X

ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണ് പെണ്‍കുട്ടികള്‍ വരുന്നതെന്ന പ്രസ്താവന: മഹാരാജാസ് പ്രിന്‍സിപ്പലിനെതിരെ അധ്യാപകര്‍

എന്‍എല്‍ ബീന ഒരു ജൂനിയര്‍ അധ്യാപികയെക്കുറിച്ച് മറ്റ് അധ്യാപകര്‍ക്ക് അപമാനകരമായ സന്ദേശങ്ങള്‍ അയച്ചുവെന്നും അസോസിയേഷന്‍

ചിത്രത്തിന് കടപ്പാട്: മീഡിയ വണ്‍

ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണ് പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നതെന്ന മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍എല്‍ ബീനയുടെ പ്രസ്താവനയ്‌ക്കെതിരെ ഓള്‍ കേരള ഗവണ്‍മെന്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (എകെജിസിടിഎ) രംഗത്ത്. കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കാന്‍ പ്രിന്‍സിപ്പല്‍ അനുവദിച്ചിരുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

മഹാരാജസ് കോളേജിന്റെ ചരിത്രത്തിലിന്നുവരെ ഒരു പ്രിന്‍സിപ്പല്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് എകെജിസിടിഎയുടെ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. കോളേജ് ക്യാമ്പസിനുള്ളിലെ അസഭ്യ ചുവരെഴുത്തുകളുടെ പേരില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിലും ഇതേ പ്രിന്‍സിപ്പല്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ചുവരെഴുത്തുകള്‍ മതസ്പര്‍ദ്ദ വളര്‍ത്തുന്നവയാണെന്ന പ്രിന്‍സിപ്പലിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

പിന്നീട് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രിന്‍സിപ്പല്‍ തന്നെ ഈ ചുവരെഴുത്തുകള്‍ പുറത്തുവിട്ടിരുന്നു. ഇത് പക്വതയില്ലാത്തതും ഉത്തരവാദിത്വമില്ലാത്തതുമായ നടപടിയാണെന്ന് എകെജിസിടിഎ ആരോപിച്ചു. കൂടാകെ പ്രിന്‍സിപ്പല്‍ എന്‍എല്‍ ബീന ഒരു ജൂനിയര്‍ അധ്യാപികയെക്കുറിച്ച് മറ്റ് അധ്യാപകര്‍ക്ക് അപമാനകരമായ സന്ദേശങ്ങള്‍ അയച്ചുവെന്നും അസോസിയേഷന്‍ ആരോപിക്കുന്നു. പുരുഷ അധ്യാപകര്‍ വനിതാ അധ്യാപകരോട് സംസാരിക്കുന്ന ചിത്രങ്ങളും ഇവര്‍ പകര്‍ത്തിയിരുന്നെന്നും ആരോപണമുണ്ട്.

ഫൈസല്‍ റാസി, ഷാന്‍ രൂപ് തുടങ്ങിയ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളെ ഈ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. റാസി ജനപ്രിയത നേടിയ ഒരു സിനിമാ ഗാനം ആലപിക്കുകയും രൂപ് ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബീനയ്‌ക്കെതിരെ എത്രയും വേഗം നടപടിയെടുത്തില്ലെങ്കില്‍ വിദ്യാര്‍ത്ഥി വിരുദ്ധതയ്‌ക്കെതിരെ സ്വാശ്രയ കോളേജുകളില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം സര്‍ക്കാര്‍ കോളേജുകളിലേക്കും വ്യാപിക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

അഞ്ച് വിദ്യാര്‍ത്ഥികളുടെ അറസ്റ്റിന് പിന്നാലെ അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ നടത്തിയ പ്രക്ഷോഭം സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ കോളേജ് മാനേജ്‌മെന്റിന്റെ പിന്തുണ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ലഭിച്ചതോടെ അത് പരിഹരിക്കപ്പെട്ടു.

This post was last modified on January 17, 2017 4:43 pm