X

സഹോദരിമാരുടെ തൂങ്ങിമരണം; മൂത്തകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോലീസ്

ഇവരുടെ ബന്ധുവിനെയും നാട്ടുകാരനായ ഒരാളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്

രണ്ട് മാസത്തിനിടെ സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പതിനൊന്ന് വയസ്സുള്ള മൂത്ത കുട്ടി ഹൃത്വിക ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച് വ്യക്തമായ സൂചനയുള്ളതായും പോലീസ് അറിയിച്ചു.

ഇവരുടെ ബന്ധുവിനെയും നാട്ടുകാരനായ ഒരാളെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. പാലക്കാട് വാളയാറില്‍ ജനുവരി ഒന്നിനാണ് ഹൃത്വികയെ വീടിനുള്ളില്‍ ഉത്തരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ പെണ്‍കുട്ടി ശരണ്യയെയും ഇതേസ്ഥലത്ത് തന്നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് സംഭവങ്ങളിലെയും സമാനതകളാണ് കേസിനെ ദുരൂഹമാക്കിയത്.

ശരണ്യയാണ് മൂത്ത കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. അന്നേദിവസം മുഖംമൂടിയ രണ്ട് പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി ശരണ്യ പോലീസിന് മൊഴിനല്‍കിയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഇളയ കുട്ടിയെയും മരിച്ചതായി കണ്ടെത്തിയത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ മടങ്ങിയെത്തിയപ്പോഴാണ് ശരണ്യ തൂങ്ങി മരിച്ചു നില്‍ക്കുന്നത് കണ്ടത്. നാട്ടുകാരും ബന്ധുക്കളും സംഭവങ്ങളില്‍ ദുരൂഹത ആരോപിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

രണ്ട് സംഭവം നടക്കുമ്പോഴും മുത്തശ്ശിയും ഇളയ ആണ്‍കുട്ടിയും പുറത്തുപോയിരുന്നു. ഒറ്റമുറി വീടിന്റെ ഉത്തരം കട്ടിലില്‍ കയറി നിന്നാല്‍ പോലും ഈ കുട്ടികള്‍ക്ക് എത്താത്ര ഉയരത്തിലുള്ളതാണെന്നതും സംഭവത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടികള്‍ താമസിച്ചിരുന്നത്. മാതാപിതാക്കള്‍ മദ്യത്തിനടിമകളാണെന്നും വീട്ടില്‍ കലഹം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.

This post was last modified on March 6, 2017 2:20 pm

Related Post
Leave a Comment