X

ദോശ ചുട്ട് മേയര്‍ പ്രശാന്ത്; ഈ തട്ടുകടയില്‍ നിന്നും നിങ്ങള്‍ കഴിച്ചാല്‍ ആ പണം ദുരിതാശ്വാസ നിധിയിലെത്തും

'നാടിനൊരു കൈത്താങ്ങ്' എന്ന പേരില്‍ ആരംഭിച്ച തട്ടുകട മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി ഡിവൈഎഫ്‌ഐ കാട്ടായിക്കോണം മേഖലാ കമ്മിറ്റി നാടന്‍ തട്ടുകട ആരംഭിച്ചു. ഇന്നലെ ആരംഭിച്ച തട്ടുകട മൂന്ന് ദിവസത്തേക്കാണ് പ്രവര്‍ത്തിക്കുക. ഇതില്‍ നിന്നും ലഭിക്കുന്ന തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

‘നാടിനൊരു കൈത്താങ്ങ്’ എന്ന പേരില്‍ ആരംഭിച്ച തട്ടുകട മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. തെങ്ങുവിള ദേവീക്ഷേത്രത്തിന്റെ ഉത്സവക്കമ്മിറ്റി ഓഫീസിലാണ് തട്ടുകട ഒരുക്കിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് ഉത്സവക്കമ്മിറ്റി ഓഫീസില്‍ തട്ടുകട നടത്താന്‍ അമ്പലക്കമ്മിറ്റിക്കാര്‍ അനുവദിക്കുകയായിരുന്നു. ദോശ, സാമ്പാര്‍, ചട്‌നി, മുളക് ചമ്മന്തി എന്നിവയാണ് വിഭവങ്ങള്‍. ഡിവൈഎഫ്‌ഐ നേതാവ് മനുലാല്‍ ആണ് തട്ടുകടയിലെ പ്രധാന പാചകക്കാരന്‍. ഭക്ഷണം കഴിക്കുന്നതിന് ബില്‍ നല്‍കുന്ന രീതിയും ഇവിടെയില്ല. കഴിക്കാന്‍ വരുന്നവര്‍ അവിടെ സ്ഥാപിച്ചിട്ടുള്ള ബക്കറ്റില്‍ ഇഷ്ടമുള്ള തുക നിക്ഷേപിച്ചാല്‍ മതിയെന്നും ഇനി കാശ് ഇട്ടില്ലെങ്കിലും കുഴപ്പമില്ലെന്നും മേഖല സെക്രട്ടറി സെബിന്‍ പറഞ്ഞത്.

മേഖല കമ്മിറ്റി അംഗങ്ങളുടെ വിഹിതമാണ് ഇവരുടെ പ്രവര്‍ത്തന മൂലധനം. ഇതുപയോഗിച്ച് മേഖലയില്‍ മൂന്ന് ദിവസങ്ങളിലായി തട്ടുകട നടത്തിയാണ് ഫണ്ട് സമാഹരണം. ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരണം നടത്തുന്നതിനൊപ്പം തന്നെ വിശക്കുന്നവന് ആഹാരവും നല്‍കുക എന്നൊരു ഉദ്ദേശം കൂടി അവര്‍ക്കുണ്ടെന്നാണ് മേഖല പ്രസിഡന്റ് പ്രവീണ്‍ പറയുന്നത്.

‘കാതില്‍ അണിഞ്ഞിരുന്ന കമ്മലുകള്‍ ഊരി മുഖ്യമന്ത്രിയെ ഏല്‍പ്പിച്ച കുട്ടി മുതല്‍ ചിത്രങ്ങള്‍ വരച്ചു നല്‍കിയും പാട്ടു പാടിയുമെല്ലാം ധനസമാഹരണം നടത്തുന്ന ഒട്ടനവധി പേരെ നമുക്ക് കാണുവാന്‍ കഴിയും. ഒരുതവണ അതിജീവനത്തിന്റെ ചരിത്രം രചിച്ചവരാണ് നമ്മള്‍. ആരൊക്കെ എങ്ങനെയൊക്കെ നമ്മളെ തകര്‍ക്കാന്‍ ശ്രമിച്ചാലും അവര്‍ പരാജയപ്പെടുകയെ ഉള്ളൂ’ എന്ന് തട്ടുകട ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കടകംപള്ളി അറിയിച്ചു. മേയര്‍ വി കെ പ്രശാന്തും ഇന്നലെ തട്ടുകടയിലെത്തിയിരുന്നു. അടുക്കളയുടെ ഉദ്ഘാടനം ദോശ ചുട്ട് നിര്‍വഹിച്ചത് മേയറാണ്.

also read:ജോസ് ടോം പുലിക്കുന്നേല്‍ എന്ന ആക്സിഡന്റൽ കാൻഡിഡേറ്റ്, അര നൂറ്റാണ്ട് കാലത്തെ പാലായുടെ ചരിത്രം മാറുമ്പോള്‍