X

കുളത്തൂപ്പുഴയില്‍ ഏഴ് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷവും പീഡിപ്പിച്ച കേസില്‍ പ്രതി രാജേഷ് കുറ്റക്കാരന്‍

വിധി നാളെ, വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

കൊല്ലം കുളത്തൂപ്പുഴയില്‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. പ്രതിയായ രാജേഷ്(27) ആണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

കുട്ടിയുടെ മാതാവിന്റെ സഹോദരിയുടെ സുഹൃത്ത് ആണ് രാജേഷ്. ഏരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2017 സെപ്തംബര്‍ 27നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. രാവിലെ മുത്തശ്ശിക്കൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക് പോയ പെണ്‍കുട്ടിയെ രാജേഷ് കാത്തുനിന്ന് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ട്യൂഷന്‍ സെന്ററില്‍ എത്തിക്കാമെന്ന് പറഞ്ഞാണ് കുളത്തൂപ്പുഴ വടക്കേ ചെറുകരയ്ക്ക് സമീപത്തെ കാട്ടിലെത്തിച്ചത്. കാട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ ചെരുപ്പും ബാഗും കണ്ടെത്തിയിരുന്നു.

കുളത്തൂപ്പുഴ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി നാട്ടുകാര്‍ ആരോപിച്ചിരുന്നു. കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് രാജേഷ് ആണെന്ന് കുട്ടിയെ കാണാതായപ്പോള്‍ തന്നെ തെളിഞ്ഞിട്ടും പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാലാണ് കൊലപാതകം നടന്നതെന്നായിരുന്നു നാട്ടുകാരുടെ വാദം. രാജേഷ് പെണ്‍കുട്ടിയുമായി ബസില്‍ കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടു.

ഏറെ നാളായി കുട്ടിയുടെ അമ്മയുമായി പിരിഞ്ഞ് ജീവിക്കുന്ന അച്ഛന്‍ കൂട്ടിക്കൊണ്ട് പോയെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. ഏരൂര്‍ പോലീസില്‍ പരാതി നല്‍കിയതും ഈ വിധത്തിലായിരുന്നു. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ സെപ്തംബര്‍ 27ന് ഉച്ചയോടെ സോഷ്യല്‍ മീഡിയയില്‍ രാജേഷിന്റെ ചിത്രം ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നല്‍കിയിരുന്നു. കുട്ടിയെ രാജേഷ് തട്ടിക്കൊണ്ട് പോയെന്നും കണ്ടെത്തുന്നവര്‍ ഉടന്‍ വിവരമറിയിക്കണമെന്നുമായിരുന്നു പ്രചരണം. അന്ന് വൈകിട്ടോടെയാണ് കുളത്തൂപ്പുഴ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷനില്‍ നിന്നും രാജേഷിനെ പോലീസ് പിടികൂടിയത്. പിറ്റേന്ന് രാവിലെ ആറ് മണിയോടെ ഇതേ എസ്റ്റേറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ലൈംഗിക താല്‍പര്യമാണ് കുളത്തൂപ്പുഴ എസ്റ്റേറ്റിലേക്ക് കൂട്ടിയെ കൂട്ടിവരാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു മൊഴി. ഉച്ചയോടെയാണ് എസറ്റെറ്റിലെത്തിയതെന്നും പിന്നീട് ലൈംഗികമായി കുട്ടിയെ പീഡിപ്പിച്ച ശേഷം തിരികെ വരാന്‍ ഉദ്ദേശിച്ചുവെങ്കിലും എസ്റ്റേറ്റിലെ തൊഴിലാളികള്‍ കാണുമോ എന്ന ഭയത്താല്‍ അവിടെ തന്നെ തുടരുകായായിരുന്നു. പിന്നീട് കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുത്തതായും പ്രതി പോലീസിനോട് പറഞ്ഞു. രാത്രിയില്‍ തിരികെ വീട്ടിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ താന്‍ നടന്നതെല്ലാം വീട്ടില്‍ പറയുമെന്ന് കുട്ടി രാജേഷിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് കഴുത്ത് ഞെരിച്ച് കൊന്നതെന്നും രാജേഷ് വെളിപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷവും മൃതദേഹവും ലൈംഗികമായി ഉപയോഗിച്ചതായി ഇയാള്‍ പോലീസിനോട് അറിയിച്ചിരുന്നു.

കുട്ടിയെ കാണായതായതെന്ന പരാതി ലഭിച്ച ഉടനെ പൊലിസ് അന്വേഷിച്ചിരുന്നുവെങ്കില്‍ കുട്ടിയുടെ ജിവന്‍ നഷ്ടപെടില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതി രാജേഷ് വെളിപ്പെടുത്തിയതിനനുസരിച്ച് രാത്രിയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. റോഡിനോട് ചേര്‍ന്ന പാറക്കെട്ടിലാണ് ഇയാള്‍ കുട്ടിയുമായി ഒരു ദിവസം മുഴുവന്‍ ഒളിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് ഊരുവിലക്കേര്‍പ്പെടുത്തിയതും നാട്ടില്‍ നിന്നും ഓടിക്കാന്‍ ശ്രമിച്ചതും വിവാദമായിരുന്നു.

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാവും നാട്ടുകാരും എത്തിയിരുന്നു.

read more:യൂണിവേഴ്‌സിറ്റി കോളേജിലേത് വധശ്രമക്കേസ് മാത്രമല്ല; അധികാരത്തിന്റെ തണലില്‍ നടക്കുന്ന സംഘടിത ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍

This post was last modified on July 16, 2019 2:10 pm