X

ഇന്ത്യക്ക് ആശംസകള്‍; പ്രതിഭകള്‍ വാണ പാക് ടീമിന്റെ ഇപ്പോഴത്തെ തകര്‍ച്ചയില്‍ ആവേശം കൊള്ളാനൊന്നുമില്ല

ആവേശം ക്രിക്കറ്റ് എന്നതിലുപരി രാഷ്ട്രീയവും മതവും ശത്രുതയും കാരണം കൊണ്ട് കൂടി ഉണ്ടാകുന്നതാണെന്ന് മനസ്സിലാകുമ്പോഴാണ് ദു:ഖം

ഇന്ത്യാ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പോരിന്റെ ചരിത്രത്തിന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനോളം തന്നെ പഴക്കമുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം 1952-ല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ മത്സരം തന്നെ ഇന്ത്യയോടായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ രാഷ്ട്രീയ കാര്യങ്ങളിലുള്ള ഭിന്നിപ്പ്, സ്വാഭാവികമായും ക്രിക്കറ്റ് പിച്ചിലേക്കും വ്യാപിച്ചു. 1952 മുതല്‍ 65 വര്‍ഷക്കാലം ഇന്ത്യാ-പാക്ക് ക്രിക്കറ്റ് മത്സരത്തിന് യുദ്ധസമാനമായ പ്രാധാന്യമാണ് മാധ്യമങ്ങളും ജനങ്ങളും നല്‍കി പോന്നത്. ഇന്നലെ നടന്ന മത്സരത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേക്കാള്‍ എത്രയോ ദുര്‍ബലരായിട്ടു പോലും, ഇന്ത്യയുടെ വിജയത്തിന് മാധ്യമങ്ങള്‍ ഇത്ര പ്രാധാന്യം കല്‍പിക്കുന്നതും ഈ കാരണങ്ങള്‍ കൊണ്ട് തന്നെ.

Also Read: പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ

ഇന്നലെ നടന്ന മത്സരം ഏകപക്ഷീയമായിരുന്നു. ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതാപത്തെ ചോദ്യം ചെയ്യാന്‍ പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ എല്ലാ മുന്‍ നിര ബാറ്റ്‌സ്മാന്മാരും അര്‍ധ സ്വെഞ്ചറി കണ്ടെത്തിയ മത്സരത്തില്‍ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ തീരെ നിറം മങ്ങി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ ആവട്ടെ 164 റണ്‍സ് എടുക്കുമ്പോഴേക്ക് കൂടാരം കയറി. ഒരു ഘട്ടത്തിലും ഒരു മത്സരം മുമ്പോട്ട് വെയ്ക്കാന്‍ ഇന്ത്യയുടെ ചിരവൈരികള്‍ എന്ന് മാധ്യമങ്ങള്‍ തീര്‍പ്പ് കല്‍പ്പിച്ച ആ രാജ്യത്തിന് സാധിച്ചില്ല.

എന്നാല്‍ തൊണ്ണൂറുകളിലേയും രണ്ടായിരങ്ങളുടെ തുടക്കത്തിലേയും ഇന്ത്യാ-പാക്ക് ക്രിക്കറ്റ് മത്സരം കണ്ടവര്‍ക്കറിയാം പാക്കിസ്ഥാന്റെ ചൂട്. അന്ന് വെറും രാഷ്ട്രീയ മത്സരമായിരുന്നില്ല ഗ്രൗണ്ടില്‍ നടന്നത്. ശരിക്കും തുല്യശക്തികളുടെ പോരാട്ടം തന്നെയായിരുന്നു. ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസും വസീം അക്രവും ഷോയിബ് അക്തറും മുഹമ്മദ് സമിയും ഒക്കെ കളിച്ച ടീമായിരുന്നു പാക്കിസ്ഥാന്‍. അവരുടെ തീപാറുന്ന പന്തുകള്‍ പലപ്പോഴും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മുന്നൂറിന് മീതേ റണ്‍സ് ഒന്നും പാക്കിസ്ഥാന്‍ ബൗളിങ്ങിനെതിരെ നേടുക എന്നത് ആലോചിക്കുക പോലും സാധ്യമല്ലായിരുന്നു (കളി ശൈലിയിലുണ്ടായിരുന്ന മാറ്റം കൊണ്ടു മാത്രമല്ല). ഇന്‍സമാം ഉള്‍ ഹഖും സയീദ് അന്‍വറും ജാവേദ് മിയാന്‍ ദാദും ഷാഹിദ് അഫ്രീദിയും അടങ്ങിയ ബാറ്റിങ്ങ് നിരയ്ക്ക് ഏതു ബൗളിംഗ് നിരയേയും നേരിടുക വിഷമമുള്ള കാര്യമായിരുന്നില്ല. ഇന്നലെ മൊത്തം പാകിസ്ഥാന്‍ ടീം എടുത്ത റണ്‍സിനേക്കാള്‍ കൂടുതല്‍ റണ്‍സ് 1997-ല്‍ സയീദ് അന്‍വര്‍ ഇന്ത്യക്ക് എതിരെ ഒറ്റയ്ക്ക് നേടിയിട്ടുണ്ട്.

1952-ലാണ് ഇന്ത്യാ-പാകിസ്ഥാന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ആദ്യമായി നടക്കുന്നത്. അന്ന് നടന്ന 3 ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 2-1 ന് ഇന്ത്യ ജയിച്ചു. പാക്കിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു അത്. പിന്നീട് നടന്ന് രണ്ട് പരമ്പരകളും സമനിലയില്‍ അവസാനിക്കുകയായിരുന്നു. 1961-ലെ ഇന്തോ-പാക്ക് യുദ്ധത്തിന് ശേഷം നീണ്ട 18 വര്‍ഷങ്ങള്‍ വേണ്ടി വന്നു ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒന്നിച്ചിറങ്ങാന്‍. 1978-ല്‍ നടന്ന ഈ മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചു. 2-0 ന് ടെസ്റ്റ് പരമ്പരയും 2-1 ന് ഏകദിന പരമ്പരയും പാക്കിസ്ഥാന്‍ സ്വന്തമാക്കി. ഇമ്രാന്‍ ഖാന്‍, മിയാന്‍ ദാദ് എന്നിവരുടെ പ്രകടനത്തില്‍ അന്ന് ഇന്ത്യ തോല്‍ക്കുകയായിരുന്നു.

തൊട്ടടുത്ത വര്‍ഷം ഇന്ത്യയില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇന്ത്യ പകരം വീട്ടി. നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0 ന് സ്വന്തമാക്കിയായിരുന്നു ഇന്ത്യയുടെ മറുപടി. പക്ഷേ 1982-ല്‍ നടന്ന പരമ്പരയില്‍ വീണ്ടും പാക്കിസ്ഥാനായി വിജയം. 3-1 ന് ഏകദിന പരമ്പര അവര്‍ സ്വന്തമാക്കി, എന്നാല്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല ഇന്ത്യക്ക്; അടുത്ത വര്‍ഷം 2-0 ന് ഇന്ത്യയുടെ മുന്നില്‍ പാക്കിസ്ഥാന്‍ പരമ്പര അടിയറവ് വെച്ചു. ഇങ്ങനെ വിജയങ്ങള്‍ പരസ്പരം വെച്ച് മാറിയാണ് രണ്ട് ടീമുകളും ക്രിക്കറ്റ് കളിച്ചത്; വലിയ കപ്പ് മത്സരങ്ങളില്‍ പലപ്പോഴും ഇന്ത്യക്കായിരുന്നു വിജയം എന്ന് മാത്രം. അന്നത്തെ കരുത്തുറ്റ പാക്കിസ്ഥാന്‍ ടീമിന്റെ നിഴല്‍ വെളിച്ചത്തില്‍ പോലും ഇന്നലെ ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയ ടീം ഇല്ല. അത്രകണ്ട് ശോഷിച്ച് പോയി നമ്മുടെ സഹോദര ടീമിന്റെ ക്രിക്കറ്റ്.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്കാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പോയികൊണ്ടിരിക്കുന്നത്. 2011 ലോകകപ്പില്‍ സെമിഫൈനലില്‍ എത്തിയതാണ് അവരുടെ ഒടുവിലുത്തെ നേട്ടം. 2009-ല്‍ പാക്കിസ്ഥാനില്‍ വെച്ച് നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിനിടയില്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. അതിന് ശേഷം പല ക്രിക്കറ്റ് ബോര്‍ഡുകളും പാക്കിസ്ഥാനില്‍ മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറായില്ല. മാത്രമല്ല ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫ്, ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ സല്‍മാന്‍ ബട്ട് എന്നിവര്‍ ഒത്തുകളി വിവാദത്തില്‍പ്പെട്ടതും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രതിരോധത്തിലാക്കി. ബോര്‍ഡുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് പല താരങ്ങളും വിരമിക്കുകയും കൂടി ചെയ്തതോടെ തകര്‍ച്ച പൂര്‍ണ്ണമാവുകയായിരുന്നു. ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും പാക്ക് താരങ്ങളെ മാറ്റി നിര്‍ത്തികൊണ്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കട്രോള്‍ ബോര്‍ഡിന്റെ തീരുമാനവും പാക്ക് ക്രിക്കറ്റിന്റെ തകര്‍ച്ചയില്‍ പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യാ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരത്തെ വെറും രാഷ്ട്രീയമായി കണ്ട്, ഇന്ത്യയുടെ വിജയത്തില്‍ ആഘോഷിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെയും ക്രിക്കറ്റിന്റെയും ആരാധകരായ, യഥാര്‍ത്ഥ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നലത്തെ മത്സരം നിരാശയാവും സമ്മാനിച്ചിട്ടുണ്ടാവുക. വിഭജനം നടന്നില്ലായിരുന്നുവെങ്കില്‍ ഇമ്രാനും അക്രവും വഖാറും ഇന്ത്യന്‍ ടീമില്‍ കളിച്ചേനെ എന്ന് ഇന്ത്യയും കപിലും ഗവാസ്‌ക്കറും സച്ചിനും നമ്മുടെ ടീമില്‍ കളിച്ചേനെ എന്ന് പാക്കിസ്ഥാനും വിചാരിച്ചിരുന്ന ഒരു തലമുറയിലേ ആരാധകരുടെ നന്മയില്‍ നിന്ന് ഒരുപാട് ദൂരം പോയി ചിരവൈരികളുടെ മത്സരം എന്ന നിലയിലേക്ക് പോയിക്കഴിഞ്ഞു ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍.

ഒരു കാലത്ത് ആരാധകരുടെ ഞാഡി ഞരമ്പുകളെ സമ്മര്‍ദ്ദത്തിലാക്കിയ ആ പഴയ ക്രിക്കറ്റ് മത്സരത്തിന്റെ ആവേശങ്ങള്‍ ഒരു പക്ഷേ പഴയതിലും കൂടുതല്‍ ഇപ്പോഴുമുണ്ട്. പക്ഷെ ആ ആവേശം ക്രിക്കറ്റ് എന്നതിലുപരി രാഷ്ട്രീയവും മതവും ശത്രുതയും കാരണം കൊണ്ടു കൂടി ഉണ്ടാകുന്നതാണെന്ന് മനസ്സിലാകുമ്പോഴാണ് ദു:ഖം. ഇന്ത്യ-പാക് മത്സരം നടക്കരുതെന്ന് പ്രാര്‍ഥിക്കുന്നവര്‍ ഇരു രാജ്യങ്ങളിലുമുണ്ട്. അത് ക്രിക്കറ്റിനെ ഇഷ്ടമില്ലാത്തതുകൊണ്ടോ മറ്റോ അല്ല. എതിര്‍ ടീം ജയിച്ചാല്‍ സ്വന്തം രാജ്യത്ത് ന്യൂനപക്ഷമായ തങ്ങള്‍ (ഇന്ത്യയിലെ മുസ്ലീംങ്ങളും പാക്കിസ്ഥാനിലെ ഹിന്ദുക്കളും) അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങള്‍ ആലോചിച്ചാണ്.

തുല്യ ശക്തികളുടെ പോരാട്ടം കാണുവാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. അവസാന പന്തില്‍ സിക്‌സ് അടിച്ച് ഇന്ത്യയുടെ കൈയില്‍ നിന്ന് വിജയം തട്ടിയെടുത്ത മിയാന്‍ദാദിന്റെ നമ്മളെ രോഷകുലരാക്കിയ തവളച്ചാട്ടവും, ഷോയിബ് അക്തറിന്റെ 150 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന പന്തിനെ തഴുകി തേഡ്മാന് മുകളിലൂടെ അതിര്‍ത്തി കടത്തിയ സച്ചിന്റെ ക്ലാസ് ഇന്നിംഗ്‌സും കാണുന്നതിനപ്പുറം എന്ത് ആവേശമാണ് ഇപ്പോഴത്തെ ദുര്‍ബലരായ പാക്കിസ്ഥാനെ ഇന്ത്യ തകര്‍ക്കുമ്പോള്‍ കിട്ടുക. എന്നിരുന്നാലും കളിക്കളത്തില്‍ വിജയത്തിന് തന്നെയാണ് പ്രധാന്യം. ഇന്ത്യന്‍ ടീമിന് ആശംസകള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on June 5, 2017 11:53 am