ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നത് തന്റെ ഇപ്പോഴത്തെ ക്ലബായ റയല്‍മാഡ്രിഡില്‍ നിന്നായിരിക്കുമെന്ന് വെളിപ്പെടുത്തി ക്രൊയേഷ്യന്‍ താരവും ബാലന്‍ ദി ഓര്‍ ജേതാവുമായ് ലൂക്കാ മോഡ്രിച്ച്. ക്രിസ്റ്റ്യാനോയും മെസിയേയും പിന്തള്ളിയാണ് ഒരു ദശാബ്ദത്തിന് ശേഷം താരം പുരസ്‌കാര നേട്ടത്തിലെത്തിയത്. നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മോഡ്രിച്ച് തന്റെ ക്ലബായ റയല്‍ മാഡ്രിഡിനും നന്ദി അറിയിച്ചു.
ക്ലബിനൊപ്പം ‘രണ്ട് വര്‍ഷം കൂടി എനിക്കുണ്ട്. ചിലപ്പോള്‍ അതില്‍ കൂടുതലും. ക്ലബ്ബ് എനിക്ക് തന്നത് സ്നേഹം മാത്രമാണ്. അതുകൊണ്ട് തന്നെ ഇതേ ക്ലബ്ബില്‍ കളിച്ചു തന്നെ വിരമിക്കാനാണ് എനിക്ക് ഇഷ്ടം’ മോഡ്രിച്ച് പറഞ്ഞു. ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തില്‍ നിന്ന് 2012 ലാണ് മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ എത്തിയത്. അന്ന് അതൊരു മോശം സൈനിങ് ആയി ആണ് ഫുട്‌ബോള്‍ പണ്ഡിതന്മാര്‍ വിലത്തിരുത്തിയത്. എന്നാല്‍ പീന്നീട് ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരക്കാരില്‍ ഒരാളായി മോഡ്രിച്ച് മാറുകയായിരുന്നു. മാഡ്രിഡിനോട് വളരെ അധികം ആത്മബന്ധം പുലര്‍ത്തുന്ന താരമാണ് മോഡ്രിച്ച്. ‘മറ്റൊരു ക്ലബിന് വേണ്ടി കളിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം ബെഞ്ചിലിരുന്ന് മാഡ്രിഡിന്റെ കളി കാണുന്നതാണ്’ മോഡ്രിച്ച് നേരത്തെ വ്യക്മാക്കിയിട്ടുണ്ട്.
ഫിഫയുടെ ലോക ഫുട്ബോളര്‍ പുരസ്‌കാരത്തിനു പിന്നാലെയാണ് ലൂക്ക മോഡ്രിച്ച് ബാലന്‍ ദി ഓര്‍ പുരസ്‌കാരവും സ്വന്തമാക്കുന്നത്. ഒരു ദശാബ്ദക്കാലം ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്ബോള്‍ ലോകത്ത് നിലനിര്‍ത്തിപ്പോന്ന അപ്രമാദിത്വത്തിനേറ്റ തിരിച്ചടി കൂടിയായി ഇത്. പാരിസില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സ് ഫുട്ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരം മോഡ്രിച്ച് ഏറ്റുവാങ്ങി. വോട്ടെടുപ്പില്‍ മോഡ്രിച്ചിന് 753 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 476പോയിന്റാണ് സ്വന്തമാക്കാനായത്. മൂന്നാമതെത്തിയ അന്റോയ്ന്‍ ഗ്രീസ്മാന്‍ 414 പോയിന്റും നേടി. ഫ്രാന്‍സ് താരം കിലിയന്‍ എംബാപെയാണ് നാലാമത്. മെസ്സിക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ലോകകപ്പില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടിയും ചാംപ്യന്‍സ് ലീഗില്‍ റയല്‍ മഡ്രിഡിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്തതാണ് മോഡ്രിച്ചിനെ പുരസ്‌കാരത്തിന് പ്രാപ്തനാക്കിയത്. ലോകകപ്പില്‍ രണ്ടാം സ്ഥാനം കൊണ്ട് ക്രൊയേഷ്യ തൃപ്തിപ്പെടേണ്ടി വന്നെങ്കില്‍, ചാംപ്യന്‍സ് ലീഗില്‍ റയലിനെ ജേതാക്കളാക്കുന്നതില്‍ മോഡ്രിച്ച് പ്രധാന പങ്ക് വഹിച്ചു.
Leave a Comment