X

സ്വകാര്യ കമ്പനികളെ കടത്തിവെട്ടി രാജ്യത്ത് ആദ്യം 5ജി എത്തിക്കാന്‍ ബിഎസ്എന്‍എല്‍

2020 ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും 2022-ഓടെ കേരളത്തിലും 5ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം.

സ്വകാര്യ ടെലികോം കമ്പനികളെ കടത്തിവെട്ടി രാജ്യത്ത് ആദ്യം 5ജി എത്തിക്കാന്‍ ബിഎസ്എന്‍എല്‍. 4ജി എത്തിയപ്പോള്‍ സ്വകാര്യ ടെലികോം കമ്പനികള്‍ അതിവേഗം എല്ലാ സൗകര്യങ്ങള്‍ ഒരുക്കിയതിന് ശേഷമാണ് ബിഎസ്എന്‍എല്ലിന് അതിലേക്ക് എത്താന്‍ കഴിഞ്ഞത്. ഇത് ബിഎസ്എന്‍എല്ലിലേക്ക് പുതിയ ഉപഭോക്താക്കള്‍ എത്തുന്നതിനെ കാര്യമായി ബാധിച്ചിരുന്നു.

ഇത് മുന്‍നിര്‍ത്തിയാണ് സ്വകാര്യ കമ്പനികള്‍ക്ക് മുമ്പേ 5ജി സൗകര്യം കൊണ്ടുവരാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത്. 2020 ഓടെ രാജ്യത്തെ പ്രധാന നഗരങ്ങളിലും 2022-ഓടെ കേരളത്തിലും 5ജി സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനം.

കേരളത്തില്‍ എല്ലാ ജില്ലകളിലും 4 ജി സൗകര്യം എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ അധികൃതര്‍. ഇതോടനുബന്ധിച്ച് ആലപ്പുഴ ജില്ലയില്‍ ബിഎസ്എന്‍എല്‍ ഫോര്‍ജി സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

കേരളത്തില്‍ ബിഎസ്എന്‍എല്‍ 4 ജി സൗകര്യം ലഭ്യമായ നാലാമത്തെ ജില്ലയാണ് ആലപ്പുഴ. ആലപ്പുഴയ്ക്ക് പുറമെ ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലും ബിഎസ്എന്‍എല്‍ ഫോര്‍ജി സൗകര്യം ലഭിക്കുന്നുണ്ട്.