X

വികാരത്തില്‍ തൊട്ട് കളിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ അപകടകാരികളായി മാറും

പോരായ്മകളെന്തൊക്കെയെന്ന് പഠിക്കാനുള്ള കളിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെതിരെയുണ്ടായിരുന്നത്

ദക്ഷിണാഫ്രിക്കയുടെ മുന്‍നിര പേസ് ബൗളര്‍ കഗിസോ റബാദ ഇന്ന് ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വാചകം ഇങ്ങനെയായിരുന്നു. ‘നിങ്ങള്‍ വികാരം കൊണ്ട് കളിക്കുമ്പോള്‍ നിങ്ങള്‍ അപകടകാരിയായി മാറും’. വികാരമെന്നത് ദക്ഷിണാഫ്രിക്കയെ മാത്രം ബാധിക്കുന്ന കാര്യമല്ലാത്തതിനാല്‍ തന്നെ ബംഗ്ലാദേശിനെയും ഇന്ന് അപകടകാരിയായി തന്നെ കാണാം.

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യത്തെ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോട് ഏറ്റ തോല്‍വിയില്‍ നിന്നാണ് ദക്ഷിണാഫ്രിക്ക വീണ്ടും കളത്തിലേക്കിറങ്ങുന്നത്. പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലെല്ലാം തങ്ങളുടേതായ പോരാട്ടവീര്യം പുറത്തെടുത്തിട്ടുള്ള ബംഗ്ലാദേശിന് ഇക്കുറിയും അട്ടിമറിയുടെ സാധ്യതകളുണ്ട്. ഇന്നത്തെ മത്സരത്തിലും ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിക്കാനുള്ള മരുന്ന് ബംഗ്ലാദേശിന്റെ കയ്യിലുണ്ടാകുമെന്നാണ് ഗ്രെിയിം സ്മിത്ത് പറയുന്നത്. തമീം ഇഖ്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍, മഷ്‌റഫെ മുര്‍ത്തസ എന്നിവരുടെ പരിചയ സമ്പത്തും കളി മികവും ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളിയാണ്. ആദ്യ മത്സരത്തില്‍ തോറ്റതിനാല്‍ തന്നെ ഈ വെല്ലുവിളികളെ തരണം ചെയ്യാന്‍ ഫാഫ് ഡൂപ്ലെസിയും ടീമും കുറച്ചധികം തന്നെ കഷ്ടപ്പെടേണ്ടി വരും.

പോരായ്മകളെന്തൊക്കെയെന്ന് പഠിക്കാനുള്ള കളിയായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനെതിരെയുണ്ടായിരുന്നത്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയിട്ടും ഇംഗ്ലണ്ട് ബാറ്റിംഗ് നിരയുടെ കുതിപ്പിനെ തടയാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പരാജയങ്ങളില്‍ ഡൂപ്ലസിയും സംഘവും ഒരിക്കലും തളരാറില്ല. ആ തിരിച്ചു വരവ് ഇന്നു കാണാമെന്ന് പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍.

ഓവലിലാണ് ഇന്ന് കളി. അതായത് സ്ലോ ബൗളര്‍മാരെ പിന്തുണയ്ക്കുന്ന പിച്ച്. താഹിറിനൊപ്പം തബരേസ് ഷിംസി കളിക്കാനുള്ള സാധ്യതയാണ് ഇന്നുള്ളത്. പേസര്‍മാര്‍ക്ക് ബൗണ്‍സ് ലഭിക്കുന്നുവെന്നതും ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷയേകുന്നു. പേസും ബൗണ്‍സും ബംഗ്ലദേശിനെ പ്രതിരോധത്തിലാക്കിയേക്കും.

അതേസമയം ബംഗ്ലാദേശിനെ ആര്‍ക്കാണ് പ്രവചിക്കാനാകുകയെന്ന് അവര്‍ വര്‍ഷങ്ങളായി തെളിയിക്കുന്നതാണ്. മികച്ച ഓള്‍ റൗണ്ടിംഗ് മികവുള്ള ടീമുകളിലൊന്നാണ് അവര്‍. ടീമിന്റെ ഒത്തിണക്കം അവരെ വിജയിപ്പിച്ച ചരിത്രം നാമെത്രയോ കണ്ടതാണ്. നാട്ടിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇരു ടീമുകളും ലോകകപ്പിനെത്തുന്നത്. അവര്‍ക്ക് ക്രിക്കറ്റ് കച്ചവടമോ വിനോദമോ മാത്രമല്ല, വികാരം കൂടിയാണ്. പലതിലും മുന്നോട്ട് കയറാനുള്ള ഒരു വഴി. അതിനാല്‍ തന്നെ രണ്ട് വിരുദ്ധ വികാരങ്ങളുടെ മത്സരമാണ് ഇന്ന് നാം പ്രതീക്ഷിക്കേണ്ടത്.

read more:‘പൂന്തോട്ടത്തിലെ സ്ത്രീയെയാണ് എനിക്ക് സംശയം’: ബാലഭാസ്‌കറിന്റെ അച്ഛന്‍ വെളിപ്പെടുത്തുന്നു