X

ജയ്‌റ്റ്ലിയുടെ ബജറ്റിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി, എംപിമാരുടെ ‘യുദ്ധപ്രഖ്യാപനം’: ടിഡിപി എന്‍ഡിഎ വിടുമോ?

ബജറ്റ് മൊത്തത്തില്‍ നിരാശാജനകമാണ് - കേന്ദ്രമന്ത്രി വൈഎസ് ചൗദരി തന്നെ പറഞ്ഞു. ഞായറാഴ്ചത്തെ എംപിമാരുടെ യോഗത്തില്‍ ഞങ്ങള്‍ ഉചിതമായ തീരുമാനമെടുക്കും. എന്ത് ത്യാഗത്തിനും തയ്യാറാണ് - മുന്നണി വിടാന്‍ ടിഡിപി തയ്യാറെടുക്കുന്നു എന്ന സൂചനയാണ് വൈഎസ് ചൗദരി നല്‍കിയത്.

മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ആന്ധ്രപ്രദേശിനെ അവഗണിച്ചതായി തെലുങ്ക്‌ദേശം പാര്‍ട്ടി (ടിഡിപി). ബജറ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് ടിഡിപി നടത്തിയിരിക്കുന്നത്. ബിജെപി സഖ്യത്തില്‍ തുടരണോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ടെലികോണ്‍ഫറന്‍സിംഗ് വഴി ന്യൂഡല്‍ഹിയിലുള്ള പാര്‍ട്ടി എംപിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര ശാസ്ത്ര – സാങ്കേതിക വകുപ്പ് മന്ത്രി വൈഎസ് ചൗദരിയുടെ വീട്ടിലാണ് യോഗം ചേര്‍ന്നത്. എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ് ടിഡിപി.

ബജറ്റ് നിരാശാജനകമാണെന്നും സംസ്ഥാന വിഭജനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ആന്ധ്രപ്രദേശ് പുനസംഘടന നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വാഗ്ദാനങ്ങളും ബജറ്റില്‍ പരാമര്‍ശിക്കുന്നതേ ഇല്ല എന്നും ടിഡിപി എംപിമാര്‍ പറയുന്നു. വിശാഖപട്ടണം റെയില്‍വേ സോണ്‍, പുതിയ തലസ്ഥാനമായ അമരാവതിയുടെ നിര്‍മ്മാണത്തിനായുള്ള ഫണ്ട് വകയിരുത്തല്‍ തുടങ്ങിയവയൊന്നും ഇല്ല – എംപിമാര്‍ പറയുന്നു. ഞങ്ങള്‍ യുദ്ധം പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഞങ്ങള്‍ക്ക് മുന്നില്‍ മൂന്ന് സാധ്യതകളാണുള്ളത്. ഒന്ന് – സഖ്യത്തിലും സര്‍ക്കാരിലും തുടര്‍ന്ന് ശ്രമം നടത്തിക്കൊണ്ടിരിക്കുക. രണ്ട് – പാര്‍ട്ടി എംപിമാര്‍ രാജി വയ്ക്കുക. മൂന്ന് – എന്‍ഡിഎ സഖ്യം വിടുക – ടിഡിപി എംപി ടിജി വെങ്കടേഷ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി നാലിന് വിജയവാഡയില്‍ പാര്‍ട്ടി എംപിമാരുടെ അടിയന്തര യോഗം ചന്ദ്രബാബു നായിഡു വിളിച്ചിട്ടുണ്ടെന്ന് വൈഎസ് ചൗദരി പറഞ്ഞു. സഖ്യത്തില്‍ തുടരണോ എന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയാകും. ബജറ്റ് മൊത്തത്തില്‍ നിരാശാജനകമാണ് – കേന്ദ്രമന്ത്രി വൈഎസ് ചൗദരി തന്നെ പറഞ്ഞു. ഞായറാഴ്ചത്തെ എംപിമാരുടെ യോഗത്തില്‍ ഞങ്ങള്‍ ഉചിതമായ തീരുമാനമെടുക്കും. എന്ത് ത്യാഗത്തിനും തയ്യാറാണ് – മുന്നണി വിടാന്‍ ടിഡിപി തയ്യാറെടുക്കുന്നു എന്ന സൂചനയാണ് വൈഎസ് ചൗദരി നല്‍കിയത്.

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിരവധി തവണ സംസ്ഥാനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര മന്ത്രിമാരേയും സമീപിച്ചിട്ടും ആന്ധ്രയോട് ചിറ്റമ നയമാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചതെന്ന് ശ്രീകാകുളം എംപി കെ രാംമോഹന്‍ നായിഡു പറഞ്ഞു. സംസ്ഥാന വിഭജന കരാറില്‍ വാഗ്ദാനം ചെയ്തിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടി തുച്ഛമായ തുക മാത്രമാണ് കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് അനകപള്ളി എംപി അവന്തി ശ്രീനിവാസ് പറഞ്ഞു. ബജറ്റില്‍ വളരെയധികം നിരാശരാണെന്ന് അനന്ത്പൂര്‍ എംപി ജെസി ദിവാകര്‍ റെഡ്ഡി പറഞ്ഞു.

അമരാവതിയില്‍ മന്ത്രിസഭാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ബിജെപിയുമായി സഖ്യം തുടരണോ എന്ന കാര്യത്തില്‍ ചന്ദ്രബാബു നായിഡു അഭിപ്രായം തേടിയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റെന്ന് നിലയ്ക്ക് സംസ്ഥാനത്തിന് ആവശ്യമായ സഹായം കേന്ദ്രം നല്‍കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ കൊറിക്കാനുള്ള കടല മാത്രമാണ് തന്നതെന്നും ആന്ധ്രപ്രദേശ് കൃഷി മന്ത്രി സി ചന്ദ്രമോഹന്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്തിന്റെ താല്‍പര്യത്തിന് അനുസൃതമായ നിര്‍ണായക തീരുമാനം ടിഡിപി രണ്ട് ദിവസത്തിനുള്ളില്‍ എടുക്കുമെന്നും ചന്ദ്രമോഹന്‍ റെഡ്ഡി പറഞ്ഞു.

This post was last modified on February 2, 2018 2:16 pm