X

കോടതി കയറിയല്ല പുരസ്കാരം നേടേണ്ടത് – സുദേവന്‍ സംസാരിക്കുന്നു

സുദേവന്‍/എം.കെ.രാമദാസ്

വിവാദങ്ങള്‍ ഉണ്ടാവുന്നത്?
ജനാധിപത്യം അംഗീകരിക്കുന്നു. ഓരോരുത്തരുടെ താല്‍പ്പര്യങ്ങളാണിത്. ഇഷ്ടമുള്ളവര്‍ അങ്ങിനെ പോവട്ടെ. ഞാനില്ല.

ആസ്വാദന നിലവാരവുമായി ബന്ധപ്പെട്ട് പുരസ്‌കാരങ്ങളെ കാണേണ്ടതല്ലേ?
അതാതു സമയത്തെ താല്‍പ്പര്യങ്ങളാണ് മുഴച്ചുനില്‍ക്കുന്നത്. ഇതു ബോധപൂര്‍വ്വമോ അല്ലാതെയോ ആവാം. താരതമ്യത്തിന് കഴിയാത്തതാണ് കല. സിനിമ പ്രത്യേകിച്ചും.

വിവാദങ്ങളെക്കുറിച്ച് പൊതുവേ?
ചോദ്യം ചെയ്യലുകള്‍ ശരിയാണെന്ന് വന്നിട്ടുണ്ട്. ഉദാഹരണത്തിന് അടൂരിന്റെ സിനിമകള്‍ തന്നെയെടുക്കാം. എലിപ്പത്തായം, അനന്തരം തുടങ്ങിയ സിനിമകള്‍ വിലയിരുത്തലിനു മുമ്പിലെത്തുമ്പോള്‍ അവയെ വിധികര്‍ത്താക്കള്‍ക്ക് തഴയാനാവില്ല. അത്തരം സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കും. അക്കാര്യം കൊണ്ട് മറ്റു സിനിമകള്‍ മോശമെന്നു വരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ആളുകള്‍ക്കനുസരിച്ച് മാറുകയും ചെയ്യുന്നുണ്ട്.

സുദേവന്റെ സിനിമാ പ്രവര്‍ത്തനങ്ങളെ അവാര്‍ഡുകള്‍ തുണച്ചോ?
നമുക്കു ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നു. വൈകാരികമായി ഇതിനെയൊന്നും സമീപിക്കുന്നില്ല. അവാര്‍ഡിനായി പരിഗണിച്ചതില്‍ സന്തോഷം. വളരെ പോസിറ്റീവ് ആയാണ് ഇതിനെയെല്ലാം കാണുന്നത്. സമാന്തര സിനിമകള്‍ക്ക് ഗുണകരമാണിതെല്ലാം എന്നാണ് വിശ്വാസം.


സുദേവന്‍ ക്രൈം നമ്പര്‍ 89 ചിത്രീകരണ വേളയില്‍

അവാര്‍ഡിനു ശേഷം?
പൊതുസമൂഹത്തില്‍ നിന്നല്‍പ്പം ശ്രദ്ധ നേടാന്‍ അവാര്‍ഡിലൂടെ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തുനിന്നും വിദേശത്തുനിന്നുമെല്ലാം സിനിമ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ പഴയ ചലച്ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരും ധാരാളമായി ഉണ്ടായിട്ടുണ്ട്.  

സഹപ്രവര്‍ത്തകര്‍?
എന്‍ജോയ് ചെയ്യുന്നുണ്ട്. കാര്യങ്ങളെല്ലാം പഴയപടിയാണെങ്കിലും. ഞങ്ങളുടെ സിനിമാ പ്രവര്‍ത്തനങ്ങള്‍ ആളുകള്‍ക്ക് മനസ്സിലാവുന്നുണ്ട്.  അല്‍പ്പം കൂടി എളുപ്പമുണ്ട്. 

സിനിമാ ലോകത്തുനിന്നുള്ള പ്രതികരണം?
പ്രശസ്തരായ നിര്‍മ്മാതാക്കളോ മറ്റു കമ്പനികളോ ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യത്തില്‍ മറ്റു സ്ഥലങ്ങളെപ്പോലെയല്ല കേരളത്തില്‍. മറ്റിടങ്ങളില്‍ കുറച്ചുകൂടി അംഗീകാരം കിട്ടുമെന്നു തോന്നുന്നു. ആളുകള്‍ക്ക് ഞങ്ങളുടെ സിനിമ കാണണമെന്ന് താല്‍പ്പര്യമുണ്ട്. പക്ഷേ തീയേറ്ററുകള്‍ ലഭിക്കുന്നില്ല. വിതരണം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. അവാര്‍ഡ് തന്ന് കൈകഴുകുകയാണ് ഗവണ്‍മെന്റ്. നവാഗതരായ സിനിമാ പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ വശവും പരിപാടിയൊന്നുമില്ല. അവാര്‍ഡ് പ്രഖ്യാപിക്കുന്നതോടെ എല്ലാം അവസാനിച്ചെന്ന രീതിയിലാണ് കാര്യങ്ങള്‍. ചലച്ചിത്ര അക്കാദമിയും ഇക്കാര്യത്തില്‍ ഒഴിഞ്ഞുമാറുകയാണ്. വിപണി കേന്ദ്രീകൃതമായ ശൈലിയാണ് അവരുടെ പ്രവര്‍ത്തനം. തീയേറ്ററുകള്‍ പോലും അനുവദിക്കാന്‍ അക്കാദമി ഒരുക്കമല്ല.

കേരള അന്തരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നാറ്റ്പാക് പുരസ്കാരം സ്വീകരിക്കുന്നു

അവാര്‍ഡിനു ശേഷമുണ്ടായ ഒരു കാര്യം, ചില നടന്‍മാര്‍ അവര്‍ക്കനുയോജ്യമായ കഥയും കഥാപാത്രവുമുണ്ടോ എന്ന അന്വേഷണം വന്നു. അവാര്‍ഡിനു പരിഗണിക്കാത്ത ചില സിനിമകള്‍ മികച്ചതാണെന്ന അഭിപ്രായമുണ്ട്. സജിന്‍ ബാബുവിന്റെ സിനിമ അത്തരത്തിലുള്ളതാണ്. ഞങ്ങള്‍ പുരസ്‌കാരത്തിനു വേണ്ടി മാത്രമായി ഒന്നും ചെയ്തില്ല. ഞങ്ങളുടെ രീതി അതല്ല. കോടതിയിലൂടെ പരിഹരിക്കാനാവുമെന്ന വിശ്വാസവും ഇല്ല.  മഹാന്‍മാരായ എത്രയോ ചലച്ചിത്രകാരന്‍മാര്‍  യഥാകാലങ്ങളില്‍ തഴയപ്പെട്ടിട്ടുണ്ട്. അവരൊന്നും  കോടതിയില്‍ പോയി പ്രശ്‌നം പരിഹരിച്ചതിനു തെളിവുമില്ല. ബഹളങ്ങളിലൂടെ പുരസ്‌കാരങ്ങള്‍ പിടിച്ചെടുക്കുന്നതിന്റെ യുക്തി ഇനിയും മനസ്സിലാക്കാനായിട്ടില്ല. സിനിമയെ ആസ്വാദകര്‍ക്ക് മുന്നിലവതരിപ്പിച്ച് വിലയിരുത്തലിന് വിധേയമാക്കുകയാണ് വേണ്ടത്. പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം കൂടിയുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തെ വിലമതിച്ചേപറ്റൂ. കോടതിയില്‍ പോവാനൊക്കെ എല്ലാവര്‍ക്കും അവകാശമുണ്ട്. ‘ഒരു കാര്യം ഉറപ്പിച്ചു പറയാനാവും. ഞങ്ങള്‍ അതിനൊന്നും തയ്യാറല്ല.’  കോടതി കയറിയിറങ്ങി കലാപ്രവര്‍ത്തനത്തിന് അവസാനം കണ്ടെത്താനാവുമെന്ന തോന്നലും ഞങ്ങള്‍ക്കില്ല. ഈ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ പോകേണ്ടി വരുമെന്നൊന്നും ഇപ്പോഴും കരുതുന്നില്ല. എന്തായാലും അവാര്‍ഡ് നിര്‍ണ്ണയ ഗൂഢാലോചനയില്‍ നേരിട്ട് പങ്കെടുത്തതായി പരാതി ഉന്നയിക്കപ്പെട്ടിട്ടില്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വഴികളുണ്ട്.  സി.ആര്‍. നമ്പര്‍ 89 ന് ശേഷം അടുത്ത സിനിമ. സിനിമയാണ് ഞങ്ങള്‍ക്ക് പ്രധാനം.

This post was last modified on October 24, 2014 7:44 am