മഹേന്ദ്ര സിംഗ് ധോണിയുടെ വിക്കറ്റ് കീപ്പിംഗ് കയ്യുറയില്‍ കൃപാണത്തിന്റെ ചിത്രം അനുവദിക്കണമെന്ന ബിസിസിഐയുടെ അപേക്ഷ ഐസിസി തള്ളി. ഐസിസിയുടെ രണ്ട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ധോണി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്. സ്വകാര്യ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദ്ദേശവും ഗ്ലൗസില്‍ ചിഹ്നങ്ങള്‍ പാടില്ലെന്ന നിര്‍ദ്ദേശവും ധോണി ലംഘിച്ചതായാണ് ഐസിസി പറഞ്ഞിരിക്കുന്നത്.
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഐസിസി ആവശ്യപ്പെട്ടാല്‍ ബിസിസിഐ അതിനെതിരെ നിലപാടെടുക്കില്ലെന്ന് പറഞ്ഞ ബിസിസിഐ ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായി അതേസമയം ഇളവ് വരുത്തണമെന്ന് ആവശ്യപ്പെടുമെന്നാണ് പറഞ്ഞിരുന്നത്. ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് ധോണിയുടെ പച്ച ഗ്ലൗസില്‍ കൃപാണിന്റെ ചിത്രം പതിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇത് വിവാദമാകുകയും ചെയ്തു.
ഇന്ത്യന്‍ അതിര്‍ത്തി സേനയുടെ പാരച്ചൂട്ട് റെജിമെന്റില്‍ ലഫ്റ്റനന്റ് കേണല്‍ ആണ് ധോണി. ഈ റെജിമെന്റിന്റെ ചിഹ്നമാണ് കൃപാണ്‍. ധോണി ഇനിയുള്ള മത്സരങ്ങളിലും ഇതേ ഗ്ലൗസ് തന്നെ ഉപയോഗിച്ചാലും ഒരു ടേപ്പ് ഉപയോഗിച്ച് ചിത്രം മറയ്ക്കാനാണ് സാധ്യത. രാഷ്ട്രീയം, മതം, വംശീയവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് ഐസിസിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
Leave a Comment