X
    Categories: കായികം

മുഹമ്മദ് സലായുടെ സാന്നിധ്യം ഇംഗ്ലണ്ടില്‍ ഇസ്ലാമിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്തി;സ്റ്റാന്റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പറയുന്നു

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉള്‍പ്പെടെ 27 ഗോളുകളാണ് സലാ നേടിയത്.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ മുഹമ്മദ് സലായുടെ കരുത്തില്‍ ലിവര്‍പൂള്‍ യൂറോപ് പിടിച്ചടക്കിയതാണ് ആരാധകര്‍ക്ക്ല്‍ ഏറെ സന്തോഷം നല്‍കിയ വാര്‍ത്ത. ടോട്ടനത്തിനെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയത്തോടെയായിരുന്നു മാഡ്രിഡില്‍ ലിവര്‍പൂളിന്റ പടയോട്ടം. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരമായി സലാ അവതരിച്ചു. മുഹമ്മദ് സലാ പെനാല്‍ട്ടിയിലൂടെ നേടിയ ഗോളിലൂടെ കളിയുടെ അവസാന ഘട്ടം വരെ ടോട്ടനത്തിനെതിരെ ആധിപത്യം സൃഷ്ടിച്ചുകൊണ്ടാണ് ലിവര്‍പൂള്‍ ആറാം തവണയും യൂറോപ്പിന്റെ രാജാക്കന്മാരായത്. ലിവര്‍പൂള്‍ മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ മുസ്‌ലിംങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ ക്ലബിലേക്കുള്ള സലായുടെ വരവോടെ സാധിച്ചുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഫൈനലില്‍ കളിക്കാന്‍ ഇറങ്ങിയപ്പോഴും റംസാന്‍ മാസ നോമ്പ് നോറ്റ് കളത്തിലിറങ്ങിയതിലൂടെ സലാ ഇസ്‌ലാം മതത്തെക്കുറിച്ച് വലിയൊരു പാഠവും പറഞ്ഞ് കൊടുത്തിരുന്നു.

സ്റ്റാന്റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നത് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ താരം ലിവര്‍പൂള്‍ എഫ്സി ടീമില്‍ എത്തിയതിന് ശേഷം ലിവര്‍പൂള്‍ സിറ്റിയിലും ഫുട്ബോള്‍ ആരാധകര്‍ക്കിടയിലും ഇസ്ലാമോഫോബിയ വലിയതോതില്‍ കുറഞ്ഞതായാണ്. മേഖലയില്‍ വംശീയാതിക്രമങ്ങള്‍ 19 ശതമാനം കുറഞ്ഞതായും ഓണ്‍ലൈനില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ 50% കുറഞ്ഞതായുമാണ് പഠനം പറയുന്നത്. സലായുടെ വരവോടെ ലിവര്‍പൂള്‍ ഫാന്‍സിന്റെ ഇസ്ലാമോഫോബിയ ട്വീറ്റുകള്‍ പകുതിയായി കുറഞ്ഞതായും കണ്ടെത്തി. 15 മില്ല്യന്‍ ട്വീറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇസ്ലാമോഫോബിക് ട്വീറ്റുകള്‍ 7.2 ശതമാനത്തില്‍ നിന്ന് 3.4 ആയി കുറഞ്ഞതായാണ് കണ്ടെത്തിയത്.

മുഹമ്മദ് സലായുടെ പ്രശസ്തി ലിവര്‍പൂള്‍ ആരാധകര്‍ക്കിടയില്‍ ഇസ്ലാമിനെയും മുസ്ലിംങ്ങളെയും കൂടുതല്‍ പരിചിതമാക്കിയെന്നും പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ് സമൂഹത്തില്‍ വ്യാപകമായിരുന്ന ഇസ്ലാമിനെ കുറിച്ചുള്ള മോശം പ്രതിച്ഛായക്കും മുഹമ്മദ് സലായുടെ വരവോടെ വലിയ മാറ്റമുണ്ടാക്കി. മുസ്ലിംങ്ങളെ അടുത്തറിയാനും ഇസ്ലാമിനെ പരിചയപ്പെടാനും മുഹമ്മദ് സലായുടെ സാന്നിധ്യം സഹായകമായെന്നും ഇമിഗ്രേഷന്‍ പോളിസി ലാബ് പഠനത്തില്‍ കണ്ടെത്തി. ഗോള്‍ നേടുമ്പോള്‍ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് നമസ്‌കാരത്തിലേതെന്ന പോലെ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന മുഹമ്മദ് സലാ ഇംഗ്ലണ്ടുകാര്‍ക്ക് ഇപ്പോള്‍ ഒരു ഗോളടി വീരന്‍ കൂടിയാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഉള്‍പ്പെടെ 27 ഗോളുകളാണ് സലാ നേടിയത്.

This post was last modified on June 5, 2019 12:31 pm