അഴിമുഖം പ്രതിനിധി
ടി20 ലോകകപ്പില്‍ വെസറ്റ് ഇന്‍ഡീസിനോട് ഇന്ത്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ശ്രീഗനറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംഘര്‍ഷം. കാമ്പസ് താല്‍ക്കാലികമായി അടച്ചു. തിങ്കളാഴ്ച്ച ക്ലാസ് തുടങ്ങണമോയെന്ന് തീരുമാനിക്കാന്‍ അധികൃതര്‍ ഇന്ന് യോഗം ചേരുന്നുണ്ട്.
കശ്മീരികളും കശ്മീരിന് പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് കശ്മീരി വിദ്യാര്‍ത്ഥികളോട് ഹോസ്റ്റലുകളില്‍ നിന്ന് ഒഴിഞ്ഞു പോകാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇന്നലെ വിദ്യാര്‍ത്ഥികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു. കശ്മീരികളല്ലാത്ത വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവദിച്ചതിന് അധികൃതര്‍ക്ക് എതിരെ കശ്മീരികളായ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം മുഴക്കി.
വ്യാഴാഴ്ച്ച രാത്രിയില്‍ ടി20 ലോകകപ്പ് സെമിഫൈനലിലെ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം ചില കശ്മീരി വിദ്യാര്‍ത്ഥികള്‍ ആഘോഷിച്ചിരുന്നു. ഇത് രണ്ടു വിഭാഗങ്ങളും തമ്മിലെ വഴക്കിന് കാരണമായി. ഇന്നലെ ഉച്ചയ്ക്കുശേഷം കശ്മീരികളല്ലാത്ത 500-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ച ഒരു അധ്യാപകനും പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഒരു കൊറിയര്‍ കമ്പനിയുടെ ജീവനക്കാരന്റെ കൈയ്ക്കും പരിക്കേറ്റു.
ആക്രമണം നടത്തിയ കശ്മീരികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ എന്‍ഐടി കാമ്പസിലെ ക്ലാസ് റൂമുകള്‍ക്ക് നാശം വരുത്തി. കൂടാതെ അവര്‍ പാക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. അവര്‍ ഇന്ത്യയുടെ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും കാമ്പസിനുള്ളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തു.
കശ്മീരി വിദ്യാര്‍ത്ഥികള്‍ വ്യാഴാഴ്ച്ച രാത്രിയില്‍ ഹോസ്റ്റല്‍ മുറികള്‍ക്ക് നേരെ കല്ലേറ് നടത്തിയതായി പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. എന്‍ഐടി അധികൃതരോട് ഇക്കാര്യം പറഞ്ഞുവെങ്കിലും നടപടിയുണ്ടായില്ലെന്നും അവര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് തങ്ങള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതെന്നും തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതെന്നും അവര്‍ വിശദീകരിക്കുന്നു.
This post was last modified on December 27, 2016 3:59 pm
Leave a Comment