X

വാഗ അതിര്‍ത്തിയില്‍ തുള്ളിച്ചാടിയാല്‍ പോര, ഗ്രൗണ്ടില്‍ പന്ത് പൊങ്ങണം: ഹസന്‍ അലിയോട് ഷൊഐബ് അക്തര്‍

അക്തര്‍. വാഗ അതിര്‍ത്തിയില്‍ കിടന്ന് ചാടാന്‍ ഹസന്‍ അലിക്ക് ഒരു മടിയുമില്ല. എന്നാല്‍ ആവശ്യമുള്ള സമയത്ത് ഒന്നും ചെയ്യില്ല. ഹസന്‍ അലിയുടെ പല ബോളുകളും ഷോര്‍ട്ട് പിച്ച് ആയിരുന്നു - അക്തര്‍ പറഞ്ഞു.

ഇന്നലത്തെ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയോടുള്ള തോല്‍വിയില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലിയേയും കടന്നാക്രമിക്കുകയാണ് മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ ഷൊഐബ് അക്തര്‍. ഇന്ത്യയുമായുള്ള പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ വിക്കറ്റ് സിഗ്നേച്ചര്‍ അംഗവിക്ഷേപം പ്രദര്‍ശിപ്പിച്ച ഹസന്‍ അലിയെ പരിഹസിക്കുകയാണ് അക്തര്‍. വാഗ അതിര്‍ത്തിയില്‍ തുള്ളിച്ചാടാന്‍ ഹസന്‍ അലിക്ക് ഒരു മടിയുമില്ല. എന്നാല്‍ ആവശ്യമുള്ള സമയത്ത് ഒന്നും ചെയ്യില്ല. ഹസന്‍ അലിയുടെ പല ബോളുകളും ഷോര്‍ട്ട് പിച്ച് ആയിരുന്നു – അക്തര്‍ പറഞ്ഞു.

ട്വന്റി 20യും പാകിസ്താന്‍ സൂപ്പര്‍ ലീഗും കളിക്കണം. എന്നാല്‍ ലോകകപ്പിനോട് താല്‍പര്യമില്ല – ഇതാണ് ഹസന്‍ അലിയുടെ മനോഭാവം. ഇന്നലത്തെ മത്സരത്തില്‍ ഹസന്‍ അലി ഒമ്പത് ഓവറില്‍ വിട്ടുകൊടുത്തത് 84 റണ്‍സാണ്. ഒരു വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത സര്‍ഫറാസിന്റെ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. പാക് പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍ അടക്കമുള്ളവരുടെ ഉപദേശം പരിഗണിക്കാതെയായിരുന്നു സര്‍ഫറാസിന്റെ തീരുമാനം.

സര്‍ഫറാസ് തലയ്ക്കകത്ത് ഒന്നുമില്ലാത്ത ക്യാപ്റ്റന്‍ ആണ് എന്നാണ് ഷൊഐബ് അക്തര്‍ അഭിപ്രായപ്പെട്ടത്. ടോസ് നേടിയപ്പോള്‍ പാകിസ്താന്‍ കളി പകുതി ജയിച്ചിരുന്നു. ടോസ് വളരെ നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 260 റണ്‍സെങ്കിലും എടുത്തിരുന്നെങ്കില്‍ ഇന്ത്യയെ ബൗള്‍ ചെയ്ത് വീഴ്ത്താമായിരുന്നു. ബുദ്ധിശൂന്യമായ ക്യാപ്റ്റന്‍സിയാണ് സര്‍ഫറാസ് കാണിച്ചത്. ഇത് വളരെ ദുഖകരവും വേദനിപ്പിക്കുന്നതുമാണ്. സര്‍ഫറാസില്‍ ഇമ്രാന്‍ ഖാനെ കാണാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ അതെല്ലാം കഴിഞ്ഞിരിക്കുന്നു – യൂടൂബ് ചാനലിലായിരുന്നു അക്തറിന്റെ വിമര്‍ശനം. പാക് ടീമിന്റെ മൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളും വന്‍ പരാജയമായിരുന്നു എന്ന് ഷൊഐബ് അക്തര്‍ പറഞ്ഞു. എല്ലാ പാക് താരങ്ങളേയും അക്തര്‍ കടന്നാക്രമിച്ചു.

This post was last modified on June 17, 2019 9:02 pm