“ഒന്നുകിൽ ഞാനും എന്റെ കൂടെയുള്ള പെൺകുട്ടികളും ഭയങ്കര ഫാസ്റ്റ് ആയിരിക്കും, അല്ലെങ്കിൽ ആ ആണുങ്ങളൊക്കെ വളരെ സ്ലോ ആയിരിക്കും,” നിക്കോൾ ഹാൻസെൽമാൻ എന്ന സ്വിസ് വനിതാ സൈക്ക്ലിസ്റ്റ് അഭിമാനത്തോടെ ഇങ്ങനെ പറയാൻ ഒരു കാരണമുണ്ട്. ബെൽജിയത്തിൽ വെച്ച് നടന്ന പ്രശസ്തമായ ഓംലൂപ് ഹൈറ്റ് ന്യൂസ്ബ്ളാഡ് സൈക്കിൾ ഓട്ട മത്സരത്തിൽ അവർ അത്ര കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നടത്തപ്പെടുന്ന സൈക്കിൾ റേസിൽ ഹാൻസെൽമാൻ മത്സരിച്ച് തുടങ്ങിയത് സ്ത്രീകളോടൊപ്പമായിരുന്നെങ്കിലും ഒടുവിൽ പുരുഷന്മാർക്കൊപ്പം തന്നെ സൈക്കിൾ ചവിട്ടിയെത്തി.
അത്ഭുതം അതല്ല, സ്ത്രീകൾക്കായുള്ള മത്സരങ്ങൾ തുടങ്ങുന്നതിന് പത്ത് മിനുട്ട് മുൻപേ തന്നെ ആരംഭിച്ച് കഴിഞ്ഞിരുന്ന പുരുഷന്മാരുടെ മത്സരത്തിനിടയിലേക്കാണ് വിശ്വസിക്കാൻ പോലുമാകാത്ത വേഗതയിൽ ഹാൻസെൽമാൻ പാഞ്ഞ് കയറിയത്. പുരുഷന്മാരുടെ ഇടയിൽ കയറി അവരെയും പിന്നിലാക്കി ഹാൻസെൽമാൻ പോയേക്കുമെന്ന് കണ്ടതോടെ മത്സരങ്ങൾ തമ്മിലുള്ള കൂട്ടിമുട്ടൽ ഒഴിവാക്കാനായി സുരക്ഷാ ഉദ്യോഗസ്ഥനെത്തി ഹാൻസെൽമാനെ തടഞ്ഞു.
പക്ഷെ ഇത്രയും വേഗതയുള്ള സൈക്ലിസ്റ്റ് ആയിട്ടും ഒടുവിൽ മത്സര ഫലം വന്നപ്പോൾ അവർക്ക് വെറും എഴുപത്തിനാലാം സ്ഥാനം മാത്രം! സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിന് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ ഹാൻസെൽമാന് വ്യക്തമായ ലീഡ് നൽകിയിരുന്നു. എങ്കിലും താൻ മുൻപ് സൈക്കിൾ ചവിട്ടിയിരുന്നതുപോലെ അത്രയും ആവേശത്തോടെ പിന്നീട് മുന്നേറാൻ സാധിച്ചില്ലെന്നാണ് ഹാൻസെൽമാൻ ദി ഗാർഡിയനോട് പറയുന്നത്. കുറെ ദൂരമൊക്കെ ലീഡ് നിലനിർത്തിയിരുന്നെങ്കിലും അവസാന റൗണ്ടായപ്പോഴേക്കും അവർ പതറുകയായിരുന്നു.
മത്സരത്തിൽ അത്ര വലിയ വിജയം ഒന്നും നേടാനായില്ലെങ്കിലും ഹാൻസെൽമാൻ തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തെ റേസിലെ താരം എന്നാണ് ലോകം ഒരേ സ്വരത്തിൽ പറയുന്നത്. മത്സര ഫലത്തിൽ താൻ പരിപൂർണ്ണ സംതൃപ്തയാണെന്നും സ്ത്രീകളുടെയും പുരുഷൻമാരുടെയും മത്സരത്തിനിടയ്ക്ക് കുറച്ച് കിലോമീറ്ററുകൾ ഒറ്റയ്ക്ക് സൈക്കിളിൽ പറന്നത് വളരെ ആവേശകരമായിരുന്നെന്നും ഇവർ ദി ഗാർഡിയനോട് പറഞ്ഞു.
Leave a Comment