X
    Categories: കായികം

സലയ്ക്ക് പിന്നാലെ പാഞ്ഞു, പോസ്റ്റില്‍ തട്ടി വീണു; കുഞ്ഞ് ആരാധകരെ ആശ്വസിപ്പിച്ച് താരം

എന്നാല്‍ തന്നെ നേരിട്ട് കാണാന്‍ ആശിച്ച ആരാധകരെ താരം നിരാശരാക്കിയില്ല

ലിവര്‍പൂള്‍ താരം മുഹമ്മദ് സലയെ കാണാന്‍ എത്തിയ കുഞ്ഞ് ആരാധകരെ നിരാശരാക്കാതെ വേണ്ട വിധം പരിഗണിച്ച സലായ്ക്ക് ഫുട്‌ബോള്‍ ലോകം കൈയ്യടിക്കുകയാണ്. താരത്തെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും എത്തിയതായിരുന്നു സഹോദരങ്ങളായ രണ്ട് കുരുന്നുകള്‍. താരത്തെ കാണാനായി ലിവൂര്‍പൂര്‍ മൈതാനത്ത് കാത്ത് നിന്നെങ്കിലും പരിശീലനം കഴിഞ്ഞ സല പെട്ടെന്ന്
തന്നെ കാറില്‍ മടങ്ങുകയാണുണ്ടായത്. എന്നാല്‍ താരം സഞ്ചരിച്ച കാറിനെ പിന്‍തുടര്‍ന്ന ഇരുവരും റോഡിലെ പോസ്റ്റിലിടിച്ച് വീഴുകയായിരുന്നു. പതിനൊന്നുകാരനായ ലൂയിസ് ഫല്‍വറും, സഹോദരനുമാണ് സലയെ കാണാനുള്ള കുതിപ്പിനിടയില്‍ പോസ്റ്റില്‍ ചെന്നിടിച്ചത്.

എന്നാല്‍ തന്നെ നേരിട്ട് കാണാന്‍ ആശിച്ച ആരാധകരെ താരം നിരാശരാക്കിയില്ല.ഇത് തന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സല കാറില്‍ നിന്ന് ഇറങ്ങുകയും മൂക്കില്‍ നിന്ന് ചോരയൊലിപ്പിച്ച് നിന്ന ലൂയിസിനേയും സഹോദരനേയും ആശ്വസിപ്പിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തും, ഓട്ടോഗ്രാഫ് നല്‍കിയുമാണ് സല മടങ്ങിയത്. ലിവര്‍പൂളിന്റെ ഈ കുട്ടി ആരാധകരുടെ പിതാവാണ് മക്കള്‍ക്കൊപ്പമുള്ള സലയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് ട്വിറ്ററില്‍ താരത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. അവര്‍ക്ക് നേരെ സലയൊന്ന് കൈവീശി കാണിക്കണം എന്നേ അവര്‍ക്കുണ്ടായിരുന്നുള്ളു. ആ സ്ഥാനത്താണ് അവരെ ആശ്വസിപ്പിക്കാനായി സല ഇറങ്ങി വന്നതെന്നും ലൂയിസിന്റെ പിതാവ് പറയുന്നു.

This post was last modified on August 12, 2019 3:50 pm

Related Post
Leave a Comment