X

അത് കൊലപാതകമെങ്കില്‍, സുനന്ദ മരിക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു?

ടീം അഴിമുഖം

 

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പുതിയ സംഭവവികാസങ്ങള്‍, അവരെ യാസര്‍ അറഫാത്തിനെ പോലുള്ള അതികായന്മാരുടെ പട്ടികയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ നിന്നും വിദഗ്ധര്‍ കണ്ടെത്തിയ പോളോണിയം-210 ന്റെ സാന്നിധ്യം, അവരുടെ മരണത്തിനു പിന്നില്‍ അന്താരാഷ്ട്ര കുറ്റവാളികള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സൈനഡിനേക്കാള്‍ ആയിരം മടങ്ങ് അപകടകാരിയാണ് പോളോണിയം-210. ആരാണ് അവരുടെ മരണം ആഗ്രഹിച്ചതെന്നും ഇത്രയും ആസൂത്രിതമായി നടപ്പിലാക്കിയതെന്നുമാണ് കൂടുതല്‍ പ്രധാനമായ ചോദ്യം. സിആര്‍പിസി 160 പ്രകാരം അന്വേഷണത്തില്‍ പങ്കാളികളാവണം എന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് എല്ലാ സാക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കും. വെറും മൊഴി രേഖപ്പെടുത്തലിന് ഉപരിയായി ഓരോരുത്തരെയും ഒറ്റയ്ക്കുള്ള കര്‍ശനമായ ചോദ്യം ചെയ്യലിനും വിധേയമാക്കും. തിരുവനന്തപുരം എംപി ശശി തരൂരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കാനും ഡല്‍ഹി പോലീസ് ആലോചിക്കുന്നു. സുനന്ദയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ദ പരിശോധനയ്ക്ക് അയക്കാനുള്ള അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ല.അമേരിക്കയിലോ ബ്രിട്ടനിലോ ആന്തരികാവയവ പരിശോധന നടത്താനാണ് സാധ്യത.

യഥാര്‍ത്ഥത്തില്‍ ആരാണ് സുനന്ദ പുഷ്‌കറിനെ കൊന്നതെന്ന് ഒരിക്കലും വെളിപ്പെടാന്‍ സാധ്യതയില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഡല്‍ഹി പോലീസിന്റെ മോശം അന്വേഷണ വൈദഗ്ധ്യം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ അന്തിമ ഗൂഢാലോചന വെളിപ്പെടാനുള്ള സാധ്യത വളരെ വിരളമായി നിലനില്‍ക്കുന്നു. എന്നാല്‍, പുതിയ വെളിപ്പെടുത്തലുകള്‍ ശശി തരൂരിന്റെ രാഷ്ട്രീയ ജീവിതത്തെ താറടിക്കുക മാത്രമല്ല ഒരു പക്ഷെ നശിപ്പിക്കാന്‍ വരെ സാധ്യതയുണ്ട്. ഒരുപക്ഷെ അതായിരിക്കും പുതിയ സംഭവവികാസങ്ങളുടെ അന്തിമ ഫലവും.

1898-ല്‍ മേരി ക്യൂറി പൊളോണിയം-210 കണ്ടുപിടിച്ചെങ്കിലും, ആണവായുധ വൃത്തങ്ങള്‍ക്കും ആയുധ വ്യവസായത്തിനും അപ്പുറത്തേക്ക് ഇതിന് വലിയ പ്രചാരം ലഭിച്ചിരുന്നില്ല. എന്നാല്‍ സമീപ നൂറ്റാണ്ടുകളില്‍ പൊളോണിയം വിഷം നല്‍കി നടത്തിയ രണ്ട് പ്രധാന കൊലപാതകങ്ങള്‍ ലോകത്തെ പിടിച്ച് കുലുക്കിയതോടെ ഈ രഹസ്യാത്മകത തകര്‍ന്ന് വീണു.

2004 ല്‍ അന്തരിച്ച പാലസ്തീന്റെ ഇതിഹാസ നായകന്‍ യാസര്‍ അറഫാത്ത് കൊല്ലപ്പെട്ടത് പൊളോണിയം വിഷബാധയേറ്റാണെന്നാണ് അനുമാനിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണം പൊളോണിയം വിഷബാധയേറ്റാവാമെന്ന് 2013ല്‍ സ്വീഡിഷ് ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

 

റഷ്യന്‍ അധികാരികളുമായുള്ള തര്‍ക്കങ്ങളുടെ പേരില്‍ ലണ്ടനില്‍ അഭയം പ്രാപിച്ച റഷ്യന്‍ ചാരനായ അലക്‌സാണ്ടര്‍ ലിറ്റ്വിനെനങ്കോ 2006 ല്‍ കൊല്ലപ്പെട്ടത് ചായയില്‍ പൊളാണിയം വിഷം കലര്‍ത്തി നല്‍കിയതിലൂടെയായിരുന്നു. ഇത് അന്താരാഷ്ട്രതലത്തില്‍ വിവാദമാവുകയും നയതന്ത്ര പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

ആണവ വിസ്‌ഫോടന രാസപ്രവര്‍ത്തനങ്ങളിലൂടെ (ആണവനിലയങ്ങളില്‍) നിര്‍മ്മിക്കപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമാണ് പൊളോണിയം. മാത്രമല്ല പുകയില ഉള്‍പ്പെടെയുള്ള പ്രകൃതി വസ്തുക്കളിലും വളരെ ചെറിയ അളവില്‍ ഇത് കണ്ടുവരാറുണ്ട്. ലോകത്താകമാനം ഉള്ള ആണവനിലയങ്ങളില്‍ പ്രതിവര്‍ഷം വെറും 100 ഗ്രാം പൊളോണിയം മാത്രമാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതെന്നാണ് യുഎസ് ആണവ നിയന്ത്രണ കമ്മീഷന്റെ കണക്കുകള്‍ പറയുന്നത്. അതീവ നിയന്ത്രിതമായ രീതിയിലാണ് ഇത് കൈകാര്യം ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരു സാധാരണക്കാരന് ഇത് നിര്‍മ്മിക്കാനോ കൈവശപ്പെടുത്താനോ സാധിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈട്രജന്‍ സൈനഡിനേക്കാള്‍ 250,000 ഇരട്ടി മാരകമാണ് പൊളോണിയം. ഇത് മനുഷ്യശരീരത്തില്‍ രാസപ്രവര്‍ത്തനമല്ല നടത്തുന്നത്. ആല്‍ഫ പദാര്‍ത്ഥങ്ങളുടെ ഒരു സ്ഥിരവികിരണം നടത്തുന്നതിലൂടെ അവയവങ്ങളെയും ടിഷ്യുകളെയും നശിപ്പിക്കുന്നു.

മനുഷ്യശരീരത്തിന്റെ പുറംതോടിനെ ഭേദിക്കാനുള്ള ശേഷി ഇതിനില്ല. എന്നാല്‍ ശ്വസിക്കുകയോ കഴിക്കുകയോ ചെയ്താല്‍ ശരീരത്തിനുള്ളില്‍ ഇത് അല്‍ഫ പദാര്‍ത്ഥങ്ങളുടെ വികിരണത്തിന് കാരണമാവുകയും ആന്തരികാവയവങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുകയും ചെയ്യും. മനുഷ്യശരീരത്തിന്റെ ഉള്ളില്‍ 30 ദിവസം മുതല്‍ 50 ദിവസം വരെ ശേഷിക്കാന്‍ പൊളോണിയത്തിന് സാധിക്കും. ശരീരത്തില്‍ അവശേഷിക്കുന്ന സമയം മുഴുവന്‍ ഇത് അവയവങ്ങളെയും കോശങ്ങളെയും നശിപ്പിക്കുകയും അത്യധികം വേദനാജനകമായ മരണത്തിന് ഹേതുവായി തീരുകയും ചെയ്യും.

പൊളോണിയം വിഷബാധയേല്‍പ്പിക്കല്‍ അത്യപൂര്‍വ സംഭവം ആയതിനാല്‍ ഇതിനുള്ള പ്രതിവിധിയെ സംബന്ധിച്ച് വ്യാപക വിവരങ്ങള്‍ ഇല്ല. എന്നാല്‍ എലികളില്‍ നടത്തിയിട്ടുള്ള ചില പരീക്ഷണങ്ങള്‍ വിജയിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

ഈ വിഷം അത്രയെളുപ്പം നിര്‍മ്മിച്ചെടുക്കാന്‍ സാധ്യമല്ല എന്നതാണ് ഏറ്റവും വലിയ ആശങ്കയ്ക്ക് കാരണമാകുന്നത്. കൊലപാതകത്തിന് പിന്നില്‍ വിദേശകരങ്ങള്‍ ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ പങ്കിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

സംഭവം നടക്കുന്ന ദിവസം മുറിയില്‍ ഉണ്ടായിരുന്ന ശശി തരൂരിന്റെയും അദ്ദേഹത്തിന്റെ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെയും വിശദാംശങ്ങളോടൊപ്പം, 007-ല്‍ അവസാനിക്കുന്ന സുനന്ദ പുഷ്‌കറിന്റെ ഫോണ്‍ നമ്പറില്‍ വന്ന വിളികള്‍ സംബന്ധിച്ച വിവരങ്ങളും പോലീസിന് പരിശോധിക്കേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ അന്ന് ലീല ഹോട്ടലിന്റെ പരിസരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ ഫോണുകളെ കുറിച്ചുള്ള വിവരങ്ങളും പോലീസിന് ശേഖരിക്കേണ്ടിയിരിക്കുന്നു. ഇത് ആയിരക്കണക്കിന് വരുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

 

ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഹോട്ടലില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ വിശദാംശങ്ങളും വീണ്ടും പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. ജോലി ഉപേക്ഷിച്ച ചില ഹോട്ടല്‍ ജീവനക്കാരിലേക്കും അന്വേഷണം നീളുമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ജനുവരി 17നും സമീപ ദിവസങ്ങളിലും ഡല്‍ഹിയിലേക്ക് വരികയും പോവുകയും ചെയ്തവരുടെ പട്ടികയില്‍ നിന്നും എന്തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. പാകിസ്ഥാനും ദുബായിയുമാണ് സംശയിക്കപ്പെടുന്ന സ്ഥലങ്ങള്‍ എന്നാണ് സൂചന.

ജീവിച്ചിരുന്ന സമയത്തെന്ന പോലെ മരണത്തിലും നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ് സുനന്ദ പുഷ്‌കര്‍ യാത്രയായത്. പൊളോണിയം കൈവശപ്പെടുത്താന്‍ ശേഷിയുള്ള ഏത് ഏജന്‍സി അല്ലെങ്കില്‍ വ്യക്തിയാണ് അവരെ കൊലപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നത്? അവരെ അടുത്തറിയാവുന്ന ശശി തരൂരിനെ പോലുള്ളവരിലേക്ക് അന്വേഷണം ചുരുക്കുന്നത് കൊണ്ട് എന്തെങ്കിലും വിവരങ്ങള്‍ പുറത്ത് വരുമോ? അതോ ശശി തരൂരിന് പോലും അറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള വലിയ ഗൂഢാലോചനയാണോ അവരുടെ മരണത്തിലേക്ക് നയിച്ചത്? അങ്ങനെയാണെങ്കില്‍ സുനന്ദ മരിക്കണമെന്ന് ആ ശക്തികള്‍ ആഗ്രഹിച്ചതിന് പിന്നിലുള്ള രഹസ്യങ്ങള്‍ എന്താണ്?

 

This post was last modified on January 8, 2015 11:40 am