യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ജപ്പാന്‍ താരങ്ങള്‍ക്ക് മികച്ച മുന്നേറ്റം. പുരുഷ വിഭാഗത്തില്‍ കീ നിഷികോരിയും വനിതാ വിഭാഗത്തില്‍ നവോമി ഒസാക്കയുമാണ് സെമിയിലെത്തി. വനിതാ താരം നവോമി ഒസാക്ക ചരിത്ര നേട്ടത്തോടെയാണ് സെമിയിലെത്തുന്നത്. യുഎസ് ഓപ്പണ്‍ സെമിയില്‍ എത്തുന്ന ആദ്യ ജപ്പാന്‍ വനിതാ താരമെന്ന നേട്ടമാണ് നവോമി ഒസാക്ക സ്വന്തമാക്കിയത്.
ഉക്രൈയ്‌നിന്റെ ലെയ്‌സ സുരെങ്കോയെ 6-1, 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഒസാക്ക സെമിയിലെത്തിയത്. 57 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ അനായസമായിട്ടാണ് ഒസാക്ക സുരെങ്കോയെ തറപറ്റിച്ചത്. സെമിയില്‍ അമേരിക്കയുടെ മാഡിസണ്‍ കീസ് ആണ് ഒസാക്കയുടെ എതിരാളി. ക്വാര്‍ട്ടറില്‍ കാര്‍ല സുവാരസിനെ 6-4, 6-3 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് മാഡിസണ്‍ സെമിയില്‍ എത്തിയത്.
പുരുഷ വിഭാഗത്തില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ 2-6, 6-4, 7-6, 4-6, 6-4 പരാജയപ്പെടുത്തിയാണ് നിഷികോരി സെമിയില്‍ പ്രവേശിച്ചത്. 2014-ല്‍ നിഷികോരിയെ തോല്‍പ്പാണ് സിലിച്ച് യുഎസ് ഓപ്പണ്‍ നേടിയത്. അടുത്ത കാലത്തെ മികച്ച പ്രകടനമാണ് യുഎസ് ഓപ്പണിലെ ക്വാര്‍ട്ടറില്‍ നിഷികോരി കാഴ്ചവെച്ചത്.
സെമിയില്‍ സെര്‍ബിയന്‍താരം നൊവാക്ക് ദ്യോക്കോവിച്ചാണ് നിഷികോരിയുടെ എതിരാളി. ഇതിഹാസതാരം റോജര്‍ ഫെഡററെ അട്ടിമറിച്ചെത്തിയ ജോണ്‍ മില്‍മാനെ 6-3, 6-4, 6-4 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ദ്യോക്കോവിച്ച് വീഴ്ത്തിയത്. ഫെഡറര്‍ക്കെതിരായ പ്രകടനമികവ് ആവര്‍ത്തിക്കാന്‍ മില്‍മാന് കഴിഞ്ഞില്ല. നേരത്തെ സ്‌പെയിനിന്റെ റാഫേല്‍ നദാലും അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും സെമിയിലെത്തിയിരുന്നു.
Leave a Comment