X

ആത്മഹത്യ; ആദിവാസികള്‍ക്കിടയിലെ അസ്വസ്ഥതപ്പെടുത്തുന്ന പുതിയ പ്രവണത

ആന്ധ്രപ്രദേശിലെ ഗോണ്ട ആദിവാസികള്‍ക്കിടയില്‍ 2011-12 വരെ ആത്മഹത്യ കേട്ടുകേള്‍വിപോലുമായിരുന്നില്ല

ആന്ധ്രപ്രദേശിലെ അവിഭജിത ആദിലാബാദ് ജില്ലയിലെ ഗോണ്ട ആദിവാസികള്‍ക്കിടയില്‍ ആത്മഹത്യ അഭൂതപൂര്‍വമായി വര്‍ദ്ധിക്കുന്നതായി ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആദിലാബാദ്, കുമരെ ബീം അസിഫാബാദ്, മഞ്ചേരിയല്‍, നിര്‍മ്മല്‍ ജില്ലകളിലായി ചിതറിക്കിടക്കുന്ന ഗോണ്ട ആദിവാസികള്‍ക്കിടയില്‍ 2011-12 വരെ ആത്മഹത്യ കേട്ടുകേള്‍വിയില്ലായിരുന്നു എന്ന് മാത്രമല്ല, അത്ര കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ മനക്കരുത്തുള്ളവരുമല്ല ഈ വിഭാഗങ്ങള്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേരേഡിഡോണ്ട മണ്ഡലലില്‍ 2011-12 കാലഘട്ടത്തിലാണ് ആദ്യമായി നാല് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2014 ജൂലൈയ്ക്ക് ശേഷം ഒരു ഡസനിലേറെ ആത്മഹത്യകളാണ് പ്രദേശത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ പകുതിയും 2015ലായിരുന്നു.

എന്നാല്‍ ഈ ഡിസംബര്‍ ഒമ്പതിന് കുമ്രാം തുളസിറാമിന്റെ ആത്മഹത്യ പ്രദേശവാസികളെ മുഴുവന്‍ ഞെട്ടിച്ചു. കെറാമേരി മണ്ഡലിലെ ജോദേഗാട്ട് വിഭാഗത്തില്‍ പെടുന്ന ആളാണ് അദ്ദേഹം. നിസാമിനെതിരെ പോരാടി രക്തസാക്ഷിത്വം വഹിച്ച കുമ്രാം ബീമിന്റെ ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. ആദിവാസി ഹൃദയഭൂമിയിലാണ് 16 ആത്മഹത്യകള്‍ നടന്നതെങ്കില്‍ ബാക്കിയുള്ളവ ഇപ്പോള്‍ ആദിവാസികള്‍ ന്യൂനപക്ഷമായ തലമദുഗു, ബോത്ത്, നെരിഡിഗോണ്ട, ബേല, ഗുഡിഹാട്ടന്നൂര്‍, സിര്‍പൂര്‍ മണ്ഡലുകളിലാണ് സംഭവിച്ചിട്ടുള്ളത്.

പെന്‍ഗംഗ നദി വടക്കും ഗോദാവരി തെക്കുമായി ഒഴുകുന്ന പ്രദേശത്തില്‍ ജീവിക്കുന്ന 2.5 ലക്ഷം ഗോണ്ട ആദിവാസികള്‍ എന്തുകൊണ്ടും മറ്റ് വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തരാണ്. ഉപജീവനാര്‍ത്ഥം കൃഷി ചെയ്യുന്ന രീതി ഇവരുടെ പ്രത്യേകതയാണ്. ഓരോ കുടുംബത്തിനും ശരാശരി നാല് മുതല്‍ അഞ്ച് ഏക്കര്‍ വരെ ഭൂമിയാണുള്ളത്.

വിവിധ ഭക്ഷ്യവസ്തുക്കള്‍ കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ക്കായി അവര്‍ സോയയും പരുത്തിയും കൃഷി ചെയ്യുന്നു. വിഷമകാലത്ത് പട്ടിണികിടക്കില്ലെന്ന് ഉറപ്പാക്കുന്നതിനായി റാബി കാലത്ത് അവര്‍ ചോളവും കൃഷി ചെയ്യുന്നു. എന്നാല്‍ കടക്കെണിയില്‍ കുടുങ്ങിയതാണ് ഇപ്പോള്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് കണക്കാക്കപ്പെടുന്നത്. പക്ഷെ കടം കാരണം ജീവിതം അവസാനിപ്പിക്കുക എന്നത് ചിന്തയില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് അത്രാം ബീം റാവു എന്ന ഗോണ്ട കര്‍ഷകന്‍ പറയുന്നു.

മദ്യത്തിന്റെ ഉപഭോഗം കൂടിയതാണ് ആത്മഹത്യ പ്രവണത വര്‍ദ്ധിക്കാന്‍ ഇടയാക്കിയതെന്നും ചൂണ്ടിക്കാണക്കപ്പെടുന്നു. 27 കോടി രൂപയുടെ മദ്യമാണ് ഇതുവഴി വിറ്റഴിക്കപ്പെടുന്നത്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും മദ്യത്തിന് അടിമപ്പെടുന്ന ആദിവാസികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

This post was last modified on December 16, 2016 11:48 am