X
    Categories: കായികം

ധോണിയെ പറഞ്ഞ് മനസിലാക്കണം; തുറന്നടിച്ച് വിരേന്ദര്‍ സേവാഗ്

ഋഷഭ് പന്തിന്റെ ഗ്രൂമറായി നിന്ന് താരത്തെ മെച്ചപ്പെടുത്തിയെടുക്കാന്‍ ധോണിക്ക് സാധിക്കുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പ്രകടനം തൃപ്തികരമല്ലായിരുന്നു. ബാറ്റിംഗിലെ മെല്ലെപ്പോക്കിന് താരത്തിനെരിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ധോണിയുടെ വിരമിക്കലാണ് ക്രിക്കറ്റ് ലോകത്തൈ പ്രധാന ചര്‍ച്ച. താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിനായി ഒരുകൂട്ടം കാത്തിരിക്കുമ്പോള്‍ ധോണി ഇപ്പോള്‍ വിരമിക്കേണ്ടതില്ലെന്നാണ് ധോണി ആരാധകരുടെ പക്ഷം.

മുന്‍ താരങ്ങള്‍ മുതല്‍ ആരാധകര്‍ വരെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വാദിക്കുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. വിരമിക്കലിനെ കുറിച്ച് സെലക്ടര്‍മാര്‍ ധോണിയെ പറഞ്ഞ് മനസിലാക്കണമെന്നാണ് സെവാഗ് പറയുന്നത്.
‘എപ്പോള്‍ വിരമിക്കണം എന്നത് ധോണിയുടെ തീരുമാനം തന്നെയാണ്. എന്നാല്‍ സെലക്ടര്‍മാരുടെ പണി ധോണിയെ പറഞ്ഞ് മനസിലാക്കുക എന്നതാണ്. ഇനി മുമ്പോട്ട് ധോണിയെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി കാണാന്‍ സാധിക്കില്ലായെന്ന് വ്യക്തമാക്കണം. എന്നോടും അത്തരത്തില്‍ സംസാരിച്ചിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, അങ്ങനെയെങ്കില്‍ എനിക്ക് പറയാനുള്ളത് അവരെ അറിയിക്കാന്‍ എനിക്കും സാധിക്കുമായിരുന്നു,’ സെവാഗ് പറഞ്ഞു.

സെലക്ടര്‍മാര്‍ ധോണിയെ കണ്ട് മാറ്റി നിര്‍ത്തുവാണെന്ന് പറഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാന്‍ സാധിക്കും. വീണ്ടും തിളങ്ങാനായാല്‍ ദേശീയ ടീമിലോട്ട് പരിഗണിക്കാനും പറ്റുമെന്നും സേവാഗ് പറഞ്ഞു. ഋഷഭ് പന്തിന്റെ ഗ്രൂമറായി നിന്ന് താരത്തെ മെച്ചപ്പെടുത്തിയെടുക്കാന്‍ ധോണിക്ക് സാധിക്കുമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.