X
    Categories: കായികം

അഭ്യൂഹങ്ങള്‍ക്ക് വിരാമം; നെയ്മര്‍ ബാഴ്സയിലേക്കില്ല

നെയ്മറിനു വേണ്ടി പിഎസ്ജി വന്‍ തുക ആവശ്യപ്പെട്ടതോടെയാണ് കൈമാറ്റം നടക്കാതിരിക്കാനുള്ള കാരണം.

നെയ്മര്‍ പിഎസ്ജിയില്‍ നിന്ന് ബാഴ്സലോണയിലേക്ക് തിരിച്ചെത്തില്ലെന്ന്  ഉറപ്പായി. നെയ്മറിനെ തിരിച്ച് ടീമിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും ബാഴ്സലോണ ഉപേക്ഷിച്ചുവെന്നാണ് റിപോര്‍ട്ട്.  സ്പെയിനിലെ താര കൈമാറ്റ വിപണി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ബാഴ്‌സയുടെ  തീരുമാനം. ഇതോടെ മാസങ്ങളായി നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഈ സീസണില്‍ പിഎസ്ജിയില്‍ തന്നെ കളിക്കും. ഇനിയുള്ള മത്സരങ്ങളില്‍ നെയ്മര്‍ ടീമിനായി കളത്തിലിറങ്ങും.

നെയ്മറിനു വേണ്ടി പിഎസ്ജി വന്‍ തുക ആവശ്യപ്പെട്ടതോടെയാണ് കൈമാറ്റം നടക്കാതിരിക്കാനുള്ള കാരണം. ഏതാണ്ട് 1742 കോടിയോളം രൂപ പണമായി തന്നെ വേണം എന്നായിരുന്നു ഫ്രഞ്ച് ടീമിന്റെ ആവശ്യം. അത്രയും തുക നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ക്രൊയേഷ്യന്‍ താരം റാകിറ്റിച് ഡെംബലെ പോലുള്ള താരങ്ങളെയും പിഎസ്ജി ആവശ്യപ്പെട്ടു. എന്നാല്‍ താരങ്ങളെ നല്‍കി നെയ്മറിനെ എത്തിക്കാനുള്ള ശ്രമവും ബാഴ്സ നടത്തിയെങ്കിലും അതും വിജയിച്ചില്ല. കാരണം പിഎസ്ജിയിലേക്ക് പോകാന്‍ റാകിറ്റിചോ ഡെംബലയോ തയ്യാറായിരുന്നില്ല. ഇതോടെയാണ് നീക്കം പാളിയത്. നെയ്മര്‍ ബാഴ്സലോണയിലേക്ക് മടങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ പിഎസ്ജി ആരാധകരെ നിരാശരാക്കിയിരുന്നു.