് ജെയിംസും സംഘവും ഓര്‍ക്കാതിരിക്കില്ല.

അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയ ഈ പ്രിഥ്വി ഷാ, ‘വന്‍മതില്‍’ വളര്‍ത്തിയ പയ്യനാണ്!

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത പ്രിഥ്വി ഷാ എന്ന അത്ഭുത താരം

അമീന്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on October 5, 2018 10:58 am