X

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗം ഇപ്പോള്‍ ജീവിക്കുന്നത് ആട് മേച്ച്

ഫുട്‌ബോള്‍ കഴിഞ്ഞ കാര്യമാണ് എന്ന് പറയുന്നു തനൂജ. ജീവിക്കാന്‍ വേണ്ടി, 2011ല്‍ തനൂജയ്ക്ക് ഫുട്‌ബോള്‍ ഉപേക്ഷിക്കേണ്ടി വന്നു.

മുന്‍ ഇന്ത്യന്‍ വനിത ഫുട്‌ബോള്‍ ടീം ഗോള്‍ കീപ്പര്‍ ആയിരുന്ന തനൂജ ബാഗെ ഇപ്പോള്‍ ആട് മേച്ചാണ് ജീവിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് തനൂജയുടെ ദുരിത ജീവിതത്തെക്കുറിച്ച് പറയുന്നത്. എട്ട് വര്‍ഷം മുമ്പ് ഇന്ത്യന്‍ ടീം അംഗമായിരുന്ന തനൂജ ഇന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെടുകയാണ്. ഒഡീഷയിലെ ഝാര്‍സുഗുദ ജില്ലക്കാരിയായ തനൂജ ബാഗെ ആദിവാസി വിഭാഗക്കാരിയാണ്.

ദേബാദിഹി ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച തനൂജ ബാഗെ ചെറിയ പ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ കളിച്ചു തുടങ്ങിയിരുന്നു. 2003ല്‍ 14ാം വയസില്‍ വേദാന്ത കമ്പനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി പ്രോഗ്രാമിന്റെ ഭാഗമായി തനൂജ പരിശീലനത്തിന് പോയി. ഒഡീഷ ടീമില്‍ ഇടം പിടിച്ച് അധികം വൈകാതെ ദേശീയ ടീമിലെത്തി. നിരവധി ട്രോഫികളും മെഡലുകളും നേടി. ഫുട്‌ബോളിനെ കൂടാതെ റഗ് ബിയും സെപാക് താക്രോവും കളിച്ചു. ബിഹാറിനും ഛത്തീസ്ഗഡിനും ഝാര്‍ഖണ്ഡിനും ബംഗാളിനും വേണ്ടി കളിച്ചു. തനൂജ ഗോളിയായ ഇന്ത്യന്‍ ടീം ഒരു മത്സരത്തില്‍ നേപ്പാളിനെ തോല്‍പ്പിച്ചു.

അതേസമയം ഫുട്‌ബോള്‍ കഴിഞ്ഞ കാര്യമാണ് എന്ന് പറയുന്നു തനൂജ. 2011ല്‍ ജീവിക്കാന്‍ വേണ്ടി, കുടുംബം പോറ്റാന്‍ വേണ്ടി തനൂജയ്ക്ക് ഫുട്‌ബോള്‍ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ ജോലിയൊന്നും കിട്ടിയില്ല. പിന്നീട് പൊലീസ് ഹോം ഗാര്‍ഡ് ആയി നിയമനം ലഭിച്ചെങ്കിലും തീരെ കുറഞ്ഞ വേതനം തനൂജയെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാക്കി. ഒരു സ്വകാര്യ സ്‌കൂളില്‍ ഫുട്്‌ബോള്‍ കോച്ചായി. എന്നാല്‍ 8000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത കമ്പനി കൊടുത്തത് വെറും 3000.

ആട് മേച്ചും വീടുകളില്‍ പാത്രം കഴുകിയുമാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗത്തിന്റെ ഇപ്പോളത്തെ ജീവിതം. ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. രണ്ട് കുട്ടികളുണ്ട്. സ്വന്തമായി വീടില്ല. സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കുകാണ്. കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ ലഭിക്കുന്ന അരിയാണ് ഏക ആശ്വാസം. തനൂജയുടെ ദുരിത ജീവിതം ബോധ്യപ്പെട്ട ജില്ല അധികൃതര്‍ ഇവര്‍ ജോലി നല്‍കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കൂടി ദൈന്യാവസ്ഥയാണ് തനൂജയുടെ ജീവിതം വ്യക്തമാക്കുന്നത്.

This post was last modified on July 5, 2019 10:22 pm