X

ഇത് അപകടകരമാണ്; ഡിഎന്‍എ പരിശോധിക്കാന്‍ സര്‍ക്കാരിന് എന്താണ് അവകാശം?

എഡിറ്റോറിയല്‍ / ടീം അഴിമുഖം

നിയമങ്ങള്‍ ഉണ്ടാക്കുന്ന സമയത്ത് ഇന്ത്യ ഭരിക്കുന്നവര്‍ ആവര്‍ത്തിക്കുന്ന ഒരു വാക്യമുണ്ട്. എല്ലാ ജനാധിപത്യങ്ങളും തുല്യമാണെന്ന ആപ്തവാക്യമാണത്. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതില്‍ നിന്നും സ്വകാര്യ പ്രശ്‌നങ്ങളെയും സ്വകാര്യ അവകാശങ്ങളെയും സംരക്ഷിക്കുന്നതിലുള്ള ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ സത്യത്തില്‍ നിന്നും വളരെ അകലെ നില്‍ക്കുന്ന ഒന്നാണ് ഈ ആപ്തവാക്യം എന്ന് ബോധ്യമാകും. അതുകൊണ്ട് തന്നെ, യുകെയിലോ യുഎസിലോ സമാനമായ നിയമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടികൊണ്ട് അതിന്റെ പകര്‍പ്പ് ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതില്‍ ചില പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഇപ്പോള്‍ ശാസ്ത്ര, സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ് കരട് രൂപം നല്‍കിയിരിക്കുന്ന മനുഷ്യ ഡിഎന്‍എ രൂപരേഖനിര്‍ണയ ബില്ല് ഇത്തരത്തിലുള്ള നിരവധി അസ്വസ്ഥജനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സിവില്‍, ക്രിമിനല്‍ കേസുകളിലെ തീര്‍പ്പുകള്‍ വേഗത്തിലാക്കുക, അവകാശികള്‍ ഇല്ലാത്ത ശവശരീരങ്ങള്‍ തിരിച്ചറിയുക, കാണാതായവരെ കണ്ടെത്തുക തുടങ്ങിയ ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ബില്ലിന്റെ കരടിന് രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ നിയമങ്ങളുടെ വിശ്വസ്തവും സുരക്ഷിതവുമായ ഒരു ചട്ടക്കൂട്ടില്‍ ഈ ലക്ഷ്യങ്ങള്‍ പ്രതിഷ്ഠിക്കുന്ന ഇടത്താണ് ഈ ബില്ല് പരാജയപ്പെടുന്നത്. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബില്ലിലെ സാമ്പിള്‍ ശേഖരണ പ്രക്രിയയെ കുറിച്ചുള്ള വിശദീകരണങ്ങള്‍ ഇപ്പോള്‍ തന്നെ വിവാദമായിട്ടുണ്ട്. ‘ലിംഗം മുതല്‍ മലദ്വാരം വരെയുള്ള ഭാഗങ്ങളിലെയും നിതംബത്തിലെയും സ്ത്രീകളുടെ കാര്യത്തില്‍ മാറിടങ്ങളിലെയും’ ഏറ്റവും ‘സ്വകാര്യമായ ശരീരാവയവ സാമ്പിളുകള്‍’ ആണ് ശേഖരിക്കുക.

സ്വകാര്യഭാഗങ്ങളുടെ പുറംപരിശോധന, ‘ഗുഹ്യരോമങ്ങളുടെയോ’ അല്ലെങ്കില്‍ ‘തുടയ്ക്കുകയോ കഴുകുകയോ ചെയ്തുകൊണ്ട്’ അല്ലെങ്കില്‍ ‘വലിച്ചെടുക്കലിലൂടെയോ ചുരണ്ടിയെടുക്കുകയോ അല്ലെങ്കില്‍ ടേപ്പ് ഉപയോഗിച്ച് വലിച്ചെടുക്കുകയോ’ ചെയ്തുകൊണ്ട് സാമ്പിളുകള്‍ ശേഖരിക്കുതും ‘ഫോട്ടോഗ്രാഫുകളോ വീഡിയോ റെക്കോര്‍ഡിംഗോ വഴിയും ഒരു മുറിവിന്റെ അടയാളം അല്ലെങ്കില്‍ രൂപം ശേഖരിക്കുന്നതും’ ഒക്കെ സ്വകാര്യമായ ഫോറന്‍സിക് പ്രക്രിയയുടെ ഭാഗമാണ്. 

ബയോടെക്‌നോളജി വകുപ്പിലെ മുതിര്‍ന്ന ഉപദേശകനായ ടിഎസ് റാവുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കഴിഞ്ഞ ജനുവരിയില്‍ സമര്‍പ്പിച്ച ബില്ലിന്റെ കരട് പ്രകാരം, ‘രജിസ്റ്റര്‍ ചെയ്ത ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍ക്ക് ജീവിച്ചിരിക്കുന്ന ആളുകളില്‍ നിന്നും സ്വകാര്യ ശരീരഭാഗങ്ങള്‍ ശേഖരിക്കുകയും സ്വകാര്യമായ ഫോറന്‍സിക് പ്രക്രിയ നടപ്പിലാക്കുകയും ചെയ്യാം.’

‘കുറ്റവാളിയായ ഒരാളോ ഒരു നിശ്ചിത കുറ്റാരോപണത്തിന്റെ പേരില്‍ വിചാരണ നേരിടുന്ന വ്യക്തിയോ,’ എന്ന് നിര്‍വചിക്കപ്പെട്ടിരിക്കുന്ന ‘കുറ്റാരോപിതനെ’ മാത്രമല്ല സ്വകാര്യ ഫോറന്‍സിക് പ്രക്രിയയ്ക്ക് വിധേയനാക്കുക എന്നും കരട് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ‘സംശയിക്കപ്പെടുന്ന’ ഒരു വ്യക്തിയില്‍ നിന്ന് പോലും സാമ്പിളുകള്‍ ശേഖരിക്കാന്‍ ഡിഎന്‍എ ഡേറ്റാബാങ്കിന് ബില്ല് അധികാരം നല്‍കുന്നു. ‘കുറ്റം നടന്ന സ്ഥലവുമായോ’ ‘കാണാതായ ആളുമായോ’ ബന്ധമുള്ള വ്യക്തികള്‍ പോലും ഡേറ്റാബാങ്കിന്റെ ‘സൂചിക’ പട്ടികയില്‍ വരുന്നു. നിയമം നടപ്പിലായതിന് ശേഷം ‘സന്നദ്ധ പ്രവര്‍ത്തകരുടെയും’ ‘ചട്ടങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്ന മറ്റ് ഡിഎന്‍എ സൂചകങ്ങളുടെയും’ ഒരു പട്ടിക സൂക്ഷിക്കാന്‍ ഡേറ്റാ ബാങ്കിന് ബില്ല് അധികാരം നല്‍കുന്നു എന്നതാണ് ഏറ്റവും അപകടകരം.

ഡിഎന്‍എ രൂപരേഖ നിര്‍ണയം വഴി ലഭ്യമാകുന്ന വിവരങ്ങള്‍ ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് മാത്രമല്ല, പിതൃത്വം, മാതൃത്വം, വാടകഗര്‍ഭധാരണം, അവയവദാനം, കുടിയേറ്റം, വ്യക്തിത്വ തിരിച്ചറിയല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സിവില്‍ കേസുകളിലും ലഭ്യമാക്കണം എന്ന വകുപ്പും തുല്യ പ്രധാനം അര്‍ഹിക്കുന്നു. സാധാരണ സിവില്‍ പ്രശ്‌നങ്ങളോടൊപ്പം ‘വംശമഹിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും’ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതും ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ വംശമഹിമ നിര്‍ണയിക്കുന്നത് എന്തിനാണ് ഡിഎന്‍എ രുപരേഖ നിര്‍ണയം ഉപയോഗിക്കുന്നതെന്ന് ബില്ലില്‍ എവിടെയും വിശദീകരിക്കുന്നുമില്ല.

വംശമഹിമയുമായി ബന്ധപ്പെട്ട വളരെ അവ്യക്തമായ പ്രസ്താവനയ്ക്ക് അപ്പുറം ഡിഎന്‍എ രുപരേഖ നിര്‍ണയവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍, ‘വ്യക്തിപരമായി തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങള്‍ ഇല്ലാതിരിക്കുകയും ധാര്‍മ്മിക മൂല്യങ്ങള്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം, നിര്‍ദ്ദേശിച്ചിരിക്കുന്ന തരത്തിലുള്ള വ്യക്തിഗത തിരിച്ചറിയല്‍ ഗവേഷണത്തിനോ പെരുമാറ്റച്ചട്ടം വികസിപ്പിക്കുന്നതിനോ ഗുണനിലവാരം നിശ്ചയിക്കുന്നതിനോ ഉപയോഗിക്കുന്നതിനായുള്ള ഒരു ജനസംഖ്യ വിവര ഡാറ്റാ ബാങ്ക് സൃഷ്ടിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി,’ ഉപയോഗിക്കാമെന്നും ബില്ല് പറയുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on July 26, 2015 2:33 pm

Related Post
Leave a Comment